പരീക്ഷിത്തും കലിയും ധര്‍മ്മവും – ഭാഗവതം (17)
യസ്യ രാഷ്ട്രേ പ്രജാmdmവാസ്ത്രസ്യന്തേ സാധ്വ്യസാധുഭിഃ
തസ്യ മത്തസ്യ നശ്യന്തി കീര്‍ത്തിരായുര്‍ഭഗോ ഗതിഃ (1-17-10)
യദധര്‍മ്മകൃതഃ സ്ഥാനം സൂചകസ്യാപി തദ്ഭവേത് (1-17-22)
അഭ്യര്‍ത്ഥിതസ്തദാ തസ്മൈ സഥാനാനി കലയേ ദദൗ
ദ്യൂതം പാനം സ്ത്രീയഃ സൂനാ യത്രാധര്‍മ്മശ്ചതുര്‍വിധഃ (1-17-38)
പുനശ്ച യാചമാനായാ ജാതരൂപമദാത് പ്രഭുഃ (1-17-39)
സൂതന്‍ തുടര്‍ന്നു:
സംസ്കാരരഹിതനും അധാര്‍മ്മികനുമായ ഒരു രാജാവിന്റെ വേഷത്തില്‍ വന്ന് കാളയെ തല്ലുകയും പശുവിനെ ചവിട്ടുകയും ചെയ്ത ഒരാളെ പരീക്ഷിത്ത് തടവിലാക്കി. പിന്നീടദ്ദേഹം കാളയോടു ചോദിച്ചു. “നീയാരാണ്? ഒറ്റക്കാലില്‍ ഇങ്ങനെ ചാടിനടക്കുന്നുതെന്തുകൊണ്ട്? നിനക്ക് എങ്ങനെയാണ് മറ്റുകാലുകള്‍ നഷ്ടമായത്? എന്റെ രാജ്യത്ത് ഇത്തരമൊരുകാര്യം നടക്കാന്‍ പാടില്ലാത്തത്താണ്. ഒരു രാജാവിന്റെ അഭിമാനം, മാന്യത, ആയുസ്സ്, ഭാവിസ്വര്‍ഗ്ഗപ്രാപ്തി ഇവയെയെല്ലാം ബാധിക്കാന്‍ ദുഷ്ടരുടെ ഈ പ്രവൃത്തി മതി. നിന്റെ ഈ സ്ഥിതിക്ക് കാരണക്കാരന്‍ ആരെന്നു പറഞ്ഞുതരൂ. ഞാനവനെ വകവരുത്തുന്നുണ്ട്.”
ബുദ്ധിമാനായ കാള മറുപടി പറഞ്ഞു: “നന്ദി മഹാരാജാവേ നന്ദി. സംരക്ഷണം വാഗ്ദാനം ചെയ്തതില്‍ നന്ദിയുണ്ട്. പക്ഷെ ഈ ദുരിതത്തിന്റെ കാരണമാരെന്ന് എങ്ങിനെ പറയുവാനാവും? ചിലര്‍ പറയുന്നത് അവനവന്റെ സ്വകര്‍മ്മഫലമാണ് ഈ ജന്മത്തില്‍ അനുഭവിക്കുന്നുതെന്നാണ്. മറ്റുചിലര്‍ പറയുന്നു പ്രകൃതി നിയമമാണെന്നും വിധിയാണെന്നും. ഇനിയും ചിലര്‍ ഇത് വാക്കിനും ബുദ്ധിക്കും അപ്പുറത്തുളള കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്നു.”
കാളയുടെ സംഭാഷണത്തിനിടക്ക് കയറി രാജാവ് പറഞ്ഞു. “അല്ലയോ വൃഷഭശ്രേഷ്ഠ, താങ്കള്‍ ധര്‍മ്മം തന്നെ. ദുഷ്ടതയുടെ കാരണം തേടുന്നതുപോലും ദുഷ്ടതയാണെന്ന് അങ്ങറിയുന്നു. കഴിഞ്ഞ യുഗത്തില്‍ താങ്കള്‍ക്ക് തപസ്സ്, ശുദ്ധി ദയ, സത്യം എന്നീ നാലുകാലുകളുണ്ടായിരുന്നുല്ലോ. അധാര്‍മ്മികതകൊണ്ട് ആദ്യത്തെ മൂന്ന് കാലുകളും പോയി. ഇപ്പോഴിതാ കലിയുഗം അവിടുത്തെ നാലാമത്തെ കാലിനേയും ഭീഷണിപ്പെടുത്തുന്നു. ശ്രീകൃഷ്ണന്‍ ഭൂമിവിട്ടുപോയതില്‍ പരിതപിക്കുന്ന ഭൂമിദേവിതന്നെയാണ് ആ നില്‍ക്കുന്ന പശു എന്നം ഞാന്‍ മനസിലാക്കുന്നു.”
അധാര്‍മ്മികനായ മനുഷ്യനെ (കലിതന്നെ അയാള്‍) നോക്കി പരീക്ഷിത്ത് പറഞ്ഞു. “നിനക്ക് എന്റെ രാജ്യത്ത് സ്ഥാനമില്ല. നിന്റെ സാന്നിദ്ധ്യംകൊണ്ട് ഭൂമിയില്‍ അധര്‍മ്മം കൂടിയിരിക്കുന്നു. എന്നിലും ശ്രീകൃഷ്ണശക്തികൊണ്ട് ഈ രാജ്യത്ത് ഇപ്പോഴും ഭക്തിക്കും ധര്‍മ്മത്തിനുമാണ് സ്ഥാനം.”
രാജാവിന്റെ മുന്‍പില്‍ പേടിച്ചുവിരച്ച് കലി യാചിച്ചു. ” എനിക്ക് താമസിക്കാന്‍ പറ്റിയസ്ഥലങ്ങള്‍ ദയവായി പറഞ്ഞുതന്നാലും. പിന്നെ അങ്ങേക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഞാന്‍ കഴിഞ്ഞുകൊളളാം.”
കുറച്ചുനേരത്തെ ഗാഢാലോചനക്കുശേഷം പരീക്ഷിത്ത് പറഞ്ഞു. ” നീ അധര്‍മ്മത്തിന്റേയും ദുഷ്ടതയുടേയും പര്യായമാണല്ലോ. നിനക്ക് ചൂതുകളിസ്ഥലത്തും മദ്യത്തിലും കാമാര്‍ത്തകളായ സ്ത്രീകളിലും അറവുശാലകളിലും സ്വര്‍ണ്ണത്തിലും വസിക്കാം. ചതി, ലഹരി, കാമം, ഹിംസ, ശത്രുത എന്നിവയെല്ലാം പ്രകടിപ്പിച്ച് നിനക്കവിടെ ജീവിക്കാം.”
മുനിവര്യരേ, സത്യാന്വേഷിയായ ഉപാസകര്‍ മേല്‍പ്പടി അഞ്ചുകാര്യങ്ങളില്‍ നിന്നും തീര്‍ത്തും വിട്ടുനില്‍ക്കേണ്ടതാണ്. കാളയുടെ മൂന്നുകാലുകളും വീണ്ടെടുത്തേല്‍പ്പിച്ച് ഭൂമിദേവിയെ സമാധാനിപ്പിച്ചശേഷം മഹാരാജാവ് രാജധാനിയിലേക്കുതിരിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF