ശ്രീ രമണമഹര്‍ഷി

നവംബര്‍ 29, 1935

ചോ: നല്ലതും ചീത്തയും എന്തിനാണ്‌?

ഉ: അവ പരസ്പരം ചേര്‍ന്നിരിക്കുന്ന ദ്വൈതരൂപമാണ്‌ അതിനെ അറിയാന്‍ ഒരുത്തന്‍ ഉള്ളതുകൊണ്ടാണല്ലോ അത്‌ തോന്നപ്പെടുന്നത്‌. അതാണ് അഹംകാരന്‍. അഹങ്കാരന്‍ എവിടെ നിന്നുമാണെന്നു ചിന്തിച്ചാല്‍ ആത്മാവില്‍ നിന്നുമാണെന്നറിയാം. അഹംകാരന്റെ ആദിയിലിരിക്കുന്നതെന്തോ അതാണീശ്വരന്റെ സ്വരൂപം.

ചോ: വാസ്തവം. എന്നാല്‍ ആ ആനന്ദരൂപത്തെ പ്രാപിക്കുന്നതെങ്ങനെ?

ഉ: ഇപ്പോഴില്ലാത്ത ആനന്ദം മേലുണ്ടാകാന്‍ പോകുന്നുമില്ല. നമ്മുടെ സ്വരൂപമേ ആനന്ദമാണ്‌. ഇതിനെ ഉണരാതിരിക്കുന്നതിനാലാണ്‌ ഈ ചോദ്യം ജനിക്കുന്നത്‌. ഈ അല്‍പജ്ഞാനത്തോടുകൂടിയിരിക്കുന്നതാരെന്നു ശ്രദ്ധിക്കണം. ഉറക്കത്തില്‍ ആര്‍ക്കും സുഖം തന്നെ. എന്നാല്‍ ജാഗ്രത്തില്‍ അങ്ങനെയല്ല. ഇതിന്റെ കാരണമെന്ത്‌? ഞാനെന്ന തോന്നലിന്റെ ഉദയമാണ്‌ അത്‌. നമ്മുടെ ആനന്ദസ്വരൂപത്തെ മറയ്ക്കുകയാണ്‌. ഈ തടസ്സത്തെ മാറ്റാന്‍ അതിന്റെ ആദിയെ അന്വേഷിക്കണം. ഈ അന്വേഷണത്തില്‍ അഹംകാരന്‍ അതിന്റെ ആദിയായ ആത്മാവില്‍ മറയുന്നത്‌ കാണാം. അപ്പോള്‍ നമ്മുടെ നിജസ്വരൂപമായ ആനന്ദം അവിടെ പ്രകാശിച്ചു നില്‍ക്കുന്നതു കാണാം. അങ്ങനെയല്ലാതെ ആനന്ദം പുത്തനായി പ്രാപിക്കപ്പെടേണ്ടതല്ല. അതിനാല്‍ നാം ആനന്ദസ്വരൂപത്തിനന്യമണെന്ന അജ്ഞാനമില്ലാതാകണം. ഇതറിയാതെ തപിക്കുന്നതാര്‌? അഹങ്കാരന്‍. അഹന്ത എവിടെനിന്ന് ഉദിക്കുന്നുവെന്ന് ആരായുമ്പോള്‍ അത് ഇല്ലാത്തതായിത്തീരുന്നു. ആനന്ദസ്വരൂപമായ ആത്മാവവിടെ അവശേഷിക്കുന്നു. നാം ആ വസ്തുവായിട്ടുതന്നെ ഇപ്പോഴും ഇരിക്കുന്നു. സകല സന്ദേഹപ്പൂട്ടുകളെയും തുറക്കുന്ന തക്കോല്‍ ഈ അന്തര്‍മുഖവിചാരണയാണ്‌. അതിനാല്‍ പ്രപഞ്ചത്തോന്നല്‍ അതിന്റെ ഉടമയായ നമ്മില്‍ അടങ്ങിയിരിക്കുന്നു എന്നു നല്ലപോലെ മനസ്സിലാക്കാം.