ശ്രീ രമണമഹര്‍ഷി

ജനുവരി 6, 1936

ചോ: ജാഗ്രത്ത്‌, സ്വപ്ന, സുഷുപ്തികളില്‍ ഇരിക്കുന്നവന്‍ ഞാനൊരാള്‍ മാത്രമാണെങ്കില്‍ ഇടയ്ക്ക്‌ ഈ അഹന്ത എന്നെ മറച്ചിരിക്കുകയാണോ? അഥവാ അതെന്റെ സ്വയം കൃതാനര്‍ത്ഥമാണോ?

ഉ: നിങ്ങളെക്കൂടാതെ എന്തെങ്കിലും സംഭവിച്ചോ?

ചോ: എനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ല.

ഉ: നാം കാണുന്നതുകൊണ്ട്‌ എല്ലാം കാണപ്പെടുന്നു. ഉറക്കത്തില്‍ ഇതൊന്നുമില്ലല്ലോ. ഇപ്പോള്‍ പുത്തനായി ഈ ദൃശ്യങ്ങളെല്ലാം എവിടെനിന്നും വന്നുചേര്‍ന്നു?

ചോ: ഇന്ദ്രിയങ്ങളും മനസ്സും നിമിത്തം.

ഉ: അങ്ങനെ പറയുന്നതാര്‌? ഉറക്കത്തിലുണ്ടായിരുന്നവനാണോ? അവന്‍ അപ്പോള്‍ നിദ്രയിലും ഇക്കാര്യം പറഞ്ഞിരിക്കേണ്ടിയിരുന്നു. ഉറക്കത്തില്‍ തനിസമരത്തിലിരുന്ന താന്‍ തന്നെ ഇപ്പോള്‍ ‘ഞാന്‍’ വേറെയാണെന്നു മറ്റൊരു താവളത്തില്‍ ചെന്നുനിന്നു പറയുകയാണ്‌. നിത്യശാശ്വതവും പരിശുദ്ധവുമായ സത്യവസ്തുവിനെ വിട്ട്‌ ഏതെങ്കിലും ഒന്നു പുതിയതായുതുണ്ടാകാനൊക്കുമോ? ഈ സന്ദേഹവും എക്കാലത്തും തോന്നുന്നതാണ്‌. ഇതിന്റെ സത്യത്തെ അന്തര്‍മുഖ വിചാരണയില്‍കൂടിയേ അറിയാനൊക്കുകയുള്ളൂ. അങ്ങനെ ചെയ്യൂ വിവാദത്തിനന്ത്യമില്ല.

ചോ: അങ്ങു തന്നെ അതിനനുഗ്രഹിക്കൂ. ഞാന്‍ വിവാദിക്കാനല്ല, പഠിക്കാന്‍ വന്നതാണ്‌.

ഉ: ആദ്യം താനാരെന്നു പഠിക്കൂ. ഇതിനു ശാസ്ത്രങ്ങളോ പാണ്ഡിത്യമോ വേണ്ട. അത്‌ കേവലം സ്വാനുഭവമാണ്‌. താന്‍ തന്റെ സ്വരൂപത്തെ അറിയാന്‍ അന്യരോട്‌ മാര്‍ഗ്ഗം കേള്‍ക്കുകയോ? വേദാന്തത്തിന്റെ ഉദ്ദേശ്യം ഒരുത്തനെ ബാഹ്യവിഷയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച്‌ അന്തര്‍മുഖനാക്കുകയാണ്‌.

‘നിന്നെ നീയറിഞ്ഞെന്നാല്‍ നിനക്കൊരു കേടുമില്ല,
എന്നെ നീ കേള്‍ക്കയാലീ സത്യവും നിനക്കോതി’ എന്നു കൈവല്യനവനീതം.

അധിഷ്ഠാനമായ ആത്മാവിനെ ചാരി നിന്നുകൊണ്ടേ അഹന്ത ചേഷ്ടിക്കാനാവൂ. നാം നമ്മെ (ആത്മാവിനെ) വിടാതെ ചേര്‍ന്നുനിന്നുകൊണ്ടാല്‍ അഹന്ത പ്രവര്‍ത്തിക്കാനിടമില്ലാതെ മാഞ്ഞു പോകും. സത്യം (ആത്മാവ്‌) മാത്രം ഉള്ളില്‍ പ്രകാശിക്കും. അതുവരെ അറിഞ്ഞവന്‍ ‘നീ നിന്റെ സ്വരൂപത്തിലേ ഇരിക്കുന്നു’ എന്നും അറിയാത്തവന്‍ ‘അതെവിടെ’ എന്നും പറഞ്ഞുകൊണ്ടേ ഇരിക്കും.