നന്വേവമേതദരവിന്ദ വിലോചനാഹ
യദ്വൈ ഭവാന്‍ ഭഗവതോഽസദൃശീ വിഭ്രമ്നഃ
ക്വ സ്വേ മഹിമ്ന്യഭിരതോ ഭഗവാംസ്ത്ര്യധീശഃ
ക്വാഹം ഗുണപ്രകൃതിരജ്ഞഗൃഹീതപാദാ (10‌‌‌‌‌‌‌‌-60-33)
സത്യം ഭയാദിവ ഗുണേഭ്യ ഉരുക്രമാന്തഃ
ശേതേ സമുദ്ര ഉപലംഭനമാത്ര ആത്മാ
നിത്യം കദിന്ദ്രിയഗണൈഃ കൃതവിഗ്രഹസ്ത്വം
ത്വത്സേവകൈര്‍നൃപപദം വിധുതം തമോഽന്ധം (10-60-34)
നിഷ്കിഞ്ചനോ നനു ഭവാന്‍ ന യതോഽസ്തി കിഞ്ചിദ്
യസ്മൈ ബലിം ബലിഭുജോഽപി ഹരന്ത്യജാദ്യാഃ
ന ത്വാ വിദന്ത്യസുതൃപോഽന്തകമാഢ്യതാന്ധാഃ
പ്രേഷ്ഠോ ഭവാന്‍ ബലിഭുജാമപി തേഽപി തുഭ്യം (10-60-36)

ശുകമുനി തുടര്‍ന്നു:
അങ്ങനെ കൃഷ്ണനാല്‍ സാന്ത്വനിപ്പിക്കപ്പെട്ട രുക്മിണി ഇങ്ങനെ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ അങ്ങയേപ്പോലെയല്ല. ശരിതന്നെ. അവിടുന്ന് പരംപൊരുളത്രെ. ത്രിമൂര്‍ത്തികളാല്‍ ആരാധിക്കപ്പെടുന്നുവന്‍ . ഞാനോ ഗുണാധിഷ്ഠമായ ദ്രവ്യരൂപയും അജ്ഞാനികളാല്‍ പരിസേവിക്കപ്പെടുന്നവളും. അങ്ങ്‌ ഭക്തഹൃദയമാവുന്ന സമുദ്രത്തിലാണു വസിക്കുന്നത്‌ എന്നു പറഞ്ഞതു സത്യം. പ്രകൃതിഗുണങ്ങളെ പേടിച്ചാണല്ലോ അവിടെക്കഴിയുന്നത്‌. ദുഷ്ടരായ ഇന്ദ്രിയങ്ങളുടെ ശത്രുവാണവിടുന്ന്‌. അവിടുത്തെ സേവകന്മാര്‍പോലും പരമാധികാരം എന്ന ദോഷത്തെ ഉപേക്ഷിക്കുന്നു. അങ്ങ്‌ ആരുടെയുമല്ല, അങ്ങേയ്ക്ക്‌ ആരും സ്വന്തമായില്ലതാനും (അകിഞ്ചനന്‍). കാരണം, അവിടുന്നല്ലാതെ മറ്റൊന്നുമില്ലല്ലോ. തങ്ങളുടെ സമ്പത്തുകളാല്‍ കണ്ണുമൂടപ്പെട്ടവര്‍ അവിടുത്തെ മനസ്സിലാക്കുന്നില്ല.

ഞാന്‍ എന്റെ ഭര്‍ത്താവിനെ തിരഞ്ഞെടുത്തത്‌ അങ്ങ്‌ ഭഗവാനും, അവിടുത്തെ മഹിമകളെ വാഴ്ത്തുന്ന മാമുനിമാര്‍ ഹിംസയും ഹീനകൃത്യങ്ങളും വെടിഞ്ഞവരാണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ്‌. ഈ വിശ്വത്തിലെ എല്ലാറ്റിന്റേയും ആത്മസത്ത അവിടുന്നത്രെ. രാജാക്കന്മാരെയും വില്ലാളികളെയും അവിടുത്തേയ്ക്കു ഭയമാണെന്നു പറഞ്ഞത്‌ നല്ല തമാശയായി. കാരണം ഭൂമിയിലെ ഏറ്റവും ശക്തനായ പോരാളിപോലും അങ്ങയുടെ തൂണീരനാദശ്രവണമാത്രേന വിറച്ചു പോവുന്നു. ഇതിനൊക്കെപ്പുറമേ അവിടുത്തെ പാദാരവിന്ദങ്ങള്‍ മുക്തിദായകവുമാണല്ലോ. ഏതൊരു വിഡ്ഢിയാണ്‌ ആ പദകമലങ്ങളെ തൊടാന്‍ അവസരം കിട്ടിയശേഷം മറ്റുളളവരുടെ സഹവാസം ആഗ്രഹിക്കുക? അങ്ങ്‌ കുറച്ച്‌ വീരന്മാരുടെയും രാജാക്കന്മാരുടെയും കാര്യം പറഞ്ഞുവല്ലോ. അവരെല്ലാം തങ്ങളുടെ ഭാര്യമാര്‍ക്ക്‌ അടിമകളാണ്‌. ആ സ്ത്രീകള്‍ക്കോ ആ വീരന്മാര്‍ വെറും വീട്ടുമൃഗങ്ങളെപ്പോലെയുമാണ്‌. അങ്ങു പറഞ്ഞല്ലോ അങ്ങേയ്ക്ക്‌ സ്ത്രീകളില്‍ കമ്പമൊന്നുമില്ലെന്ന്‌. വിവരമുളള ഒരു സ്ത്രീയും ഒരു പുരുഷന്റെ ശരീരത്തെ ഭര്‍ത്താവായി വരിക്കയില്ല. കാരണം, ശരീരമെന്നാല്‍ രക്ത-മല-മൂത്രങ്ങളുടെ സഞ്ചയമായ ഒരു ചെളിക്കൂമ്പാരമാണല്ലോ. ഞാന്‍ ആഗ്രഹിക്കുന്നത്‌ അവിടുത്തെ പാദാരവിന്ദങ്ങളില്‍നിന്നുമൊഴുകുന്ന നറുംതേന്‍ മാത്രമാണ്‌.

ഇതു കേട്ട്‌ സംപ്രീതനായ കൃഷ്ണന്‍ രുക്മിണിയെ ശ്ലാഘിച്ചു: ‘ഞാന്‍ നിന്നെ ഒന്നു കളിയാക്കിയതാണ്‌. എന്റെ വാക്കുകളുടെ ഉന്നതമായ അര്‍ത്ഥം നിനക്ക്‌ മനസ്സിലായിരിക്കുന്നു. നിന്റെ തീരുമാനങ്ങള്‍ ആലോചിച്ചുറച്ചവ തന്നെ. മുക്തിസാധകമായ എന്റെ സാമീപ്യം ലഭിച്ചശേഷവും ലൗകികസുഖങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവര്‍ വിഡ്ഢികള്‍ തന്നെ, സംശയമില്ല. ജ്ഞാനികള്‍ മുക്തിപദം മാത്രമേ ആഗ്രഹിക്കയുളളു.’

ഈ മട്ടില്‍ കൃഷ്ണന്‍ തന്റെ സഹധര്‍മ്മിണികളേവരുമായി ലീലയാടി. സ്വയം നാമരൂപാദിരഹിതനും യാതൊരുവിധ ആനന്ദാനുഭൂതികളും ആവശ്യമില്ലാത്തവനുമെങ്കിലും ഭഗവാന്‍ അവരോടെല്ലാമൊത്തു രമിച്ചു വിളയാടി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF