നമസ്യേ ത്വാം മഹാദേവ ലോകാനാം ഗുരുമീശ്വരം
പുംസാമപൂര്‍ണ്ണകാമാനാം കാമപൂരാമരാങ്ഘ്രിപം (10-62-7)
തം നാഗ പാശൈര്‍ബലിനന്ദനോ ബലീ
ഘ്നന്തം സ്വസൈന്യം കപിതോ ബബന്ധ ഹ
ഊഷാ ഭൃശം ശോകവിഷാദവിഹ്വലാ
ബദ്ധം നിശമ്യാശ്രുകലാക്ഷ്യരൗദിഷീത് (10-62-35)
ശുകമുനി തുടര്‍ന്നു:
ഭഗവാന്റെ പൗത്രനായ അനിരുദ്ധന്‍ ബാണന്റെ മകളായ ഉഷയെ വിവാഹം കഴിച്ചു. ബലിയുടെ പുത്രനായിരുന്നു ബാണന്‍ . അഛനെപ്പോലെതന്നെ പ്രജാക്ഷേമതല്‍പരനും ദാനശീലനും ഗുണവാനുമായിരുന്നു അദ്ദേഹം. അദ്ദേഹം ശോണിതപുരം എന്നു പേരായ നഗരം ഭരിച്ചു. ബാണന്‍ പരമശിവന്റെ ഭക്തനായിരുന്നു. മഹേശന്‍ തന്റെ ഭക്തനില്‍ സംപ്രീതനായി ഇഷ്ടമുളള വരം കൊടുത്തു. ഏക്കാലവും തന്റെ നഗരത്തിന് കാവല്‍ നില്‍ക്കാനാണ് ബാണന്‍ പരമശിവനോട് ആവശ്യപ്പെട്ടത്. അപ്പോള്‍മുതല്‍ ശിവന്‍ ശോണിതപുരത്തിന്റെ കാവല്‍ക്കാരനായി.
ഒരു ദിവസം തന്റെ ശക്തിയില്‍ അഹങ്കാരം പൂണ്ട ബാണന്‍ പറഞ്ഞു: “ഞാന്‍ മഹാദേവനെ നമസ്കരിക്കുന്നു. അങ്ങാണ് വിശ്വഗുരു. സര്‍വ്വരുടേയും അഭീഷ്ടം സാധിപ്പിക്കുന്നത് അവിടുന്നത്രേ. ഭഗവന്‍, അവിടുന്നെനിക്ക് ആയിരം കൈകള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ അതുകൊണ്ട് യുദ്ധം ചെയ്യാനായി എനിക്കു പറ്റിയ എതിരാളികള്‍ ആരുമില്ല. എന്റെ ആയിരം കൈകളും ഒരു യുദ്ധത്തിനായി ത്വരകൊളളുന്നു. ഞാന്‍ നോക്കുമ്പോള്‍ എനിക്കെതിരിടാന്‍ അവിടുന്നു മാത്രമെയുളളു., ഭഗവാന്‍ ബാണന്റെ അധികപ്രസംഗത്തെ ചിരിച്ചു പുറന്തളളി. എന്നിട്ട് പറഞ്ഞു: ‘ക്ഷമിക്ക് വിഡ്ഢീ, നിന്റെ കൊടിക്കൂറയും താഴെ വീഴും. അന്നു നിന്നെ എതിര്‍ക്കുന്ന ശക്തനായ ഒരുവന്‍ നിന്റെ അഹങ്കാരം നശിപ്പിക്കും.’
ബാണന്റെ മകള്‍ ഉഷ ഒരു രാത്രി തന്നെയൊരു യുവകോമളന്‍ പുല്‍കുന്നതായി സ്വപ്നം കണ്ടു. കണ്ണുതുറന്നു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. പ്രേമപരവശയായി അവള്‍ ‘അങ്ങെവിടെയാണ് പ്രിയനേ?’ എന്നു പറഞ്ഞുകൊണ്ട് നടപ്പായി. ഉഷയുടെ തോഴി ചിത്രലേഖ പലേ ദേവന്മാരുടെയും ഗന്ധര്‍വ്വന്മാരുടെയും രാജകുമാരന്മാരുടെയും ചിത്രങ്ങള്‍ വരച്ച് ഉഷയെ കാണിച്ചു. ഉഷ അതില്‍നിന്നും അനിരുദ്ധനെ തിരിച്ചറിഞ്ഞു. താന്‍ സ്വപ്നത്തില്‍ പുല്‍കിയ കാമുകന്‍ അനിരുദ്ധന്‍ തന്നെ. ചിത്രലേഖയ്ക്ക് മാന്ത്രിക ശക്തികളുണ്ടായിരുന്നു. ദ്വാരകയില്‍ ഉറങ്ങി കിടന്നിരുന്ന അനിരുദ്ധനെ ചിത്രലേഖ കൊണ്ടുവന്നു.
ബാണന്റെ കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ കനത്ത കാവലുണ്ടായിരുന്നുവെങ്കിലും ഉഷയും അനിരുദ്ധനും അവിടെ സുഖിച്ചു വാണു. കാലക്രമത്തില്‍ ഉഷ കന്യകയല്ലെന്ന വസ്തുത മനസ്സിലാക്കിയ കാവല്‍ക്കാര്‍ വിവരം രാജാവിനെ അറിയിച്ചു. രാജാവ് അവിടേയ്ക്ക് പാഞ്ഞുചെന്നു സത്യം മനസ്സിലാക്കി. ശക്തനായ അനിരുദ്ധന്‍ ബാണന്റെ യോദ്ധാക്കളെ പലരേയും തോല്‍പ്പിച്ചുവീഴ്ത്തി. അനിരുദ്ധന്‍ യോദ്ധാക്കളെ നേരിടുന്ന സമയത്ത് ബാണന്‍ അവനെ നാഗപാശങ്ങളാല്‍ കുരുക്കിട്ട് ബന്ധിച്ചു. തന്റെ പ്രിയന്‍ ബന്ധിതനായതു കണ്ട് ഉഷ അലമുറയിടാനും തുടങ്ങി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF