ജനുവരി 4 1936
126. ഡോക്ടര്‍ സയ്യദ് വീണ്ടും ചോദിച്ചു.
ആത്മീയ പുരോഗതിക്കു കര്‍മ്മമാര്‍ഗ്ഗമോ സന്യാസമാര്‍ഗ്ഗമോ നല്ലത്?
ഉ: നിങ്ങളെ വിടുകയോ? സന്യാസമെന്നാലെന്ത്?
ഒരമേരിക്കന്‍ എഞ്ചിനീയര്‍ സത്സംഗത്തെപ്പറ്റി ചോദിച്ചു.
ഉ: സത്ത് നമുക്കുള്ളിലാണ്.
ചോ: അങ്ങ് ‘ഞാനാര്‍’ എന്ന ഗ്രന്ഥത്തില്‍ ഹൃദയം മനസ്സിന്റെ ഇരിപ്പിടമാണെന്നു പറഞ്ഞിരിക്കുന്നു. അങ്ങനെയോ?
ഉ: മാത്രവുമല്ല മനസ്സ് ആത്മാവുമാണ്.
ചോ: മനസ്സ് ആത്മാവിന്റെ ബാഹ്യരൂപമല്ലേ?
ഉ: മനസ്സ് ആത്മാവ് തന്നെയാണ്.
ചോ: മനസ്സാണ് അവസാനത്തെ തത്വമെന്ന് പാശ്ചാത്യര്‍ കരുതുന്നു. പൗരസ്ത്യരുടെ തീരുമാനമതല്ല. അതെന്ത്?
ഉ: മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ് വേദാന്തം തുടങ്ങുന്നത്. അനുഭവവുമതാണ്. മനസ്സ് ജനിച്ചു. നാമത് കാണുന്നു.മനസ്സിനെക്കൂടാതെയും നമുക്കു സ്ഥിതിയുണ്ട്. എല്ലാവരുടെ അനുഭവത്തിലും അത് സ്പഷ്ടമാണ്.
ചോ: ഗാഢനിദ്രയില്‍ അതറിയുന്നില്ലല്ലോ?
ഉ: ഉണര്‍ന്ന ശേഷമല്ലേ ഇതു പറയുന്നത്. അത് നാമരൂപങ്ങളെ എണ്ണുന്ന മനസ്സിന്റെ അറിവാണ്. മനോസീമയ്ക്കും അതീതമായ നിദ്രയിലെ നമ്മുടെ ഇരിപ്പിനെപ്പറ്റി മനസ്സിനെന്തറിയാനൊക്കും?
ചോ: പരമാത്മാവ് മനസ്സിനെയും നിയന്ത്രിക്കുന്നുവെന്ന് പാശ്ചാത്യര്‍ സമ്മതിക്കുന്നു.