മൃഗതൃഷ്ണാം യഥാ ബാലാ മന്യന്ത ഉദകാശയം
ഏവം വൈകാരികീം മായാമയുക്താ വസ്തു ചക്ഷതേ (10-73-11)
വയം പുരാ ശ്രീമദനഷ്ടദൃഷ്ടയോ
ജിഗീഷയാസ്യാ ഇതരേതരസ്പൃധഃ
ഘ്നന്തഃ പ്രജാഃ സ്വാ അതിനിര്‍ഘൃണാഃ പ്രഭോ
മൃത്യും പുരസ്ത്വാവിഗണയ്യ ദുര്‍മ്മദാഃ (10-73-12)

ശുകമുനി തുടര്‍ന്നു:
ഇരുപതിനായിരത്തിയെണ്ണൂറു രാജകുമാരന്മാര്‍ ജരാസന്ധന്റെ കാരാഗൃഹത്തിലായിരുന്നു. അവര്‍ കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞും ശോഭയില്ലാത്ത മുഖത്തോടെയും അവിടെ കഴിഞ്ഞുവന്നു. ആശയറ്റു കഴിഞ്ഞിരുന്ന അവര്‍ക്ക്‌ ഭഗവാന്റെ ദിവ്യമുഖദര്‍ശനം ലഭിച്ചതോടെ പുതുജീവന്‍ ലഭിച്ചു.

രാജകുമാരന്മാര്‍ പറഞ്ഞു: ‘ഭഗവാനേ രക്ഷിച്ചാലും. ഞങ്ങള്‍ അവിടുത്തെ അഭയം പ്രാപിക്കുന്നു. ഞങ്ങള്‍ക്ക്‌ ജരാസന്ധനോട്‌ വിരോധമൊന്നുമില്ല. കാരണം, അവിടുത്തെ കാരുണ്യം കൊണ്ടുതന്നെയാണ്‌ ഞങ്ങളെ ജരാസന്ധന്‍ തടവിലാക്കിയതെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇഹലോകം നിത്യസത്യമാണെന്നുളള മൂഢവിശ്വാസത്തിലായിരുന്നു ഞങ്ങള്‍. മരുപ്പച്ചയെ ജലമെന്നു വിചാരിക്കുന്ന കുട്ടികളെപ്പോലെ, അങ്ങയില്‍ ഏകാത്മകത പ്രാപിക്കാത്തവര്‍ കേവലം സദാ മാറിക്കൊണ്ടിരിക്കുന്ന ലൗകികപ്രതിഭാസത്തെ നിത്യമെന്നു കരുതുന്നു. മുമ്പു സമ്പത്തിന്റെ പേരിലുളള അഹങ്കാരം കൊണ്ട്‌ ഞങ്ങള്‍ പരസ്പരം പോരാടുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ സ്വജനങ്ങള്‍ക്ക്‌ തന്നെ നാശം വരുത്തി. മരണത്തിന്റെ രൂപത്തില്‍ അങ്ങു മുന്നില്‍ നില്‍ക്കുന്നത്‌ കാണാനും ഞങ്ങള്‍ കൂട്ടാക്കിയില്ല. അവിടുത്തെ കൃപയാലൊന്നു മാത്രമാണ്‌ അങ്ങ്‌ ജരാസന്ധന്റെ രൂപത്തില്‍ വന്നു്‌ ഞങ്ങളെ ഉണര്‍ത്തി സത്യത്തിലേക്കു നയിച്ചത്. ഞങ്ങള്‍ക്ക്‌ ആ പരംപൊരുളിന്റെ ദൃശ്യം ഒരു നോക്ക്‌ ലഭിച്ചുവല്ലോ. ഇനി ഞങ്ങള്‍ സമ്പത്തിനും പ്രതാപത്തിനും വേണ്ടി ആഗ്രഹിക്കയില്ല. ഞങ്ങള്‍ക്ക്‌ അവിടുത്തെ പാദകമലങ്ങളിലെന്നും ഭക്തിയുണ്ടാവട്ടെ. ഞങ്ങള്‍ അവിടുത്തെ നമസ്കരിക്കുന്നു. ഞങ്ങള്‍ ചെയ്യേണ്ട കടമകളെന്തെന്ന് ആജ്ഞാപിച്ചാലും.’

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു: ‘രാജകുമാരന്മാരേ, നിങ്ങളുടെ വാക്കുകള്‍ ഉചിതമായിരിക്കുന്നു. സമ്പത്തും പ്രതാപവും മൂലം ദേവന്മാരുടെയും മനുഷ്യരുടെയും അസുരന്മാരുടെയും തലതിരിഞ്ഞ പ്രവൃത്തികള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. നശ്വരമായ ശരീരത്തിലും അതിനോടനുബന്ധിച്ച വസ്തുക്കളിലും ആസക്തരാവാതെ എന്നെ ആരാധിക്കുക. ഗൃഹസ്ഥരുടെ കര്‍മ്മങ്ങള്‍, സന്താനോല്പാദനം തുടങ്ങിയ കാര്യങ്ങള്‍, അനുഷ്ഠിക്കുക. പ്രജാപരിപാലനം നടത്തുക. സുഖദുഃഖങ്ങളോ ലാഭനഷ്ടങ്ങളോ എന്തു തന്നെയായിരുന്നാലും അവയെ ഒരുപോലെ സ്വീകരിക്കുക. എന്നില്‍ ഹൃദയമുറപ്പിച്ച്‌ അവയോട്‌ പ്രതികരിക്കാതെയുമിരിക്കുക. അങ്ങനെ എന്നോടുളള പവിത്രപ്രേമത്തില്‍ നിങ്ങള്‍ നിഷ്ഠരായിത്തീരുന്നതാണ്‌.’

ശുകമുനി തുടര്‍ന്നു: ഭഗവാന്‍ അവര്‍ക്ക്‌ സ്നാനത്തിനും പുതുവസ്ത്രങ്ങള്‍ക്കും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. രത്നങ്ങളും അവരവരുടെ യോഗ്യതാനുസരണം നല്‍കി. രാജാക്കന്മാര്‍ ഭഗവാന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ ശേഷകാലം ധര്‍മ്മജീവിതം നയിച്ചു. കൃഷ്ണന്‍ ഭീമനോടും അര്‍ജ്ജുനനോടുമൊപ്പം ഇന്ദ്രപ്രസ്ഥത്തിലേക്കു തിരിച്ചു പോയി. അവിടെ ആഹ്ലാദസ്നേഹനിര്‍ഭരമായൊരു വരവേല്‍പ്പ്‌ അവരെ കാത്തു നിന്നിരുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF