പരസ്പരാനുപ്രവേശാത് തത്ത്വാനാം പുരുഷര്‍ഷഭ
പൗര്‍വ്വാപര്യപ്രസംഖ്യാനം യഥാ വക്തുര്‍വ്വിവക്ഷിതം (11-22-7)
ഇതി നാനാ പ്രസംഖ്യാനം തത്ത്വാനാമൃഷിഭിഃ കൃതം
സര്‍വ്വം ന്യായ്യം യുക്തിമത്ത്വാദ് വിദുഷാം കിമശോഭനം (11-22-25)
ഉദ്ധവര്‍ ചോദിച്ചു:
ഭഗവാനേ, സത്യത്തെ പ്രതിപാദിക്കുന്ന തത്ത്വങ്ങള്‍ എന്തെല്ലാമാണ്? അവിടുന്നുതന്നെ ഇരുപത്തിയെട്ടു തത്ത്വങ്ങളെപ്പറ്റി പറയുകയുണ്ടായി. മഹര്‍ഷിമാര്‍ പലതരത്തിലാണ് അതിനെ വ്യാഖ്യാനിച്ചിട്ടുളളത്. ആര്‍ക്കാണിവിടെ തെറ്റു പറ്റിയത്?
ഭഗവാന്‍ കൃഷ്ണന്‍ അരുളി:
മഹര്‍ഷിമാര്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുളളതിനെല്ലാം കാരണങ്ങളുടെ അടിസ്ഥാനം ഉളളതിനാല്‍ ഉചിതം തന്നെ. അവരെല്ലാം ‘എന്‍റേതാണ് ശരി. നിങ്ങളുടേത് തെറ്റ്’ എന്ന വാചകകസര്‍ത്തുകളില്‍ മുഴുകിയിരിക്കുന്നു. കാരണം, ഈ തത്ത്വങ്ങളെല്ലാം എന്റെതന്നെ പ്രകടിതഭാവങ്ങളും ശക്തിവിശേഷങ്ങളുമത്രെ. അവര്‍ക്കെല്ലാം ഗ്രഹിക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ക്കപ്പുറത്തുമാണവ. എല്ലാ ‘കാര്യ’ത്തിനു പിറകിലും ‘കാരണം’ സഹജമത്രെ. തിരിച്ചും അപ്രകാരം തന്നെ. അതുകൊണ്ട് ഓരോരുത്തരും ഏതെല്ലാമാണ് പ്രാഥമികമായും മാദ്ധ്യമികമായും (കാരണവും ഫലവും) എന്നു സ്വയം തീരുമാനിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വിഭിന്നങ്ങളായ വ്യാഖ്യാനങ്ങള്‍ യുക്തിസഹമത്രെ. ഇന്ദ്രിയങ്ങളടക്കി മനസ്സിനെ നിയന്ത്രണത്തിലാക്കുമ്പോള്‍ മാത്രമേ ഇവയെ സംബന്ധിച്ച സത്യാവസ്ഥ അറിയുകയുളളു.
ചില മഹര്‍ഷിമാരുടെ അഭിപ്രായത്തില്‍ വ്യക്തിത്വമാര്‍ന്ന ജീവന് സ്വയം മുക്തിനേടാന്‍ കഴിയുകയില്ല. അതുകൊണ്ട് ‘ഈശ്വരന്‍’ എന്നൊരുതരം സത്തയെ അവതരിപ്പിച്ചിരിക്കുന്നു. മറ്റു ചിലര്‍ ഈശ്വരനും ജീവാത്മാവും തന്നിലുളള വ്യത്യാസം തുലോം നിരങ്കുശമാണെന്നും ഈശ്വരന്‍ എന്നത് ആത്മാവുതന്നെയായതുകൊണ്ട് ഇങ്ങനെയൊരു വ്യത്യസ്തസങ്കല്‍പം അനാവശ്യമാണെന്നും വാദിക്കുന്നു. അതുകൊണ്ട് ചിലര്‍ ഇരുപത്തിയാറ്, മറ്റു ചിലര്‍ ഇരുപത്തിയഞ്ച്, അടിസ്ഥാനതത്ത്വങ്ങള്‍ വ്യാഖ്യാനിക്കുന്നു. ഞാന്‍ ഇരുപത്തിയെട്ട് തത്ത്വങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ത്രിഗുണങ്ങളെ പ്രത്യേകമായെണ്ണി. മറ്റുളളവര്‍ ‘പ്രകൃതി’യില്‍ ഗുണങ്ങള്‍ ഉള്‍ക്കൊളളിക്കുന്നു. അങ്ങനെ ഇരുപത്തിയഞ്ച്. ചിലര്‍ പഞ്ചഭൂതങ്ങളെയും ബോധത്തെയും ഇവക്കെല്ലാമടിസ്ഥാനമായ പരംപൊരുളിനെയും ചേര്‍ത്ത് ഏഴ് തത്ത്വങ്ങള്‍ കണക്കാക്കുന്നു. ചിലര്‍ ആറ് തത്ത്വങ്ങള്‍ എന്നു പറയുന്നു. പഞ്ചഭൂതങ്ങളും പരംപൊരുളായ ബോധവും. ഇനിയും ചിലര്‍ വായുവിനെയും ആകാശത്തെയും ഒഴിവാക്കി നാലു തത്ത്വങ്ങളെ വ്യാഖ്യാനിക്കുന്നു.
പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ്, ആത്മാവ് എന്നിങ്ങനെ പതിനേഴ് തത്ത്വങ്ങള്‍ എന്ന് ഒരു കൂട്ടര്‍. ചിലര്‍ മനസ്സിനെയും ആത്മാവിനെയും ചേര്‍ത്ത് ഒന്നാക്കി വിവരിച്ച് പതിനാറ് തത്ത്വങ്ങള്‍ എന്നു മാറ്റുന്നു. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ്, ജീവന്‍, പരംപൊരുള്‍ എന്നിങ്ങനെ പതിമൂന്നാണ് തത്ത്വങ്ങള്‍ ചിലര്‍ക്ക്. മനസ്സിനെയും ജീവനെയും പരംപൊരുളില്‍ എണ്ണിയാല്‍ എണ്ണം പതിനൊന്നായി. പഞ്ചഭൂതങ്ങള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം, ബോധം എന്നിങ്ങനെ ഒന്‍പതാണ് തത്ത്വങ്ങള്‍ എന്നു പറയുന്നവരുമുണ്ട്. അതുകൊണ്ട് ഇവയെല്ലാം യുക്തിസഹമായ കണക്കാക്കല്‍ തന്നെയത്രെ. ഇത്തരം വിവിധ ചിന്താസരണികള്‍ വിവേകബുദ്ധി ഇല്ലാത്തതുകൊണ്ടാണ് ഉണ്ടാവുന്നതെന്നു പറയുക വയ്യ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF