രാമ, രാമാഖിലാധാര, പ്രഭാവം ന വിദാമ തേ
മൂഡാനാം നഃ കുബുദ്ധീനാം ക്ഷന്തുമര്‍ഹസ്യതിക്രമം (10-68-44)
ത്വമേവ മൂര്‍ദ്ധ്നീദമനന്തലീലയാ
ഭൂമണ്ഡലം ബിഭര്‍ഷി സഹസ്രമൂര്‍ദ്ധന്‍
അന്തേ ച യഃ സ്വാത്മനി രുദ്ധവിശ്വഃ
ശേഷേഽദ്വിതീയഃ പരിശിഷ്യമാണഃ (10-68-46)
നമസ്തേ സര്‍വ്വഭൂതാത്മന്‍ സര്‍വ്വശക്തി ധരാവ്യയ
വിശ്വകര്‍മ്മന്‍ , നമസ്തേഽസ്തു ത്വാം വയം ശരണം ഗതാഃ (10-68-48
ശുകമുനി തുടര്‍ന്നു:
ജാംബവതിയിലുണ്ടായ കൃഷ്ണപുത്രന്‍ സാംബന്‍ ദുര്യോധനന്റെ പുത്രി ലക്ഷ്മണയെ സ്വയംവരപ്പന്തലില്‍ നിന്നും തട്ടിക്കൊണ്ടുപോയി. കൗരവന്മാര്‍ സാംബനെ പിന്തുടര്‍ന്നു. അവനുനേരെ അസഭ്യം ചൊരിഞ്ഞു കൊണ്ട് ദുര്യോധനടക്കം ആറു യുദ്ധവീരന്മാര്‍ സാംബനു നേരെ അസ്ത്രപ്രയോഗം തുടങ്ങി. കൃഷ്ണപുത്രനായ സാംബന്‍ ക്രുദ്ധനായി. ഒരാളെ ആക്രമിക്കാന്‍ ഇത്രയും പേര്‍ വരുന്നത് ധര്‍മ്മയുദ്ധത്തിനു നിരക്കുന്നുതല്ല. ഒറ്റയ്ക്ക് ആറു പേരുടെ നേര്‍ക്കും സാംബന്‍ തുരുതുരെ അസ്ത്രങ്ങള്‍ അയച്ചു. അവരുടെ തേരുകളും കുതിരകളും അവരുമെല്ലാം സാംബന്റെ അസ്ത്രങ്ങള്‍ക്കിരയായി. എന്നാല്‍ അവര്‍ എണ്ണത്തില്‍ കുറെയേറെ ഉണ്ടായിരുന്നതുകൊണ്ട് സാംബന്‍ പരാജയപ്പെട്ടു. സാംബനെ ബന്ധനസ്ഥനാക്കി കൗരവര്‍ ഹസ്തിനപുരത്തേക്ക് കൊണ്ടുപോയി.
കൃഷ്ണപുത്രനോടു ചെയ്ത കടുംകയ്യിനെപ്പറ്റി നാരദനില്‍നിന്നും യാദവര്‍ അറിഞ്ഞു. ഉഗ്രസേനന്റെ ആജ്ഞപ്രകാരം ഹസ്തിനപുരത്തെ ആക്രമിക്കാന്‍ അവര്‍ തയ്യാറെടുത്തു. എന്നാല്‍ ബലരാമന്‍ അവരെ തടഞ്ഞു. കാരണം, ഇത്തരമൊരു ചെറിയ കാര്യത്തിന് യുദ്ധം നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. താന്‍ സ്വയം ഹസ്തിനപുരത്തു പോയി കൗരവരുടെ അടുക്കല്‍ നിന്നും സാംബനെ മോചിപ്പിച്ചു കൊണ്ടുവരാമെന്ന് ബലരാമന്‍ പറഞ്ഞു.
ഹസ്തിനപുരത്തിന്റെ പ്രാന്തപ്രദേശത്തെത്തിയപ്പോള്‍ ബലരാമന്‍ ഉദ്ധവന്റെ പക്കല്‍ ഒരു സന്ദേശം കൊടുത്തയച്ചു. ബലരാമന്‍ സന്ദര്‍ശനത്തിനെത്തിയതറിഞ്ഞ് കൗരവര്‍ ഏറെ സന്തോഷിച്ചുവെങ്കിലും എന്തിനാണു വന്നിട്ടുളളതെന്നറിഞ്ഞ് അസന്തുഷ്ടരായി. തങ്ങളുടെ ശക്തിയിലും അധികാരഗര്‍വ്വിലും വിവേകം നഷ്ടപ്പെട്ട അവര്‍ യാദവരെ നിന്ദിച്ച് ഒരു ദൂതു കൊടുത്തയച്ചു. ‘അവര്‍ ഒരു രാജ്യം ഭരിക്കുന്നുതിന്റെ സൗഭാഗ്യമനുഭവിക്കുന്നത് ഞങ്ങളുടെ ഔദാര്യം കൊണ്ടു മാത്രമാണ്. വെറും പാദരക്ഷകളാണ് ഞങ്ങള്‍ക്കവര്‍ . എന്നിട്ട് ഞങ്ങളുടെ കിരീടമാവാനാണാഗ്രഹം. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞുതരാന്‍ അവര്‍ക്കെത്ര ഔദ്ധത്യമാണെന്നു നോക്കൂ!’
ബലരാമന്‍ ക്രുദ്ധനായി. ‘ഞാന്‍ എല്ലാവരെയും നശിപ്പിക്കാന്‍ പോവുന്നു’ എന്നലറിക്കൊണ്ട് തന്റെ ദിവ്യാസ്ത്രമായ കലപ്പയുമേന്തി ഹസ്തിനപുരത്തെ ആകെ ഉഴുതുമറിക്കാന്‍ തുടങ്ങി. നഗരം ബലരാമന്റെ കലപ്പയിലുയര്‍ന്നു. ബലരാമന്‍ ഗംഗാതീരത്തേക്ക് നഗരത്തെ വലിച്ചിഴക്കാന്‍ തുടങ്ങി. നഗരവാസികളും നഗരത്തോടൊപ്പം വിറച്ചു. കൗരവര്‍ കീഴടങ്ങി. അവര്‍ സാംബനെയും ലക്ഷ്മണയെയും ബലരാമനു മുന്നില്‍ക്കൊണ്ടു വന്നു. ‘ഞങ്ങള്‍ക്ക് മാപ്പു നല്‍കിയാലും. അവിടുത്തെ ശരിയായ മഹത്വം ഞങ്ങള്‍ മറന്നു പോയി. അവിടുന്ന് ഭൂമിയെ താങ്ങി നിര്‍ത്തുന്നു. അവസാനം വിശ്വപ്രളയത്തിനുശേഷം അവശേഷിക്കുന്നത് അവിടുന്നു മാത്രം. സകല ജീവജാലങ്ങളുടെയും ആത്മസത്തയും സര്‍വ്വശക്തിമാനുമായ അവിടേക്ക് നമസ്കാരം ഞങ്ങള്‍ അങ്ങയെ അഭയം പ്രാപിക്കുന്നു.’ ദുര്യോധനന്‍ തന്റെ മകളെ മാത്രമല്ല, കുറെയേറെ സമ്പത്തും ദമ്പതികള്‍ക്ക് നല്‍കി. ബലരാമന്‍ ദ്വാരകയിലേക്ക് മടങ്ങി സംഭവങ്ങളെല്ലാം വിവരിച്ചു. ഇന്നും ഹസ്തിനപുരം ഗംഗാനദിയിലേക്ക് ചെരിഞ്ഞാണ് നിലകൊളളുന്നത്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF