ശ്രീ രമണമഹര്‍ഷി

ജനുവരി 6, 1936

ചോ: പതജ്ഞലിമുനിയുടെ യോഗസൂത്രം ഐക്യാനുസന്ധാനത്തെപ്പറ്റി പറയുന്നു.

ഉ: അഹങ്കാരന്റെ നാശമാണ്‌ ഐക്യാനുസന്ധാനം.

131. സുബ്ബറാവു ചോദിച്ചു: മുഖ്യപ്രാണന്‍ എന്നാലെന്താണ്?

ഉ: അഹങ്കാരനും മുഖ്യപ്രാണവൃത്തിയും എവിടെന്നിന്നുമുദിക്കുന്നുവോ അതാണ്‌ മുഖ്യപ്രാണന്‍. അതിനെയാണ്‌ കുണ്ഡലിനിയെന്നു പറയുന്നത്‌. വെളിപ്പെടുകയോ മറയുകയോ ചെയ്യാതെ എപ്പോഴും ഇരിക്കുന്നത്‌ പ്രജ്ഞ. തോന്നിത്തോന്നി മറഞ്ഞുപോകുന്ന മനോമയ അഹങ്കാരന്‍ പ്രജ്ഞയോട്‌ അടുത്തും അകന്നും പ്രവര്‍ത്തിക്കും. അതിനൊരു സ്വന്തം നിലയില്ല.

ചോ: മോക്ഷമെന്നാലെന്താണ്‌?

ഉ: നമുക്ക്‌ ജനനമേ ഇല്ലെന്ന സത്യത്തെ ഉണരുന്നതാണ്‌ മോക്ഷം. താന്‍ തന്നെ ഈശ്വരന്‍ എന്നുണരുക. (Be still and know that I am God‌) ചിന്തയറ്റു ചുമ്മാതിരിക്കുന്നതാണ്‌ ശാന്തി. മേലുപദേശത്തില്‍ ഉണരുക എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌, ‘വിചാരിക്കൂ’ എന്നല്ല. ആ ഉപദേശം അനുഭവത്തെപ്പറയുകയാണ്‌, ഭാവനയെയല്ല.

ചോ: “ഉള്ളത്‌ നാല്‍പതി”ല്‍ നെഞ്ചിന്റെ നട്ടെല്ലില്‍ നിന്നും രണ്ടുവിരല്‍ വലത്തോട്ട്‌ പല നിറങ്ങളുള്ള ആറു സ്ഥാനങ്ങളുടെ കേന്ദ്രം ഹൃദയസ്ഥാനമാണെന്നു പറയപ്പെട്ടിരിക്കുന്നു. അത്‌ അഹംവൃത്തിയുടെ ആദിയാണെന്ന്‌ ഭഗവാന്റെ ഉപദേശങ്ങളില്‍ കാണുന്നു. അപ്പോള്‍ ഹൃദയത്തിന്റെ ശരിയായ സ്ഥാനമേത്‌? അവിടെ ഹൃദയത്തില്‍ നിലച്ചിരിക്കുന്നതെങ്ങനെ?

ഉ: താനാരെന്നറിഞ്ഞാല്‍ മതിയാവും. ഉറക്കത്തിലും ഉണര്‍വിലും ഒന്നുപോലെ ബന്ധപ്പെട്ടിരിക്കുന്ന താന്‍ ഒന്നാണ്‌. ഇതറിയാത്തതിനാല്‍ ഉണര്‍ച്ചയില്‍ ദുഃഖവും അതിനെ ഒഴിക്കാനുള്ള പ്രയത്നവും ആവശ്യവും ഏര്‍പ്പെടുന്നു. ഉറക്കത്തില്‍ നിന്നു ഉണരുന്നത്‌ ആരെന്നു കേട്ടാല്‍ ‘ഞാന്‍’ എന്നുത്തരം പറയുന്നു. ഈ ഞാന്‍ എന്നതിനെ ശ്രദ്ധിക്കണം. അങ്ങനെ ശ്രദ്ധിച്ചാല്‍ ഞാന്‍ എന്ന അഹന്ത തനിക്കൊരു സ്ഥിതിയില്ലാതെ ഹൃദയത്തില്‍ ഒടുങ്ങുന്നത്‌ കാണാം. അവിടെ നിത്യസത്യസ്വരൂപം പ്രകാശിക്കും. അതുകൊണ്ട്‌ ഞാനെന്നതേതാണെന്നു സൂക്ഷ്മമായി മനസ്സിലാക്കി ശ്രദ്ധിക്കണം. വേറൊരു സ്ഥാനത്തെയും ധ്യാനിക്കട്ടെ. സത്യത്തിനു അകം പുറം എന്ന ഭേദമൊന്നുമില്ല. മുന്‍പും പുറവും എല്ലാം ഒന്നു തന്നെ. അല്ലെങ്കില്‍ ഒന്നുമല്ല.

എന്നാലും ഹൃദയസ്ഥാനത്തെ ധ്യാനിക്കുന്നത്‌ ഒരു മാര്‍ഗ്ഗം മാത്രം, അത്‌ സത്യാന്വേഷണമല്ല. ഹൃദയമുള്ളവന്‍ മനം നശിച്ചു നിശ്ചലമാകുന്ന അവസ്ഥയിലേ തന്റെ സ്ഥിതിയെ അറിയാനൊക്കൂ. വേറെ സ്ഥാനങ്ങളെ ധ്യാനിക്കുന്നവന്‍ ഏതോ ഒരു വിധ ലയത്തിലിരിക്കും. മനസ്സ്‌ വീണ്ടും ഉണരുമ്പോഴാണ്‌ അതുവരെ അത്‌ നിശ്ചലമായിരുന്നു വെന്നറിയുന്നത്‌.