ശ്രീകൃഷ്ണപത്നിമാര്‍ പാഞ്ചാലിയോടു ചെയ്യുന്ന കല്യാണവൃത്താന്തം – ഭാഗവതം (305)
നവയം സാധ്വി, സാമ്രാജ്യം സ്വാരാജ്യം ഭൗജ്യമപ്യുത
വൈരാജ്യം പാരമേഷ്ഠ്യം ച ആനന്ത്യം വാ ഹരേഃ പദം (10-83-41)
കാമയാമഹ ഏതസ്യ ശ്രീമത് പാദരജഃ ശ്രിയഃ
കുചകുങ്കുമഗന്ധാഢ്യം മൂര്‍ധ്നാ വോഢും ഗദാഭൃതഃ (10-83-42)
വ്രജസ്ത്രിയോ യദ്വാഞ്ച്ഛന്തി പുളിന്ദ്യസ്തൃണവീരുധഃ
ഗാവശ്ചാരയതോ ഗോപാഃ പാദസ്പര്‍ശം മഹാത്മനഃ (10-83-43)
ശുകമുനി തുടര്‍ന്നു:
കൃഷ്ണനെ തങ്ങളുടെ ഗുരുവും ലക്ഷ്യവുമാക്കി കരുതിയിരുന്ന ഗോപികമാര്‍ അദ്ദേഹത്തെ വന്ദിച്ചു. ഭഗവാന്‍ പരമപുരുഷന്‍ തന്നെയാണെന്നവര്‍ക്കറിയാമായിരുന്നു. യാദവസ്ത്രീകളും ഗോപികമാരും പരസ്പരം ഭഗവദ്‍മഹിമകളെപ്പറ്റി പാടി പുകഴ്ത്തി. പാണ്ഡവപത്നിയായ ദ്രൗപദി കൃഷ്ണന്റെ സഹധര്‍മ്മിണിമാരോട് ഭഗവാന്‍ എങ്ങനെയാണ് അവരുടെയെല്ലാം നാഥനായി വാഴുന്നതെന്നാരാഞ്ഞു.
രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര എന്നിവര്‍ തങ്ങള്‍ ഭഗവാനെ വരിക്കാനിടയായതെങ്ങനെയെന്നു പറഞ്ഞു. ഭദ്രയുടെ അമ്മാവന്റെ പുത്രനാണ് കൃഷ്ണന്‍ . തന്റെ പുത്രിക്ക് കൃഷ്ണനോടുളള അനുരാഗമറിഞ്ഞ് സസന്തോഷം അവളെ കൃഷ്ണന് നല്‍കിയതാണല്ലോ.
ലക്ഷ്മണ പറഞ്ഞു:
ഞാനും ഭഗവാന്റെ മഹിമകളെപ്പറ്റി നാരദമുനിയില്‍ നിന്നുമാണറിഞ്ഞത്. അങ്ങനെ, മറ്റാരെയും വരിക്കില്ലെന്നു ഞാന്‍ നിശ്ചയിച്ചു. ദ്രൗപദീ, നിങ്ങളുടെ അഛന്‍ സ്വയംവരസമയത്ത് ചുറ്റിത്തിരിയുന്ന മത്സ്യത്തെ എയ്തുവീഴ്ത്താനുളള മല്‍സരമേര്‍പ്പെടുത്തിയതുപോലെ എന്റെ അഛനും ഒരു മല്‍സരം വച്ചിരുന്നു. ചുറ്റിത്തിരിയുന്ന മത്സ്യത്തെ കണിക്കാതെ, അതിന്റെ പ്രതിബിംബം മാത്രം ജലത്തില്‍ കാണാവുന്ന രീതിയിലായിരുന്നു സംവിധാനം. പലേ മഹാന്മാരും എന്റെ കൈ പിടിക്കാനാഗ്രഹിച്ചു. ചിലര്‍ക്ക് വില്ലെടുക്കാനായില്ല. ചിലര്‍ക്ക് വില്ലു കുലയ്ക്കാനായില്ല. മറ്റു ചിലര്‍ വില്ലു കുലച്ചെങ്കിലും മത്സ്യമെവിടെയെന്നു കണ്ടുപിടിക്കാനായില്ല. അര്‍ജ്ജുനന്‍ വില്ലു കുലച്ച് തൊടുത്തുവെങ്കിലും മത്സ്യത്തെ വീഴ്ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കൃഷ്ണന്‍വന്ന് വെറുമൊരു ലീലയായി വില്ലുകുലച്ച് അതിനെ വീഴ്ത്തി. ഞാന്‍ അതീവസന്തോഷത്തിലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കൃഷ്ണന്‍ എന്നെ രഥത്തിലിരുത്തി. മറ്റു പ്രഭുക്കന്മാര്‍ എതിരിടാന്‍ ഒരുമ്പെടുന്ന സമയത്ത് കൃഷ്ണന്‍ രഥമോടിച്ച് ദ്വാരകയിലേക്ക് പോന്നു. തടയാന്‍ ശ്രമിച്ചവര്‍ ഒന്നുകില്‍ മരിച്ചു വീണു അല്ലെങ്കില്‍ പിന്തിരിഞ്ഞോടി. ഞങ്ങളുടെ വിവാഹദിവസം അഛന്‍ വിലപിടിച്ച അനേകം സമ്മാനങ്ങള്‍ ഭഗവാനു നല്‍കി. ഭഗവാന് ഒന്നിനും കുറവുണ്ടായിട്ടല്ല. അദ്ദേഹം പരിപൂര്‍ണ്ണനും അനന്തനുമാണല്ലോ. ഞങ്ങളെല്ലൊം കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കുകവഴി പരമാനുഗൃഹീതരത്രെ.
രോഹിണി പതിനായിരം ഭാര്യമാരെ പ്രതിനിധീകരിച്ച് ഇങ്ങനെ പറഞ്ഞു:
ഭഗവാന്‍ നരകാസുകരനെ വധിച്ചതും ഞങ്ങളെ രക്ഷിച്ച് വിവാഹം ചെയ്തതും നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ അനുഗ്രഹീതര്‍. സ്വര്‍ഗ്ഗത്തിന്‍റേയോ ഭൂമിയുടേയോ ആധിപത്യമോ മുക്തിപദം തന്നെയോ ഞങ്ങള്‍ക്കു വേണ്ട. ഞങ്ങള്‍ക്കുളള ഏക ആഗ്രഹം ഇത്രമാത്രം. ഞങ്ങള്‍ എന്നും ശിരസ്സില്‍ ആ പാദകമലധൂളിയണിയാനിടവരട്ടെ. ഞങ്ങള്‍ ഭഗവാന്റെ പാദസ്പര്‍ശനത്തിനായി മാത്രം ആര്‍ത്തി പിടിച്ചവരത്രെ. ഗോപീഗോപന്മാരും പശുക്കളും വൃന്ദാവനത്തിലെ പുല്‍ക്കൊടിയും അതിനായാണല്ലോ ആഗ്രഹിച്ചത്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF