യ ഇദം ലീലയാ വിശ്വം സൃജത്യവതി ഹന്തി ച
ചേഷ്ടാം വിശ്വസൃജോ യസ്യ ന വിദുര്‍മോഹിതാജയാ (10-57-15)
യഃ സപ്തഹായനഃ ശൈലമുല്‍പ്പാട്യൈകേന പാണിനാ
ദധാര ലീലയാ ബാല ഉച്ഛിലീന്ധ്രമിവാര്‍ഭകഃ (10-57-16)
നമസ്തസ്മൈ ഭഗവതേ കൃഷ്ണായാദ്ഭുതകര്‍മ്മണേ
അനന്തായാദിഭൂതായ കൂടസ്ഥായാത്മനേ നമഃ (10-57-17)

ശുകമുനി തുടര്‍ന്നു:
സ്വന്തം പിതൃസഹോദരപുത്രന്മാരായ കൗരവന്മാരാല്‍ പാണ്ഡവന്മാര്‍ ജീവനോടെ ദഹിപ്പിക്കപ്പെട്ടു എന്നറിഞ്ഞ കൃഷ്ണന്‍ ഹസ്തിനപുരത്തേക്കു പുറപ്പെട്ടു. കൃഷ്ണന്റെ അസാന്നിദ്ധ്യം മുതലെടുത്ത്‌ അക്രൂരനും കൃതവര്‍മ്മാവും ശതധന്വാവിനെ കൊണ്ട്‌ സത്രാജിത്തിനെ കൊല്ലാനും സ്യമന്തകം തട്ടിയെടുക്കാനും പദ്ധതിയിട്ടു. സത്രാജിത്ത്‌ ഉറങ്ങിക്കിടക്കുമ്പോള്‍ ശതധന്വാവ്‌ അദ്ദേഹത്തെ വധിച്ച്‌ രത്നവുമായി കടന്നുകളഞ്ഞു. അഛന്റെ നിര്യാണത്തില്‍ ദുഃഖാകുലയായ സത്യഭാമ ഉടനെ തന്നെ ഹസ്തിനപുരത്തേക്ക്‌ പോയി കൃഷ്ണനോട്‌ പരാതി പറഞ്ഞു.

കൃഷ്ണന്‍ ദ്വാരകയിലേക്ക്‌ മടങ്ങി. ദുഷ്ടരെ ശിക്ഷിക്കാനുറച്ചാണ്‌ അദ്ദേഹം വന്നത്‌. പേടിച്ചരണ്ട ശതധന്വാവ്‌ അക്രൂരനെയും കൃതവര്‍മ്മാവിനെയും സമീപിച്ചു. അവരാണല്ലോ പ്രേരണ ചെലുത്തി അവനെക്കൊണ്ട്‌ ക്രൂരകൃത്യം ചെയ്യിച്ചത്. കൃതവര്‍മ്മന്‍ സഹായം ചെയ്യാന്‍ വയ്യെന്നു പറഞ്ഞൊഴിഞ്ഞു. അക്രൂരന്‍ പറഞ്ഞു: ‘കൃഷ്ണനെയും ബലരാമനെയും ശത്രുവാക്കാന്‍ ആര്‍ക്കു കഴിയും? കൃഷ്ണന്റെ ലീലയാണ്‌ ഈ വിശ്വത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍. അദ്ദേഹത്തിന്റെ ദിവ്യശക്തികളും ചെയ്തികളും സാധാരണക്കാരായവര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാത്തത്‌ അവിടുത്തെത്തന്നെ മായാശക്തിയാലത്രെ. ഏഴു ദിവസം ഒറ്റക്കയ്യു കൊണ്ട്‌ മലയുയര്‍ത്തിപ്പിടിച്ചവനെ എതിരിടാന്‍ നമുക്കാവുമോ? അതിശയമായ പ്രവൃത്തിവിശേഷങ്ങളുളള ഭഗവാന്‍ കൃഷ്ണനെ ഞാന്‍ നമിക്കുന്നു. അദ്ദേഹം എല്ലാവരുടെയും ഉളളിന്റെ ഉള്ളിലെ സത്തയത്രെ.’ ശതധന്വാവ്‌ അക്രൂരന്റെ കയ്യില്‍ രത്നമേല്‍പ്പിച്ച്‌ അവിടെനിന്നും ഓടിപ്പോയി. കൃഷ്ണന്‍ അവനെ പിന്തുടര്‍ന്നു്‌ അവന്റെ ഗളഛേദം ചെയ്തു. അവന്റെ ശരീരത്തില്‍ പരിശോധന നടത്തിയിട്ട്‌ സ്യമന്തകം കാണായ്കയാല്‍ കൃഷ്ണന്‍ വ്യസനിച്ചു. അവനെ വധിച്ചതു വൃഥാവിലായി. രത്നം അവന്റെ കൈവശമായിരുന്നില്ല. ശതധന്വാവ്‌ തന്റെ സുഹൃത്തിന്റെ കയ്യില്‍ രത്നം ഏല്‍പ്പിച്ചിട്ടുണ്ടാവും എന്ന്‌ ബലരാമന്‍ അഭിപ്രായപ്പെട്ടു. എന്നിട്ട്‌ ബലരാമന്‍ മിഥിലയില്‍ ജനകമഹാരാജാവിന്റെ അടുക്കല്‍ കുറച്ചു സമയം ചെലവഴിച്ചു. അവിടെ വച്ചാണ്‌ ദുര്യോധനന്‍ ഗദായുദ്ധസമ്പ്രദായങ്ങള്‍ ബലരാമനില്‍ നിന്നും അഭ്യസിച്ചത്.

കാര്യങ്ങളെല്ലാമറിഞ്ഞ് അക്രൂരന്‍ രത്നവുമായി ദ്വാരകയില്‍ നിന്നും യാത്രയായി. അക്രൂരന്റെ പിതാവ്‌ ഇന്ദ്രപദവിയിലെത്തിയിരുന്നു. മഴയുടെ ദേവനാണല്ലോ ഇന്ദ്രന്‍‍. അതുകൊണ്ട്‌ തന്റെ പുത്രന്‍ അക്രൂരനുളളിടത്തെല്ലാം മഴ സമൃദ്ധമായിരുന്നു. അക്രൂരന്‍ ദ്വാരക വിട്ടപ്പോഴേക്കും അവിടെ ദുഃശകുനങ്ങള്‍ കണ്ടു തുടങ്ങി. ഭഗവാന്‍ വാണിരുന്ന ദ്വാരകയില്‍ ദുഃശകുനങ്ങള്‍ എങ്ങനെ കാണപ്പെടാനാണ്‌? ജനങ്ങളുടെ തോന്നലാവും അത്‌. എന്നാല്‍ കൃഷ്ണന്‍ ഇതറിഞ്ഞ് അക്രൂരനോട്‌ തിരിച്ചുവരാനഭ്യര്‍ത്ഥിച്ചു: ‘ശതധന്വാവ്‌ രത്നം അങ്ങയെ ഏല്‍പ്പിച്ചു എന്നത്‌ ശരിതന്നെ. എന്നാല്‍ മരണപ്പെട്ട സത്രാജിത്തിന്റെ സ്വത്താണത്‌. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ മക്കള്‍ക്കും കുട്ടികള്‍ക്കും അവകാശപ്പെട്ടതുമാണ്‌. എന്നാല്‍ അങ്ങത്‌ സത്യഭാമയ്ക്കു നല്‍കണം എന്ന്‌ ഞാന്‍ പറയുന്നില്ല. അവിടുന്ന് സത്യസന്ധനും വിശ്വസിക്ക‍ാന്‍ കൊളളാവുന്നവനുമായതിനാല്‍ സ്യമന്തകം സ്വയം സൂക്ഷിച്ചു കൊള്‍ക. എന്നാല്‍ എല്ലാവരുടെയും സംശയങ്ങള്‍ ദൂരീകരിക്കാന്‍ അതിനെ സഭയില്‍ കാണിക്കുക.’ അക്രൂരന്‍ അങ്ങനെ ചെയ്തു. അങ്ങനെ സ്യമന്തകവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും ജനം കൃഷ്ണനോട്‌ ക്ഷമിച്ചു.

ഈ അത്ഭുതകരമായ കഥ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവര്‍ക്ക്‌ പാപവിമോചനവും അപവാദങ്ങളില്‍നിന്നു വിടുതലും മനഃശാന്തിയും ലഭ്യമത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF