ശ്രീ രമണമഹര്‍ഷി

ജനുവരി 6, 1936

ചോ: തന്നെ അറിയണമെന്നാണല്ലോ ഇപ്പറഞ്ഞതിന്റെ എല്ലാം സാരം.

ഉ: അതെ. സര്‍വ്വത്തിന്റെയും സാരം.

അദ്വൈതസിദ്ധാന്തത്തില്‍ രണ്ടു ഘടകങ്ങള്‍ ഉണ്ട്‌. ഒന്ന്‌ സൃഷ്ടിദൃഷ്ടിയും മറ്റൊന്ന്‌ ദൃഷ്ടിസൃഷ്ടിയും. ഈശ്വരസൃഷ്ടിയില്‍ മുമ്പിനാലേ ഉള്ള ജഗത്തിനെ ജീവന്‍ തന്റെ കണ്ണുകളാല്‍ കാണുന്നു എന്നുള്ളതൊന്ന്‌. ദൃഷ്ടി തന്നെ സൃഷ്ടിയും കാണുമ്പോള്‍ തല്‍സമയം കാണുന്നവന്റെ ഭാവനക്കൊത്ത്‌ കാണപ്പെടുന്നത്‌ മറ്റൊന്ന്‌.

താന്ത്രികരുടെ അദ്വൈതത്തില്‍ മൂന്നു ഘടകങ്ങള്‍ (ജഗത്ത്‌, ജീവന്‍, ഈശ്വരന്) ഉണ്ട്‍. ഈ മൂന്നിനെയും താണ്ടി അതീതമായിനില്‍ക്കുന്നതാണ്‌ താന്ത്രികരുടെ അദ്വൈതം. സത്യം അതിരില്ലാത്തതാണ്‌. ആ പരമാര്‍ത്ഥസത്യത്തിനന്യമായിട്ട്‌ ജീവനും ഈശ്വരനും ജഗത്തും ഇല്ല. സത്യം സര്‍വ്വവ്യാപകമായ പൂര്‍ണ്ണമാണെന്നതിനോട്‌ എല്ലാവരും യോജിക്കുന്നു. അപ്രകാരം ഈശ്വരന്‍ ജീവന്മാരെ വ്യാപിച്ചു നില്‍ക്കുന്നു. അങ്ങനെ ജീവനും ശാശ്വത സ്ഥിതിയുണ്ട്‌. ഈ വിധം അവന്റെ അറിവും അതിരറ്റതാണ്‌. എന്നാല്‍ താന്‍ കിഞ്ചിജ്ഞനാണെന്ന്‌ ജീവന്‍ കരുതുന്നത്‌ അറിവില്ലായ്മയാണ്‌. യഥാര്‍ത്ഥത്തില്‍ അവന്‍ അനന്തം അറിവുള്ളവനാണ്‌. മൗനമാണ്‌ പരിപൂര്‍ണ്ണജ്ഞാനം. ഈ സത്യത്തെ ഈശ്വരന്‍ ദക്ഷിണാമൂര്‍ത്തിയായി വന്നു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്‌. ജീവേശ്വര ജഗത്തുകളെ കാണുന്നവര്‍ക്ക് അത്‌ സത്യം . അവ കാണുന്നവനോട്‌ ചേര്‍ന്നു പ്രകാശിക്കുന്നവയാണ്‌.

എത്രയോ ഈശ്വരന്മാരെപ്പറ്റി പറയുന്നു. അവയെല്ലാം ഒരോ തത്വങ്ങളെ കുറിക്കുന്നവയാണ്‌. ദേവതാസ്വരൂപം തത്വത്തിന്റെ ലക്ഷണമാണ്‌. നാമരൂപങ്ങള്‍ക്കപ്പുറമുള്ളതാണ്‌ പരതത്വം. ഇങ്ങനെ വേദാന്തമായാലും സിദ്ധാന്തമായാലും ഒരേ ലക്ഷ്യത്തെ നോക്കി നില്‍ക്കുകയാണ്‌. രണ്ടിന്റെയും ലക്ഷ്യം ഒന്നല്ലെങ്കില്‍ അദ്വൈതാചാര്യനായ ശ്രീ ശങ്കരന്‍ പല സഗുണ മൂര്‍ത്തികളെയും സ്തുതിച്ചിരിക്കുന്നത്‌ എങ്ങനെ ശരിയാകും. എല്ലാ വഴികളും ആവശ്യമെന്നു കരുതിയാണ്‌ അദ്ദേഹം അങ്ങനെ ചെയ്തത്‌.