യദാത്മകമിദം വിശ്വം ക്രതവശ്ച യദാത്മകാഃ
അഗ്നിരാഹുതയോ മന്ത്രാഃ സാംഖ്യം യോഗശ്ച യത്പരഃ (10-74-20)
ഏക ഏവാദ്വിതീയോഽസാവൈതദാത്മ്യമിദം ജഗത്
ആത്മനാത്മായശ്രയഃ സഭ്യാഃ സൃജത്യവതി ഹന്ത്യജഃ (10-74-21)
സര്‍വ്വഭൂതാത്മഭൂതായ കൃഷ്ണായാനന്യദര്‍ശിനേ
ദേയം ശാന്തായ പൂര്‍ണ്ണായ ദത്തസ്യാനന്ത്യമിച്ഛതാ (10-74-24)
ശുകമുനി തുടര്‍ന്നു:
അങ്ങനെ ജരാസന്ധന്‍ ഇല്ലാതായതോടെ യുധിഷ്ഠിരന്‍ രാജസൂയത്തിനുളള തയ്യാറെടുപ്പാരംഭിച്ചു. മാമുനിമാരെയും ദിവ്യന്മാരെയും എണ്ണമറ്റ അതിഥികളെയും ക്ഷണിച്ചു വരുത്തി. ത്രിമൂര്‍ത്തികളും ദേവതകളും ദിവ്യയജ്ഞത്തില്‍ സംബന്ധിച്ചു. അവരുടെ അനുഗ്രഹാശിസ്സുകളോടെ യാഗം സമാരംഭിച്ചു. ഒരു ദിവസം യാഗസംബന്ധിയായി ഏറ്റവും ഉചിതനായൊരു വ്യക്തിയെ തിരഞ്ഞെടുത്തു ബഹുമാനിക്കേണ്ട ഒരു ചടങ്ങുണ്ട്.
സഹദേവന്‍ പറഞ്ഞു:
എന്റെ അഭിപ്രായത്തില്‍ ശ്രീകൃഷ്ണനൊഴികെ മറ്റാര്‍ക്കും ഇതിനര്‍ഹതയില്ല. അദ്ദേഹമാണ് എല്ലാറ്റിന്റെയും – ഈ വിശ്വത്തിന്റെയും രാജസൂയത്തിന്റെയും എല്ലാം – ആത്മസത്ത. അഗ്നിയും മന്ത്രങ്ങളും ജ്ഞാനവും യോഗവും എല്ലാം ആ ഭഗവാനെയാണല്ലോ ലക്ഷ്യമാക്കുന്നത്. അദ്ദേഹമാണ് വിശ്വാത്മാവ്. സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ അദ്ദേഹത്തില്‍ നിന്നുദ്ഭവിച്ച് അദ്ദേഹത്താല്‍ അദ്ദേഹത്തില്‍ സംഭവിക്കുന്നു. ഏതൊരുവന്‍ തന്റെ സമ്മാനം അനേകമടങ്ങ് വര്‍ദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അവര്‍ ശ്രീകൃഷ്ണനെ ബഹുമാനിക്കണം. ഭഗവാനെ ബഹുമാനിക്കുന്നുതിലൂടെ നാമുള്‍പ്പടെ എല്ലാറ്റിനെയും ബഹുമാനിക്കുക തന്നെയാണു ചെയ്യുന്നത്.
ശുകമുനി തുടര്‍ന്നു:
ശിശുപാലനൊഴികെ എല്ലാവരും സഹദേവന്റെ അഭിപ്രായം ശരിവച്ചു. യുധിഷ്ഠിരന്‍ ശ്രീകൃഷ്ണനെ പൂജിക്കാന്‍ തീരുമാനിച്ചു. ശിശുപാലന്‍ പറഞ്ഞു: ‘കാലമാണ് യഥാര്‍ത്ഥത്തില്‍ ഭഗവാനെന്നു പറയപ്പെടുന്നത്. നിങ്ങള്‍ ഇപ്പോള്‍ ചെയ്തതുപോലെ കാലത്തിന്റെ സ്വാധീനതയ്ക്കടിമപ്പെട്ട് വിവരവും വിവേകമുളളവര്‍ പോലും തെറ്റായ തീരുമാനങ്ങളില്‍ എത്തിച്ചേരുന്നു. ഈ സഭയില്‍ത്തന്നെ പഠിപ്പിലും വിവരത്തിലും മാന്യതയിലും ദിവ്യതയിലും ഉന്നതരായ എത്രയോ പേരുണ്ട്. എന്നിട്ട് ഈ കന്നുകാലി ചെക്കനെയാണോ ഉന്നതമായ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്? അയാളാണെങ്കില്‍ സാമൂഹികമായ ഒരു വ്യവസ്ഥയിലും ജീവിക്കുന്നുയാളല്ല. എല്ലാ സല്‍സ്വഭാവക്രമങ്ങള്‍ക്കും അതീതമായാണ് കൃഷ്ണന്റെ പെരുമാറ്റം. ശാസ്ത്രാധിഷ്ഠിതമായ നിബന്ധനകളോ സാമ്പ്രദായികമായ കാര്യങ്ങളോ അയാള്‍ അനുഷ്ഠിക്കുന്നില്ല. പ്രമാണാനുസരണം ഭഗവാനേയോ ഭഗവദ്‍ഭക്തരേയോ നിന്ദിക്കുന്നിടത്തുനിന്നു് ഉടനേതന്നെ ഓടിപ്പോകാത്തവര്‍ക്ക് നരകം സുനിശ്ചിതമത്രേ.’ ശിശുപാലന്റെ പുണ്യങ്ങള്‍ മുഴുവനും അവസാനിച്ചിരുന്നു. ബ്രാഹ്മണര്‍ പലരും അവിടം വിട്ടുപോയി. പല രാജാക്കന്മാരും ശിശുപാലനെതിരേ തിരിയാന്‍ തുടങ്ങി. കൃഷ്ണന്‍ തന്റെ ചക്രം കൊണ്ട് ക്ഷണത്തില്‍ ശിശുപാലന്റെ തലയറുത്ത് എല്ലാവരെയും ശാന്തരാക്കി. എല്ലാവരെയും അത്ഭുതചകിതരാക്കിക്കൊണ്ട് ഒരു ദിവ്യപ്രഭ ശിശുപാലന്റെ ശരീരത്തില്‍ നിന്നു് കൃഷ്ണനിലേക്ക് പ്രവേശിച്ചു. ശിശുപാലന്‍ നിരന്തരം വിപരീതഭക്തിയില്‍ മുഴുകി കൃഷ്ണനില്‍ തന്നെ മനസ്സുറച്ചവനായിരുന്നുവല്ലോ. ഭഗവാന്‍ വിഷ്ണുവിന്റെ ദ്വാരപാലകരായിരുന്ന ജയവിജയന്മാരുടെ മൂന്നാമത്തെ ജന്മമായിരുന്നു അത്. രാജസൂയം ഭംഗിയായി അവസാനിച്ചു. ദുര്യോധനനൊഴികെ ഏവരും ആഹ്ലാദചിത്തരായി.
യുധിഷ്ഠിരന്റെയും ശിശുപാലന്റെയും മോക്ഷകഥ പഠിക്കുന്നുവര്‍ക്ക് പാപവിമോചനം ലഭിക്കുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF