നമഃ പങ്കജനാഭായ നമഃ പങ്കജമാലിനേ
നമഃ പങ്കജനേത്രായ നമസ്തേ പങ്കജാങ്ഘ്രയേ (10-59-26)
നമോ ഭഗവതേ തുഭ്യം വാസുദേവായ വിഷ്ണവേ
പുരുഷായാദിബീജായ പൂര്‍ണ്ണബോധായ തേ നമഃ (10-59-27)

ശുകമുനി തുടര്‍ന്നു:
ഭൂമീദേവിയുടെ പുത്രനായ നരകാസുരന്‍ ഇന്ദ്രന്റെ കുടയും ഇന്ദ്രമാതാവിന്റെ കുണ്ഡലങ്ങളും മോഷ്ടിച്ചു. ഇതറിഞ്ഞ കൃഷ്ണന്‍ സത്യഭാമയെയും കൂട്ടി പ്രാജ്യോതിഷപുരം എന്ന സ്ഥലത്തേയ്ക്കു പറന്നു. പട്ടണത്തിനു ചുറ്റും കുറെ കോട്ടകളും ആയുധങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ കൃഷ്ണന്‍ അവയെ തന്റെ ഗദകൊണ്ട്‌ തരിപ്പണമാക്കി. കോട്ടയുടെ മതിലുകള്‍ കൃഷ്ണന്റെ ഗദയുടെ അടിയേറ്റു തകര്‍ന്നു. കൃഷ്ണന്റെ ശംഖധ്വനിയുടെ തീവ്രതയില്‍ ആയുധങ്ങളും നശിപ്പിക്കപ്പെട്ടു. അപ്പോഴേക്കും അഞ്ചു തലയുളള മുരന്‍ എന്ന രാക്ഷസന്‍ തന്റെ വാസസ്ഥലമായ കടലില്‍ നിന്നും കയറി വന്നു്‌ ത്രിശൂലവുമായി കൃഷ്ണനു നേരെ ആക്രമണത്തിന്‌ തയ്യാറായി. രാക്ഷസന്‍ സൂര്യതുല്യനും ആളിക്കത്തുന്ന തീപോലുളളവനുമായിരുന്നു. അവന്റെ അലര്‍ച്ച ഭൂമിയെ കുലുക്കി. രണ്ടസ്ത്രം കൊണ്ട്‌ കൃഷ്ണന്‍ ത്രിശൂലത്തെ മുറിച്ചെടുത്തു. പിന്നീട്‌ അവന്റെ വായില്‍ ആഞ്ഞൊരിടിയും. മുരന്‍ തന്റെ ഗദ വീശി. കൃഷ്ണനും തിരിച്ചടിച്ചു. താമസംവിനാ കൃഷ്ണന്‍ അവന്റെ തലകളഞ്ചും അറുത്തു. പര്‍വ്വതം കണക്കെ അവന്‍ ചത്തു മലച്ചു. മുരന്റെ ഏഴു പുത്രന്‍മാരും കൃഷ്ണനെ എതിര്‍ത്തു. അവരെയും അവരുടെ ആയുധങ്ങളെയും കൃഷ്ണന്‍ തകര്‍ത്തു കളഞ്ഞു.

നരകാസുരന്‍ സ്വയം കൃഷ്ണനെ ആക്രമിക്കാന്‍ വന്നു. അയാള്‍ കടലാനകളാല്‍ ചുറ്റപ്പെട്ട്‌ ആഗതനായി. കൃഷ്ണന്‍ സത്യഭാമയുമൊരുമിച്ച്‌ ഒരാകാശരഥത്തില്‍ വന്നു. നരകാസുരന്‍ ഒരു ചാട്ടുളി അവര്‍ക്കു നേരെ വീശി. കൃഷ്ണന്‍ തിരികേ അയച്ച ആയുധത്തിന്‌ രണ്ടു ചിറകുകളുണ്ടായിരുന്നു. അത്‌ നരകന്റെ പടയെ നാമാവശേഷമാക്കി. ഗരുഡവാഹനമേറി കൃഷ്ണന്‍ അസുരന്റെ ആനകളെയും നശിപ്പിച്ചു. അവ നഗരത്തില്‍ കയറാന്‍ തുടങ്ങിയിരുന്നു. നരകന്‍ ഒറ്റക്ക്‌ കൃഷ്ണനെ എതിരിട്ടു. പണ്ട്‌ ഇന്ദ്രന്റെ മേഘാസ്ത്രത്തിനു നേരെ ഉപയോഗിച്ച്‌ വിജയിച്ച അതേ അസ്ത്രം ഗരുഡനു നേരെ പ്രയോഗിച്ചെങ്കിലും അത്‌ വൃഥാവിലായി. അസുരന്‍ വേരൊരസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങും മുന്‍പ്‌ കൃഷ്ണന്റെ ചക്രായുധം അവന്റെ കഥ കഴിച്ചു. അസുരന്റെ ബന്ധുമിത്രാദികള്‍ ദുഃഖിച്ചു. ബ്രാഹ്മണരും മഹാത്മാക്കളും സന്തോഷിച്ചു.

അസുരന്റെ മാതാവ്‌ കുണ്ഡലങ്ങള്‍ തിരിച്ചു നല്‍കി. വൈജയന്തി എന്ന്‌ പേരുളള മാലയും വരുണന്റെ കുടയും മണിപര്‍വ്വതവും കൃഷ്ണനു തിരിച്ചു നല്‍കി. അവര്‍ കൃഷ്ണനോട്‌ പ്രാര്‍ത്ഥിച്ചു: ‘നാഭിയില്‍ താമരയുളള ആ ഭഗവാനായിക്കൊണ്ടു നമസ്കാരം. താമരപ്പൂമാലയിട്ടവനും താമരക്കണ്ണുകളുളളവനും താമരക്കൈകളുളളവനുമായ ആ പരമപുരുഷനു നമോവാകം. അങ്ങാണ്‌ സകലതിന്റെയും സ്രഷ്ടാവും പ്രഭുവും. ദയവായി നരകന്റെ മകനായ ഈ ബാലനെ അനുഗ്രഹിച്ചാലും.’

ബാലനെ അനുഗ്രഹിച്ചിട്ട്‌ കൃഷ്ണന്‍ നരകന്റെ കൊട്ടാരത്തില്‍ കയറി. അവിടെ അസുരന്‍ തടവിലാക്കിയിരുന്ന പതിനാരായിരം രാജകുമാരിമാരെ സ്വതന്ത്രരാക്കി. അവരെല്ലാം ഐകകണ്ഠേന കൃഷ്ണനെ ഭര്‍ത്താവായി വരിക്കാന്‍ ആഗ്രഹിച്ചു. കൃഷ്ണന്‍ തന്റെ ദിവ്യശക്തിയാല്‍ അനേകം വ്യക്തികളായി പെരുകി ഓരോ കൊട്ടാരവുമുണ്ടാക്കി ഉത്തമനായ ഗൃഹസ്ഥനായി സഹധര്‍മ്മിണികളുമായി ജീവിച്ചു.

നരകാസുരനുമായുളള യുദ്ധം അന്നുണ്ടായിരുന്നേക്കാവുന്ന ആണവായുധങ്ങളെപ്പറ്റിയും മുങ്ങിക്കപ്പലുകളെപ്പറ്റിയുമുളള വിവരണങ്ങളാല്‍ തുലോം ആകര്‍ഷകമത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF