ഒക്ടോബര്‍ 3, 1935
80. ഭഗവാനോട് വളരെ ഭക്തിയുള്ള ഒരു എളിയ ഭക്തന്റെ മൂന്നു വയസ്സുള്ള ഒരേ പുത്രി മരിച്ചുപോയി. അദ്ദേഹം അടുത്തദിവസം തന്നെ ദാരങ്ങളുമായി ആശ്രമത്തില്‍ വന്നു. ഇവരെ ഭഗവാന്‍ ഇപ്രകാരം സമാധാനപ്പെടുത്തി.
മനസ്സിന്റെ പരിശീലനം മൂലം ഒരുത്തന് എത്ര ദുഃഖങ്ങളെയും സഹിക്കാന്‍ കരുത്തുണ്ടാകുന്നു. എന്നാല്‍ തന്റെ ഒരിളം കുഞ്ഞിന്റെ വേര്‍പാട് ദുഃഖങ്ങളെക്കാളും കടുപ്പമാണ്. നമുക്കൊരു നിര്‍ണ്ണീത രൂപം ഉണ്ടെന്നു നാം കരുതുന്നിടത്തോളമേ ദുഃഖം നമ്മെ ബാധിക്കുകയുള്ളൂ. നാം നമ്മുടെ സാങ്കല്‍പിക രൂപത്തെ അതിക്രമിച്ചു നിന്നാല്‍ ശാശ്വതമായ ആത്മരൂപത്തില്‍ നില്‍ക്കാം. മരണവുമില്ല, ജനനവുമില്ല, ജനിച്ചിരിക്കുന്നത് ദേഹമാണ്. ദേഹമെന്നത് അഹന്തയുടെ പ്രദര്‍ശനമാണ്, എന്നാലും ദേഹത്തെക്കൂടാതെ അഹന്ത വര്‍ത്തിക്കുന്നില്ല. അതെപ്പോഴും ദേഹത്തോടു ചേര്‍ന്നേ ഇരിക്കുകയുള്ളൂ. എന്നാലും ഈ ചേരുവയില്‍ അഹന്തയാണ് മുഖ്യം. ഇത് ജാഗ്രത്തിലേ പ്രത്യക്ഷമാകുന്നുള്ളൂ. ഉറക്കത്തില്‍ പ്രത്യക്ഷമല്ല. അഹന്ത ഒടുങ്ങിയിരിക്കുമ്പോഴും നാമില്ലേ?
ഏതുണര്‍ന്നാല്‍ എല്ലാം ഉണരുന്നുവോ ഏതൊടുങ്ങിയാല്‍ എല്ലാം ഒടുങ്ങിയിരിക്കുന്നുവോ ആ അഹന്ത എവിടെ നിന്നുമുണ്ടാകുന്നുവെന്നു ശ്രദ്ധിച്ചാല്‍ ആത്മാവായ തന്നില്‍ (ആത്മാവില്‍) നിന്നും തന്നെയെന്നു മനസ്സിലാക്കാം. അവ്യക്തമായിട്ടെങ്കിലും ഇതിനെ ഗ്രഹിക്കാന്‍ ശ്രമിക്കുന്നിടത്ത് മനസ്സ് താഴുന്നത് കാണാം. മനസ്സു മായുന്തോരും സ്വരൂപം മേല്‍ക്കുമേല്‍ വ്യക്തമായിക്കൊണ്ടിരിക്കും. മനസ്സു പൂര്‍ണ്ണമായി നശിച്ചാല്‍ സ്വസ്വരൂപം അവിടെത്തന്നെ പ്രകാശിക്കും. അവിടെ നാനാജീവന്മാരില്ല, ജനനമില്ല, മരണമില്ല, ഏതു ദുഃഖവും തെല്ലുമില്ല.
ഒരാള്‍ ജനിച്ചതു, താനാണെന്നു കരുതുകയാണെങ്കില്‍ അയാള്‍ക്കു മരണഭയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല. ജനിക്കുന്നത് ദേഹമാണ്, നാമല്ല, ശരീരം മനസ്സിന്റെ ഉള്ളടക്കമാണ്. അതിനാല്‍ അഹന്ത മനസ്സിന്റെ ഉദയമാണ് ജനനം. ഈ ജനനമാണ് ദുഃഖത്തിനു മൂലകാരണം. അഹന്ത എവിടെ നിന്നും ഉദിക്കുന്നു എന്നു ഉറ്റുനോക്കിയാല്‍ അത് അതിന്റെ ആദികാരണമായ ആത്മാവിലൊടുങ്ങും. ജനമൃതിയറ്റ ശാശ്വത അഖണ്ഡാത്മസ്വരൂപമായി നാം മാത്രമവശേഷിക്കും. ജനനമെന്നും മരണമെന്നും സങ്കല്‍പിച്ചു ദുഃഖിക്കുന്ന അഹന്ത നിര്‍വ്വിശേഷം നശിച്ച സ്ഥാനമാണത്.
ചോ: ഈ അവസ്ഥയെ പ്രാപിക്കുന്നതെങ്ങനെ?
ഉ: ജനനമരണം. വൃദ്ധിക്ഷയങ്ങള്‍, എല്ലാം സങ്കല്‍പങ്ങള്‍ മാത്രം. സങ്കല്‍പങ്ങള്‍ പൂര്‍വ്വജന്മാര്‍ജിത വാസനയുടെ ഫലമാണ്. അവ തീരെ ഒഴിഞ്ഞു മാറണം. അതൊന്നേ നാം ചെയ്യേണ്ടിയുള്ളൂ. വാസനയറ്റിടത്ത് നമ്മുടെ ശുദ്ധ ആത്മസ്വരൂപം പ്രകാശിക്കും.
ചോ: ശരിയായി മനസ്സിലാകുന്നില്ല.
ഉ: താന്‍ (ആത്മാവ്) ശാശ്വതനാണെന്നെല്ലാവര്‍ക്കും മനസ്സിലാക്കാം. അതുകൊണ്ടാണ് മറ്റു മരണങ്ങളെ കണ്ടിട്ടും തന്റെ മരണത്തെ ആരും ഓര്‍മ്മിക്കാതിരിക്കുന്നത്. അത് സത്യമാണ്. തന്റെ മരണത്തെ ആരും കാണുന്നുമില്ലല്ലോ. ഇതില്‍ക്കൂടി പ്രകൃതി തന്നെ ആ സത്യത്തെ ബലപ്പെടുത്തുകയാണ്. എങ്ങനെയെന്നറിയാന്‍ പാടില്ലെങ്കിലും അത്തരമൊരു വിശ്വാസം പ്രകൃത്യാ തന്നെ എല്ലാവരിലും രൂഢമൂലമായിരിക്കുന്നുണ്ട്. ആത്മാവിന്റെ അനശ്വര പ്രതിഭയെ ദേഹത്തില്‍ പകര്‍ന്നു വച്ച് അനര്‍ത്ഥങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ് നാം ചെയ്യുന്ന ദോഷം. ഈ അനര്‍ത്ഥവും ഭ്രാന്തിയും ഒഴിയണം.
ചോ: അതെങ്ങനെ ഒഴിയും?
ഉ: ജനിച്ചതു മരിച്ചേ തീരൂ. ഉണ്ടായത് ഇല്ലാതാവുകയും ചെയ്യും. ഭ്രാന്തി അഹന്തയോടു ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. അഹന്ത തോന്നുകയും ഒഴിയുകയും ചെയ്യുന്നതായിരിക്കുന്നു. ആത്മാവോ ഉദിക്കുകയോ മറയുകയോ ചെയ്യുന്നില്ല. പാരമാര്‍ത്ഥികനായ സദ്‌ഗുരുവിന്റെ ഈ അരുള്‍ വചനങ്ങളെ കേട്ട് അതിന്റെ പൊരുളിനെ മനനം ചെയ്തു, ധ്യാനിച്ച് ശിഷ്യനും ആ ഉണ്മയെ അനുഭവിച്ചറിയുന്നു. ശാശ്വതനായ ആത്മാവിന്റെ അനുഭവവും ശാശ്വതമാണ്. അതിനെ മറക്കുന്ന ഭ്രാന്തിയെയാണ് നാം മാറ്റേണ്ടത്. ഗുരുശ്രവണമാത്രംതന്നെ ഈ ഭ്രാന്തിയൊഴിഞ്ഞു മാറുന്നുവെന്നു ചിലര്‍ പറയുന്നു. ശ്രവിച്ചതിനെ മനനം ചെയ്തശേഷമേ മാറുകയുള്ളൂവെന്നു മറ്റു ചിലര്‍ പറയുന്നു. രണ്ടും സത്യമാണ്, അധികാരിഭേദത്താല്‍ ഇരുവിധത്തിലുമാകാം.
ചോ: ധ്യാനം ഒഴിച്ചുകൂടാത്തതാണോ?
ഉ: മണ്ണും മലയും കൂടി ധ്യാനത്തിലിരിക്കുന്നുണ്ടെന്ന് ഉപനിഷത്തുകള്‍ ഘോഷിക്കുന്നു.
ചോ: പരിശ്രമവും കര്‍മ്മമാണോ? കര്‍മ്മം കര്‍മ്മഭാരത്തെ വര്‍ദ്ധിപ്പിക്കുകയല്ലേ ചെയ്യൂ? അതെങ്ങനെ ജ്ഞാനസാധനയാകും?
ഉ: ‘ഞാന്‍, എന്റേതുകള്‍’ എന്ന അഭിമാനം വിട്ടു ചെയ്താല്‍ കര്‍മ്മം ചിത്തശുദ്ധിയെയും അതുമുഖേന ഏകാഗ്രതയെയും ഉളവാക്കും. ഏകാഗ്രമായ ഹൃദയത്തില്‍ സത്യം സ്വയം പ്രകാശിക്കും.
ചോ: മറ്റു കര്‍മ്മങ്ങളെയെല്ലാം ഒഴിച്ചിട്ട് ധ്യാനത്തില്‍പെട്ടു കഴിയുന്നത് നല്ലതല്ലേ?
ഉ: ചെയ്തുനോക്കിയാലറിയാം. വാസനകള്‍ അതിനനുവദിക്കുകയില്ല. വാസനകള്‍ ഒഴിഞ്ഞൊഴിഞ്ഞു വരവേ, ഗുരുകാരുണ്യവശാല്‍ പരിപാകതവന്ന് ധ്യാനം നിലച്ചു നില്‍ക്കും.