യഥാ ശയാനഃ പുരുഷോ മനസൈവാത്മമായയാ
സൃഷ്ട്വാ ലോകം പരം സ്വാപ്നമനുവിശ്യാവഭാസതേ (10-86-45)

ശുകമുനി തുടര്‍ന്നു:
തന്റെ മുത്തശ്ശനും മുത്തശ്ശിയും തമ്മില്‍ എങ്ങനെയാണ്‌ വിവാഹിതരായതെന്നു പരീക്ഷിത്ത്‌ ചോദിച്ചതിനുത്തരമായി ശുകമുനി പറഞ്ഞു: ‘നിങ്ങളുടെ മുത്തശ്ശന്‍ അര്‍ജ്ജുനന്‍ തീര്‍ത്ഥാടനത്തിനായി പ്രഭാസത്തില്‍ പോവുമ്പോഴാണ്‌ സ്വന്തം അമ്മാവന്റെ മകളായ സുഭദ്രയെപ്പറ്റി കേള്‍ക്കുന്നത്‌. ബലരാമന് അവളെ ദുര്യോധനനു നല്‍കണമെന്നുണ്ടായിരുന്നു എന്നാണ്‌ കേട്ടുകേള്‍വി. അര്‍ജ്ജുനന്‍ ഒരു സന്ന്യാസി വേഷത്തില്‍ നഗരത്തില്‍ പ്രവേശിച്ചു. നഗരവാസികള്‍ ഐശ്വര്യവാനായ സന്ന്യാസിയെ സഹര്‍ഷം സ്വീകരിച്ചാദരിച്ചു. ആചാരമനുസരിച്ച്‌ മഴക്കാലമായ (ചാതുര്‍മാസ്യം) നാലുമാസക്കാലം അവിടെ കഴിഞ്ഞു കൂടാന്‍ അദ്ദേഹം തീര്‍ച്ചയാക്കി. ബലരാമനും സന്ന്യാസിയെ ആളറിയാതെ വിളിച്ച്‌ കൊട്ടാരത്തില്‍ താമസിപ്പിക്കുകയും ചെയ്തു. അര്‍ജ്ജുനന്‍ സുഭദ്രയെക്കണ്ട്‌ അനുരാഗത്തിലായി. അവളും അര്‍ജ്ജുനനില്‍ അനുരക്തയായി. ഉഭയസമ്മതപ്രകാരം മുതിര്‍ന്നവരുടെ അനുഗ്രഹവും വാങ്ങി ക്ഷേത്രപൂജക്ക്‌ പോയ സുഭദ്രയെ അര്‍ജ്ജുനന്‍ ഒരു തേരിലേറി വന്നു്‌ കയറ്റിക്കൊണ്ടു പോയി. കൃഷ്ണനും കൂട്ടരും ബലരാമനെ സമാധാനിപ്പിച്ചു. അവസാനം അദ്ദേഹവും വിവാഹത്തിനു സമ്മതിച്ചു. മാത്രമല്ല, വിലയേറിയ അനവധി സമ്മാനങ്ങളും നല്‍കി.

അക്കാലത്ത്‌ മിഥിലയില്‍ ശ്രുതദേവനെന്നു പേരായ ഒരു ദിവ്യബ്രാഹ്മണന്‍ ജീവിച്ചിരുന്നു. അദ്ദേഹം സര്‍വ്വാത്മനാ കൃഷ്ണഭക്തനായിരുന്നു. മിഥിലാരാജനും കൃഷ്ണഭക്തനായിരുന്നു. ഞാനടക്കം കുറെ മുനിമാരുമൊത്ത്‌ അവരെ അനുഗ്രഹിക്കാനായി കൃഷ്ണന്‍ മിഥിലയ്ക്ക്‌ പുറപ്പെട്ടു. മഹാരാജാവ്‌ ബഹുലാസ്വനും ബ്രാഹ്മണന്‍ ശ്രുതദേവനും ഹര്‍ഷോന്മാദത്തിലായിരുന്നു. ഭഗവാന്‍ രണ്ടു പേരുടെ വസതികളിലും ഒരേ സമയം സന്ദര്‍ശനം നടത്തി. കൊട്ടാരത്തില്‍ രാജാവ്‌ കൃഷ്ണനെ സര്‍വ്വചരാചരങ്ങളുടെയും ആത്മസത്തയായിത്തന്നെ സ്വാഗതം ചെയ്തു. ഭഗവാന്‍ ഒരിക്കല്‍കൂടി തനിക്കേറ്റവും പ്രിയപ്പെട്ടത്‌ – സഹോദരനേക്കാളും സഹോദരിയേക്കാളും – തന്റെ ഭക്തരാണെന്നു വെളിവാക്കി (ശ്രീരാമചന്ദ്രനും ഇതു പറഞ്ഞിട്ടുണ്ട്‌). ബ്രാഹ്മണഗൃഹത്തില്‍ ശ്രുതദേവനും ഭാര്യയും ഹര്‍ഷപുളകിതരായി കൃഷ്ണനേയും മാമുനിമാരേയും എതിരേറ്റു.

ശ്രുതദേവന്‍ പറഞ്ഞു:
അജ്ഞാനികള്‍ അവിടുത്തെ അവരുടെ ഹൃദയങ്ങളില്‍ നിത്യസഹചാരിയായ ആത്മാവായി കണക്കാക്കുന്നില്ല. അവിടുന്നാണ് ഉണ്മ. ഉറങ്ങുന്ന ഒരുവന്‍ സ്വപ്നത്തിലൂടെ സ്വന്തം ലോകം മനസ്സില്‍ എപ്രകാരം സൃഷ്ടിച്ച്‌ അതില്‍ പ്രവേശിച്ച് അതിനെപ്പറ്റി ബോധവാനാകുന്നുവോ അപ്രകാരം അവിടുന്നീ വിശ്വം മുഴുവന്‍ സൃഷ്ടിക്കുന്നു. അതില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

ശ്രീകൃഷ്ണന്‍ അരുളി:
ഈ മാമുനിമാര്‍ നിങ്ങളെ സന്ദര്‍ശിച്ചതു നിങ്ങളെ അനുഗ്രഹിക്കുവാന്‍ മാത്രമാണ്‌. തീര്‍ച്ചയായും മാമുനിമാര്‍ ലോകം ചുറ്റുന്നത്‌ ഈ സദുദ്ദേശ്യത്തോടെ മാത്രമാണ്‌. അവരുടെ പാദധൂളി ഭൂമിയെ ശുദ്ധീകരിക്കുന്നു. ഈശ്വരബിംബങ്ങള്‍, ദിവ്യസ്ഥലങ്ങള്‍, ദിവ്യനദികള്‍, തടാകങ്ങള്‍ എന്നിവ ഏറെക്കാലം അവയെ ആശ്രയിക്കുന്ന ഭക്തനെ സംശുദ്ധീകരിക്കുന്നു. അവരുടെ ഈ ശക്തിയും ഈ ദിവ്യമാമുനിമാരില്‍ നിന്നാണവരാര്‍ജ്ജിക്കുന്നത്‌. എന്റെ ഈ ശരീരമടക്കം ഒന്നുംതന്നെ എനിക്ക്‌ ഈ ദിവ്യര്‍ഷികളെക്കാള്‍ പ്രിയപ്പെട്ടതല്ല. എന്റെ ബിംബങ്ങളെയും മറ്റും പൂജിക്കുന്നുവര്‍ക്ക്‌ വഴിപിഴച്ച അറിവാണുളളത്‌. അസൂയകൊണ്ട്‌ അവര്‍ മാമുനിമാരെ പൂജിക്കുന്നുമില്ല. അതുകൊണ്ട്‌ ശ്രുതദേവാ, അവരെ പൂജിച്ചാലും.

മഹാരാജാവ്‌ ബഹുലാസ്വനും ശ്രുതദേവബ്രാഹ്മണനും ബോധോദയം ലഭിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF