സുഖ മൈന്ദ്രിയകം രാജന്‍ , സ്വര്‍ഗ്ഗേ നരക ഏവ ച
ദേഹിനാം യദ്യഥാ ദുഃഖം തസ്മാന്നേച്ഛേത തദ് ബുധഃ (11-8-1)
ന ഹ്യംഗാജാതനിര്‍വ്വേദോ ദേഹബന്ധം ജിഹാസതി
യഥാ വിജ്ഞാനരഹിതോ മനുജോ മമതാം നൃപ (11-8-29)
മുനി തുടര്‍ന്നു:
ഇന്ദ്രിയസുഖങ്ങളും വേദനകളും സ്വര്‍ഗ്ഗനരകങ്ങളില്‍ ലഭ്യമാണ്. അതിനാല്‍ വിവേകിയായവന്‍ അവയെ ആഗ്രഹിക്കരുത്. പെരുമ്പാമ്പിനേപ്പോലെ കിട്ടുന്നതെന്തും കൊണ്ട് ഒരുവന്‍ സംതൃപ്തനായി ജീവിക്കണം. ഒരു സന്ന്യാസിവര്യന്‍ ശാന്തശീലനും അക്ഷോഭ്യനും ആഴമളക്കാനരുതാത്തവനും അഭേദ്യനും ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കാത്തവനും ആയിരിക്കണം. സമുദ്രം ഇങ്ങനെയാണല്ലോ. കടലില്‍ വന്നുചേരുന്ന നദികള്‍ ജലസമൃദ്ധമോ വറ്റിവരണ്ടതോ എന്ന വ്യത്യാസമില്ലാതെ അതു നിലകൊളളുന്നതുപോലെ ഒരു സന്ന്യാസി സമചിത്തനും പ്രിയവും അപ്രിയവുമായ അനുഭവങ്ങളെ ഒരുപോലെ സ്വീകരിക്കുന്നവനുമായിരിക്കണം. ഈയാംപാറ്റ അഗ്നിപ്രഭയില്‍ കുടുങ്ങി അതില്‍ ചാടി എരിഞ്ഞൊടുങ്ങുന്നതുപോലെ വിഡ്ഢിയായ മനുഷ്യന്‍ സ്ത്രീയില്‍ ഭ്രമിച്ച് വശനായി ആത്മീയപാതയില്‍ സ്വയം ചാവുന്നു. തേനീച്ച പൂവിനു മുകളിലിരുന്നു തേനുണ്ണുമ്പോള്‍ എപ്രകാരമാണോ പൂവിനെ നോവിക്കാത്തത് അതുപോലെയാവണം സന്ന്യാസി ഭിക്ഷതേടേണ്ടത്. ജനങ്ങളെ വിഷമിപ്പിക്കാതെ വേണം അവരില്‍ നിന്നും ഭിക്ഷ സ്വീകരിക്കാന്‍. തേനീച്ച പൂക്കളില്‍നിന്നും തേനെടുത്ത് സംഭരിക്കുന്നതുപോലെ വിജ്ഞാനിയായ ഒരുവന്‍ പലേയിടങ്ങളും നിന്നും വിജ്ഞാനം സ്വീകരിച്ച് സ്വയം അറിവു കണ്ടെത്തണം. എന്നാല്‍ തേനീച്ച സംഭരിക്കുന്നതുപോലെ മുതല്‍ക്കൂട്ടു നടത്തുന്നതായാല്‍ നാശത്തിലേക്കാണതു നയിക്കുക. തേനെടുക്കുന്നവന്‍ കൈവയ്ക്കുന്നത് ഏറ്റവും കൂടുതല്‍ തേനുളള കൂട്ടിലാണല്ലോ. ഭിക്ഷാംദേഹിയായ സന്ന്യാസി എല്ലാവിധ സ്ത്രീസംസര്‍ഗ്ഗങ്ങളും ഒഴിവാക്കണം. ആനയെ പിടികൂടുവാന്‍ സാധിക്കുന്നത് അതിന് പെണ്ണാനയോട് ആസക്തിയുണ്ടാവുന്ന സമയത്താണല്ലോ. ഒരു പരിവ്രാജകന്‍ ഒരിക്കലും വഷളായ ഗാനങ്ങള്‍ കേള്‍ക്കരുത്. മാന്‍പേട പാട്ടു കേട്ടാണല്ലോ കുടുങ്ങുന്നത്. സ്ത്രീകളുടെകൂടെ നൃത്തംചെയ്ത് ഋഷ്യശൃംഗന്‍ കാമത്തിനടിമയായി. ഇന്ദ്രിയങ്ങളില്‍ നാവിന്റെ സ്വാദിനെയാണ് നിയന്ത്രിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്. അതിനെ നിയന്ത്രിച്ചാല്‍ മറ്റെല്ലാം എളുപ്പം. സ്വാദിനെ നിയന്ത്രിക്കാനാവാത്ത മീന്‍ ചൂണ്ടയില്‍ എളുപ്പം കുരുങ്ങുന്നു.
പണ്ട് പിംഗള എന്ന പേരായ ഒരു ദേവദാസിയുണ്ടായിരുന്നു. ഒരു സായാഹ്നത്തില്‍ മനോഹരമായി അണിഞ്ഞൊരുങ്ങി അവള്‍ തന്റെ വീടിനു മുന്നില്‍ ഇരുന്നു. ധനികരായ കക്ഷികളേയും കാത്ത് അവള്‍ വീട്ടിനു മുന്നില്‍ പാതിരാവാകുംവരെ ഉലാത്തി. അവസാനം തളര്‍ന്ന് ആശയറ്റ് പിംഗള സ്വയം പറഞ്ഞു; ‘ഇപ്പോള്‍ എന്റെ വിഡ്ഢിത്തം നിറഞ്ഞ ആശകള്‍ സഫലമാവാത്തത് ഒരു സൗഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. പരംപൊരുളായ ഭഗവാനെ ഓര്‍മ്മിക്കാനും മനസ്സും ഹൃദയവും അവിടുത്തെനേര്‍ക്ക് തിരിക്കാനും ഉളള സൗഭാഗ്യം എനിക്കു ലഭിച്ചുവല്ലോ. കഷ്ടം. ഇത്ര നാളും ഞാന്‍ മലീമസമായ വസ്തുക്കള്‍ തൊലിയില്‍ പൊതിഞ്ഞു വച്ച മനുഷ്യന്‍ എന്നു പറയപ്പെടുന്നവര്‍ക്കു വേണ്ടി എന്റെ ശരീരത്തെ ചെറിയൊരു പ്രതിഫലത്തിനും വലിയ ദുരിതങ്ങള്‍ക്കും വേണ്ടി വിറ്റുപോന്നു. ഇപ്പോള്‍ മുതല്‍ ഭഗവാനില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു. അവിടുന്ന് എല്ലാ ജീവജാലങ്ങള്‍ക്കും പ്രിയനാണല്ലോ.’
അങ്ങനെ വിഡ്ഢിത്തം നിറഞ്ഞ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് അവള്‍ പരമാനന്ദത്തെ പ്രാപിച്ചു. ആ അവസ്ഥയില്‍ ആഗ്രഹങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല. ഇങ്ങനെയുളള അറപ്പിന്റെയും വെറുപ്പിന്റെയും അനുഭവപാഠം കൂടാതെ ഒരുവന്‍ ശരീരബോധത്തെ ഉപേക്ഷിക്കുകയില്ല. വിജ്ഞാനവും വിവേകവും ഇല്ലാതെ ഒരുവന് വസ്തുവകകളിലുളള ഉടമാവകാശവും ആസക്തിയും ഉപേക്ഷിക്കുക സാദ്ധ്യമല്ല.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF