കലേര്‍ദോഷനിധേ രാജന്നസ്തി ഹ്യേകോ മഹാന്‍ ഗുണഃ
കീര്‍ത്തനാദേവ കൃഷ്ണസ്യ മുക്തസംഗഃ പരം വ്രജേത് (12-3-51)
കൃതേ യദ്ധ്യായതോ വിഷ്ണും ത്രേതായാം യജതോ മഖൈഃ
ദ്വാപരേ പരിചര്യായാം കലൗ തദ്ധരികീര്‍ത്തനാത് (12-3-52)
ശുകമുനി തുടര്‍ന്നു:
നന്മനിറഞ്ഞ ഭൂമി ദുഷ്ടരാജാക്കന്മാരെ നോക്കി സഹതപിച്ചു പറയുന്നു: ‘ഈ വിഡ്ഢിമനുഷ്യരുടെ വിചാരം അവര്‍ക്ക് എന്നെ കീഴടക്കാമെന്നത്രെ. മനുഷ്യന്‍ പലപ്പോഴും ആത്മനിയന്ത്രണം നടത്തുന്നത് മറ്റുളളവരെ ആക്രമിച്ച് കീഴടക്കുവാനാണ്. എന്നിട്ട് തുടര്‍ച്ചയായി സാമ്രാജ്യവിസ്തൃതി കൂട്ടാമെന്നാണ് വിചാരം. ആത്മനിയന്ത്രണം ആത്മജ്ഞാനസമ്പാദനത്തിനാണെന്നവര്‍ക്കറിയില്ല. എത്ര ശുഷ്കമാണവരുടെ വീക്ഷണം. മരണം എപ്പോഴും അവനെ വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്നവന്‍ മനസ്സിലാക്കാത്തതെന്തേ? എത്ര വീരരാജാക്കന്മാര്‍ എന്നെ കീഴടക്കാന്‍ പരിശ്രമിച്ചു? എന്നാല്‍ അവസാനത്തെ പൊട്ടിച്ചിരി എനിക്കു തന്നെയായിരുന്നു. അവരെല്ലാം ഓരോ കഥകള്‍ മാത്രം ബാക്കിവച്ചിട്ട് അപ്രത്യക്ഷരായിക്കഴിഞ്ഞിരിക്കുന്നു. അവരില്‍ ചിലരുടെ കഥകള്‍ ഞാന്‍ അങ്ങയോടു പറഞ്ഞുതന്നത് അത്തരം ജീവിതത്തോട് അങ്ങേയ്ക്ക് വെറുപ്പുളവാക്കുവാനാണ്. കാരണം ഭഗവാനെക്കുറിച്ചുളള കഥകള്‍ മാത്രമേ കേള്‍ക്കാനും ധ്യാനിക്കാനും കൊളളാവുന്നതായിട്ടുളളു.’
ഓരോരോ യുഗങ്ങളിലുമുളള ധര്‍മ്മങ്ങളെപ്പറ്റി വിശദീകരിക്കാന്‍ പരീക്ഷിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ശുകമുനി തുടര്‍ന്നു: സത്യയുഗത്തില്‍ ധര്‍മ്മത്തിനു നാലു കാലുകളുണ്ടായിരുന്നു. സത്യം, ദയ, തപസ്സ്, സര്‍വ്വചരാചരങ്ങളോടും പ്രേമപൂര്‍വ്വം സേവചെയ്യല്‍ എന്നിവ. ത്രേതായുഗത്തില്‍ ഇവയെല്ലാം അധര്‍മ്മത്തിന്റെ സ്വാധീനത്തില്‍ നശിച്ചു. ദ്വാപരയുഗത്തില്‍ പകുതി കാലുകള്‍ ഇല്ലാതായി. കലിയുഗത്തില്‍ നാലില്‍ മൂന്നും നഷ്ടമായി. കലിയുഗത്തില്‍ ബാക്കിയുളള ഒരു കാലിന്റെ ശക്തിയും നാശോന്മുഖമാവും. സത്യയുഗത്തില്‍ സത്യം പ്രബലമായിരിക്കും. ത്രേതായുഗത്തില്‍ രജസ്സ് പ്രബലം. ദ്വാപരയുഗത്തില്‍ രജസും തമസും പ്രബലതയാര്‍ജ്ജിക്കും. കലിയുഗത്തില്‍ തമസ്സാണ് പ്രബലമായിരിക്കുക. സ്ത്രീകള്‍ പാതിവ്രത്യം തെറ്റിക്കും. പുരോഹിതന്മാര്‍ പോലും സമ്പത്തിനും സുഖത്തിനും വേണ്ടി ജീവിക്കും. സ്ത്രീകള്‍ സ്ത്രൈണത വെടിഞ്ഞ് പരുഷമായ പെരുമാറ്റം തുടങ്ങും. ഭൃത്യര്‍ക്ക് തങ്ങളുടെ യജമാനന്മാരോട് കൂറില്ലാതാവും. യജമാനന്മാരാകട്ടെ ആരോഗ്യം നശിച്ച ഭൃത്യരെ ഉപേക്ഷിക്കുകയും ചെയ്യും. അതുപോലെ പാലുതരാത്ത പശുവിനെ പട്ടിണിക്കിടും. യോഗ്യതയില്ലാത്തവര്‍ താപസികളായിനടിച്ച് ജീവിതായോധനം നടത്തും. ധര്‍മ്മത്തെപ്പറ്റി വിവരമില്ലാത്തവന്‍ മറ്റുളളവരെ ധര്‍മ്മം പഠിപ്പിക്കും. കേവലം ചെറിയ തുകയ്ക്കുവേണ്ടി മനുഷ്യന്‍ മനുഷ്യനെ കൊല്ലും. അത്യാഗ്രഹികളായ അഛന്മാര്‍ മക്കളെ തളളിപ്പറയും. നന്ദിയില്ലാത്ത മക്കളോ, അച്ഛനമ്മമാരെ പരിചരിക്കുന്നതില്‍ വീഴ്ചവരുത്തും. ഇതിലെല്ലാമുപരി ജനം വിഷ്ണുപൂജയ്ക്കു വിഘ്നം വരുത്തും. വിശ്വത്തിലെ ഏറ്റവും ഉന്നതനായ ആരാധനാമൂര്‍ത്തിയാണല്ലോ ഭഗവാന്‍ വിഷ്ണു. എപ്പോഴാണോ ഭഗവാന്‍ മനുഷ്യഹൃദയത്തിലാസനസ്ഥനാവുന്നത്, അപ്പോള്‍ മാത്രമേ കലിയുഗകന്മഷങ്ങള്‍ ലോകത്തില്‍ നിന്നും മറയുകയുളളു. മരണക്കിടക്കയിലുളള ഒരുവന്‍ നിസ്സഹായനായി അവിടുത്തെ നാമമുരുവിടുന്നതായാല്‍ ഭഗവാന്‍ അവനെ തന്റെ സവിധമണയ്ക്കുന്നു.
എന്നാല്‍ ഇതൊക്കെയാണെങ്കലും കലിയുഗത്തില്‍ ഒരു മഹത്തായ രക്ഷാമാര്‍ഗ്ഗമുണ്ട്. ഭഗവാന്‍ ഹരിയുടെ നാമോച്ചാരണം ഒന്നുകൊണ്ടു മാത്രം ഒരുവന് പരമപദം പൂകാനാവും. സത്യയുഗത്തില്‍ ഭഗവദ്ധ്യാനം കൊണ്ടു മാത്രം സാദ്ധ്യമായിരുന്നതെന്തോ, ത്രേതായുഗത്തില്‍ യജ്ഞാദികള്‍കൊണ്ടു സാദ്ധ്യമായിരുന്നതെന്തോ, ദ്വാപരയുഗത്തില്‍ നിസ്വാര്‍ത്ഥസേവനംകൊണ്ടു സാദ്ധ്യമായതെന്തോ, അത് കലിയുഗത്തില്‍ ഭഗവദ് നാമോച്ചാരണംകൊണ്ട് ക്ഷിപ്രസാദ്ധ്യമാവുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF