ജടായുഗതി
ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍
തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍ .
ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന-
തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം.
അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമന്‍:
“ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ.
തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ-
ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍.
അന്നേരമഴിഞ്ഞ തേര്‍ക്കോപ്പിതാ കിടക്കുന്നു
എന്നു വന്നീടാമവര്‍ കൊന്നാരോ ഭക്ഷിച്ചാരോ?”
ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോള്‍
ഘോരമായൊരു രൂപം കാണായി ഭയാനകം.
“ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു-
ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ?
കൊല്ലുവേനിവനെ ഞാന്‍ വൈകാതെ ബാണങ്ങളും
വില്ലുമിങ്ങാശു തന്നീടെ”ന്നതു കേട്ടനേരം
വിത്രസ്തഹൃദയനായ്പക്ഷിരാജനും ചൊന്നാന്‍ഃ
“വദ്ധ്യനല്ലഹം തവ ഭക്തനായോരു ദാസന്‍
മിത്രമെത്രയും തവ താതനു വിശേഷിച്ചും
സ്നിഗ്‌ദ്ധനായിരിപ്പൊരു പക്ഷിയാം ജടായു ഞാന്‍.
ദുഷ്‌ടനാം ദശമുഖന്‍ നിന്നുടെ പത്നിതന്നെ-
ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാന്‍
പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധംചെയ്‌തു
മുട്ടിച്ചു തേരും വില്ലും പൊട്ടിച്ചുകളഞ്ഞപ്പോള്‍
വെട്ടിനാന്‍ ചന്ദ്രഹാസംകൊണ്ടവന്‍ ഞാനുമപ്പോള്‍
പുഷ്ടവേദനയോടും ഭൂമിയില്‍ വീണേനല്ലോ.
നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്‌കെ-
ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേന്‍.
തൃക്കണ്‍പാര്‍ക്കേണമെന്നെക്കൃപയാ കൃപാനിധേ!
തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം.”
ഇത്തരം ജടായുതന്‍ വാക്കുകള്‍ കേട്ടു നാഥന്‍
ചിത്തകാരുണ്യംപൂണ്ടു ചെന്നടുത്തിരുന്നു തന്‍-
തൃക്കൈകള്‍കൊണ്ടു തലോടീടിനാനവനുടല്‍
ദുഖാശ്രുപ്ലുതനയനത്തോടും രാമചന്ദ്രന്‍.
“ചൊല്ലുചൊല്ലഹോ! മമ വല്ലഭാവൃത്താന്തം നീ”-
യെല്ലാമെന്നതു കേട്ടു ചൊല്ലിനാന്‍ ജടായുവും:
“രക്ഷോനായകനായ രാവണന്‍ ദേവിതന്നെ-
ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും.
ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ
നല്ലതു വരുവതിനായനുഗ്രഹിക്കേണം.
നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ
ബന്ധമേറ്റെടുംവണ്ണം മരിപ്പാനവകാശം
വന്നതു ഭവല്‍ കൃപാപാത്രമാകയാലഹം
പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ!
നിന്തിരുവടി സാക്ഷാല്‍ ശ്രീമഹാവിഷ്‌ണു പരാ-
നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ
സന്തതമന്തര്‍ഭാഗേ വസിച്ചീടുകവേണം.
നിന്തിരുമേനി ഘനശ്യാമളമഭിരാമം.
അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം
ബന്ധവുമറ്റു മുക്തനായേന്‍ ഞാനെന്നു നൂനം.
ബന്ധുഭാവേന ദാസനാകിയോരടിയനെ-
ബന്ധൂകസുമസമതൃക്കരതലം തന്നാല്‍
ബന്ധുവത്സല! മന്ദം തൊട്ടരുളേണമെന്നാല്‍
നിന്തിരുമലരടിയോടു ചേര്‍ന്നീടാമല്ലോ.”
ഇന്ദിരാപതിയതു കേട്ടുടന്‍ തലോടിനാന്‍
മന്ദമന്ദം പൂര്‍ണ്ണാത്മാനന്ദം വന്നീടുംവണ്ണം.
അന്നേരം പ്രാണങ്ങളെ ത്യജിച്ചു ജടായുവും
മന്നിടംതന്നില്‍ വീണനേരത്തു രഘുവരന്‍
കണ്ണുനീര്‍ വാര്‍ത്തു ഭക്തവാത്സല്യപരവശാ-
ലര്‍ണ്ണോജനേത്രന്‍ പിതൃമിത്രമാം പക്ഷീന്ദ്രന്റെ
ഉത്തമാംഗത്തെയെടുത്തുത്സംഗസീംനി ചേര്‍ത്തി-
ട്ടുത്തരകാര്യാര്‍ത്ഥമായ് സോദരനോടു ചൊന്നാന്‍:
“കാഷ്‌ഠങ്ങള്‍ കൊണ്ടുവന്നു നല്ലൊരു ചിത തീര്‍ത്തു
കൂട്ടണമഗ്നിസംസ്‌കാരത്തിനു വൈകീടാതെ.”
ലക്ഷ്മണനതുകേട്ടു ചിതയും തീര്‍ത്തീടിനാന്‍
തല്‍ക്ഷണം കുളിച്ചു സംസ്‌കാരവുംചെയ്‌തു പിന്നെ
സ്നാനവും കഴിച്ചുദകക്രിയാദിയും ചെയ്‌തു
കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം
പുല്ലിന്മേല്‍വച്ചു ജലാദികളും നല്‌കീടിനാന്‍
നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്.
പക്ഷികളിവയെല്ലാം ഭക്ഷിച്ചു സുഖിച്ചാലും
പക്ഷീന്ദ്രനിതുകൊണ്ടു തൃപ്തനായ് ഭവിച്ചാലും.
കാരുണ്യമൂര്‍ത്തി കമലേക്ഷണന്‍ മധുവൈരി-
സാരൂപ്യം ഭവിക്കെന്നു സാദരമരുള്‍ചെയ്‌തു.
അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു-
സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും
ശംഖാരിഗദാപത്മമകുടപീതാംബരാ-
ദ്യങ്കിതരൂപംപൂണ്ട വിഷ്‌ണുപാര്‍ഷദന്മാരാല്‍
പൂജിതനായി സ്തുതിക്കപ്പെട്ടു മുനികളാല്‍
തേജസാ സകലദിഗ്വ്യാപ്തനായ്‌ക്കാണായ് വന്നു.
സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു-
തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താന്‍: