വാസേ ബഹൂനാം കലഹോ ഭവേദ്വാര്‍ത്താ ദ്വയോരപി
ഏക ഏവ ചരേത്തസ്മാത് കുമാര്യാ ഇവ കങ്കണഃ (11-9-10)
മന ഏകത്ര സംയുജ്യാജ്ജിതശ്വാസോ ജിതാസനഃ
വൈരാഗ്യാഭ്യാസയോഗേന ധ്രിയമാണമതന്ദ്രിതഃ (11-9-11)
യത്ര യത്ര മനോ ദേഹീ ധാരയേത് സകലം ധിയാ
സ്നേഹാദ്ദ്വേഷാദ് ഭയാദ്വാപി യാതി തത്തത്സരൂപതാം (11-9-22)
ന ഹ്യേകസ്മാദ്ഗുരോര്‍ജ്ഞാനം സുസ്ഥിരം സ്യാത് സുപുഷ്കലം
ബ്രഹ്മൈതദദ്വിതീയം വൈഃ ഗീയതേ ബഹുധര്‍ഷിഭിഃ (11-9-31)
മുനി തുടര്‍ന്നു:
ശക്തനായ ഒരു കഴുകന്‍ ദുര്‍ബ്ബലനായ മറ്റൊന്നിനെ ആക്രമിക്കുന്നത് ഞാനൊരിക്കല്‍ കാണുകയുണ്ടായി. അതിന്റെ വായില്‍ ഒരിറച്ചിക്കഷണമുണ്ടായിരുന്നു. ലൗകികവസ്തുക്കള്‍ക്കുവേണ്ടിയാണല്ലോ മനുഷ്യരും പരസ്പരം കലഹിക്കുന്നത്. കഴുകന്‍ ഇറച്ചിക്കഷണം പ്രയാസമേതും കൂടാതെ ഉപേക്ഷിച്ച് പറന്നുപോയി. അതുപോലെ വിവേകിയായ ഒരുവന്‍ സമ്പാദ്യങ്ങളെ ഉപേക്ഷിച്ച് ശാന്തത നേടേണ്ടതാണ്. ഒരു ശിശുവിനെപ്പോലെ ഞാന്‍ മാനാപമാനങ്ങള്‍ക്കതീതനാണ്. എനിക്ക് ആശങ്കകളുമില്ല. നിര്‍ദ്ദോഷിയായ ശിശുവിനും ശിശുവിനെപ്പോലെ നിഷ്ക്കളങ്കനായ മഹര്‍ഷിക്കും മാത്രമേ ഇഹലോകത്തില്‍ സന്തോഷമുളളു. ഒരു ചെറിയ പെണ്‍കുട്ടി തനിക്ക് വിവാഹാലോചനയുമായി വന്ന അതിഥികളെ സല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു. നെല്ലു കുത്തുമ്പോള്‍ കയ്യില്‍ കിടന്ന വളകള്‍ ശബ്ദമുണ്ടാക്കി. അവള്‍ വളകളോരോന്നായി പൊട്ടിച്ചു കളഞ്ഞു. അവസാനം രണ്ടു വളകള്‍ വീതമായിട്ടും ശബ്ദം ഉണ്ടായിരുന്നു. ഒടുവില്‍ അവള്‍ ഓരോ കയ്യിലും ഓരോ വള മാത്രം ഇട്ടപ്പോള്‍ ശബ്ദവും നിലച്ചു. ഇതില്‍ നിന്നും ഞാന്‍ പഠിച്ചതു പലര്‍ കൂടുമ്പോള്‍ കലാപമുണ്ടാവുന്നുവെന്നും രണ്ടുപേരായാല്‍ പരദൂഷണമുണ്ടാവുമെന്നും അതിനാല്‍ ഏകനായിരിക്കുന്നതാണുത്തമം എന്നുമത്രെ.
ഒരുവന്‍ തന്റെ ഇരിപ്പും ശ്വാസഗതിയും നിയന്ത്രിച്ച് ജാഗ്രത വളര്‍ത്തണം. അനാസക്തിയും സ്ഥിരപരിശീലനവും കൊണ്ട് മാന്ദ്യമേതും കൂടാതെ അതു നേടാനാവുന്നതത്രെ. അമ്പുണ്ടാക്കുന്നയാള്‍ അതീവ ജാഗരൂകനാകയാല്‍ അതുവഴി കടന്നുപോയ രാജാവിനേയോ സന്നാഹങ്ങളെയോ അയാള്‍ കണ്ടതുപോലുമില്ല. അതുപോലെയായിരിക്കണം നമ്മുടെ ശ്രദ്ധ. ഒരു പാമ്പിനെപ്പോലെ ഭിക്ഷാംദേഹിയായ സന്ന്യാസി മറ്റുളളവര്‍ ഉപേക്ഷിച്ചുപോയ വസതികളില്‍ താമസിക്കണം. അല്ലാതെ സ്വന്തമായി ഒന്നുണ്ടാക്കി സമയം വൃഥാവിലാക്കരുത്. എട്ടുകാലി എപ്രകാരമാണോ വലയുണ്ടാക്കി സ്വയം അതിനുള്ളിലേക്ക് വലിയുന്നത് അപ്രകാരം ഭഗവാന്‍ സ്വയം വിശ്വസൃഷ്ടി നടത്തി അതിനുള്ളില്‍ തന്നിലേക്ക് സ്വയം വിലീനനാവുന്നു. അവിടുന്നു മാത്രമാണുണ്മ. ‘എന്താണോ ഒരുവന്‍ നിതാന്തമായി ജീവിതം മുഴുവന്‍ ധ്യാനിക്കുന്നത് – അത് പ്രേമത്തിലൂടെയോ വെറുപ്പിലൂടെയോ ഭയത്തിലൂടെയോ ആയിക്കൊളളട്ടെ – അവന്‍ അതായിത്തീരുന്നു.’ ഒരു കടന്നലിന്റെ കുത്തേറ്റ പുഴു കടന്നലിനെത്തന്നെ ധ്യാനിച്ച് ഒടുവില്‍ അതായിത്തീരുന്നു.
ഈ പാഠങ്ങളെല്ലാം ഞാനീ ഗുരുക്കന്‍മാരില്‍ നിന്നുമഭ്യസിച്ചു. എന്റെ ശരീരത്തില്‍ നിന്നും ഞാന്‍ ഏറെ പഠിക്കുകയുണ്ടായി. ഈ ശരീരം മറ്റുളളവര്‍ക്കു സ്വന്തമാണ്. എന്‍റേതല്ല. ജീവിതകാലത്ത് ഇന്ദ്രിയങ്ങളുടെ പിടിയില്‍പ്പെട്ടു വലഞ്ഞ് പലേദിശകളിലേക്ക് വലിച്ചിഴക്കപ്പെട്ട് ദുരിതങ്ങള്‍ സഹിച്ച് ഭാവി ജീവിതങ്ങളിലേക്കുളള വിത്തും പാകി അയാള്‍ മരണം വരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ മനുഷ്യജീവിയുടെ സൃഷ്ടിയിലാണ് ഭഗവാന്‍ സംതൃപ്തനായത്. മറ്റെല്ലാ സൃഷ്ടികള്‍ക്കും ഉപരിയായി മനുഷ്യജന്മത്തില്‍ മാത്രമാണ് ആത്മസാക്ഷാത്ക്കാരം സാദ്ധ്യമാവുന്നത്. അത് അവന്റെ പ്രത്യേകതയത്രെ. ഈ ഒരു ലക്ഷ്യവുമായാണ് ഒരുവന്‍ മനുഷ്യജന്മമെടുക്കുന്നത്. സ്ഥിരപ്രതിഷ്ഠമായ അറിവു നല്‍കുന്നത് ഒരു ഗുരു മാത്രമല്ല. ഏകമായ ആത്മാവിനെപ്പറ്റി പലേ ഋഷിവര്യന്മാരും പലവിധത്തില്‍ പാടി പുകഴ്ത്തിയിട്ടുണ്ട്.
ശ്രീകൃഷ്ണന്‍ പറഞ്ഞു:
ഇതു കേട്ട് യദുവിന് ബോധോദയമുണ്ടായി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF