ആത്മാവില്‍ രമിക്കുന്നവന് മനസ്സിനെപ്പറ്റി ഗണിക്കേണ്ട കാര്യമില്ല (137)
ശ്രീ രമണമഹര്‍ഷി
ജനുവരി 25, 1936
146. സംസ്കാരസമ്പന്നയും ഉന്നതകുലജാതയുമായ ശ്രീമതി ലീനാസാരാഭായിയുടെ ഒരു ചോദ്യത്തിനിങ്ങനെ മറുപടി പറഞ്ഞു:
സംതൃപ്തിയാണ് പരമാനന്ദം. ഞാന്‍ ആത്മസ്വരൂപം, ബ്രഹ്മം, എന്ന പ്രാരംഭ വേദവചനം ഈ തൃപ്തിസ്വരൂപോദയത്തിനു പ്രേരകമായിരിക്കും.
ചോ: അപ്പോള്‍ ഒരു ലക്ഷ്യത്തെ മുന്‍നിറുത്തി തുടങ്ങുന്നതു ശരിയായിരിക്കുകയില്ല, അല്ലേ?
ഉ: മേലാല്‍ സാധിക്കേണ്ടതാണെങ്കില്‍ നിലച്ചിരിക്കുകയില്ല. ലക്ഷ്യം മുന്‍പേ ഉള്ളതാണ്. അതിനെ സാധിക്കാന്‍ ശ്രമിക്കുന്നത് അഹങ്കാരനാണ്. ലക്ഷ്യത്തിലുള്ളത് നമ്മുടെ ജനനത്തിനും മുന്‍പേയുള്ളതാണ്. നാം നിലച്ചിരിക്കുന്നതിനാല്‍ അഹങ്കാരനും കൂടെ നിലച്ചിരിക്കുന്നതായി തോന്നുന്നു. അഹന്തയെ ആത്മാവാണെന്ന് തെറ്റിദ്ധരിച്ചാല്‍ ആത്മാവ് അഹന്തതന്നെ. മനസ്സാണെന്നു തെറ്റിദ്ധരിച്ചാല്‍ അത് മനസ്സ് തന്നെ. ശരീരമാണെന്ന് കല്‍പിച്ചാല്‍ ശരീരം തന്നെ. കോശങ്ങളും എല്ലാം കല്‍പനകള്‍ മാത്രം. ജലത്തില്‍ പതിക്കുന്ന ഒരു നിഴല്‍ ആടിക്കൊണ്ടിരിക്കുന്നു. ആ ആട്ടത്തെ ആര്‍ക്കെങ്കിലും നിറുത്താനാവുമോ. നിഴലിന്റെ ചലനം നിന്നാല്‍ അവിടെ നിങ്ങള്‍ ജലത്തെ കാണുകയില്ല, ആകാശത്തെ കാണും. അതുപോലെ അഹന്തയെയും അതിന്റെ വൃത്തികളെയും ഒഴിച്ചു വച്ച് ഉദാസീനമായിരുന്നാല്‍ സകലതിനെയും പ്രകാശിപ്പിക്കുന്ന പ്രകാശം വിളങ്ങും. ഞാന്‍ എന്നു തോന്നുന്ന വിചാരമാണ് അഹങ്കാരന്‍. ഈ അഹങ്കാരനു നിദാനമായ ഞാന്‍ ആണ് ആത്മാവ്.
ചോ: ഇത് സാക്ഷാല്‍ക്കാരത്തിന്റെ ഒരു പടിയാണോ?
ഉ: സാക്ഷാല്‍ക്കാരം മുന്‍പിന്നാലെ ഉള്ളതാണ്. ചിന്തയൊഴിഞ്ഞ നിലയാണ് സത്യം. സാക്ഷാല്‍ക്കരിക്കുക എന്നൊരു വൃത്തിയില്ല. തന്നെ അറിയാത്തവരാരുണ്ട്? താനില്ലെന്നാരെങ്കിലും പറയുന്നുണ്ടോ? ചിന്തയുടെ ഫലമാണ് സാക്ഷാല്‍ക്കാരമെന്നു കരുതിയാല്‍ രണ്ടു ‘ഞാന്‍’ വേണ്ടി വരും. ഒന്ന് സാക്ഷാല്‍ക്കരിക്കാനും മറ്റേത് സക്ഷാല്‍ക്കരിക്കപ്പെടാനും. സാക്ഷാല്‍ക്കരിക്കപ്പെട്ടതല്ലാത്തിനെയേ സാക്ഷാല്‍ക്കരിക്കേണ്ടതായിട്ടുള്ളൂ. തനിക്കു താന്‍ ഉണ്ട് എന്നു താനംഗീകരിക്കുന്ന നിലക്ക് എന്തുകൊണ്ട് താന്‍ തന്നെ (ആത്മാവിനെ) അറിയാത്തവനായിരിക്കുന്നു?
ചോ: ചിന്ത നിമിത്തം.
ഉ: വളരെ ശരി. മനസ്സാണ്. ഇടയ്ക്കു നിന്ന് നമ്മുടെ അനന്ദസ്വരൂപത്തെ മറക്കുന്നത്. നാം സ്ഥിതി ചെയ്യുന്നു എന്നെങ്ങനെ അറിയുന്നു? ചുറ്റും ലോകം ഉുള്ളതുകൊണ്ടായിരുന്നെങ്കില്‍ ഉറക്കത്തില്‍ നമ്മളുണ്ടായിരുന്നോ?
ചോ: ഈ മനസ്സിനെ ഒഴിച്ചു വയ്ക്കുന്നതെങ്ങനെ?
ഉ: മനസ്സിനെ ഒഴിക്കണമെന്നാഗ്രഹിക്കുന്നത് മനസ്സാണോ?
മനസ്സിനു തന്നെക്കൊല്ലാനൊക്കുകയില്ല. അതിനാല്‍ മനസ്സിന്റെ യഥാര്‍ത്ഥസ്വരൂപം എന്തെന്നറിയണം. അപ്പോള്‍ മനസ്സെന്നൊന്നില്ലെന്നു നിങ്ങളറിയും. ആത്മാവിനെ നോക്കുമ്പോള്‍ മനസ്സില്ലെന്നു വരും. ആത്മാവില്‍ രമിക്കുന്നവന് മനസ്സിനെപ്പറ്റി ഗണിക്കേണ്ട കാര്യമില്ല.
ചോ: ഭയമൊഴിയുന്നതെങ്ങനെ?
ഉ: ഭയമെന്നതെന്താണ്? അതൊരു വിചാരം മാത്രം. ആത്മാവിന് അന്യമായെന്തെങ്കിലും ഉണ്ടെങ്കില്‍ ഭയക്കേണ്ടതുതന്നെ. അന്യത്തെ ആരു കാണുന്നു? (ബാഹ്യമായി) അഹങ്കാരന്‍ ഉണര്‍ന്നില്ലെങ്കില്‍ ആത്മാവ് മാത്രമെന്നായി. (ബാഹ്യമായി) അന്യത്തെ കാണാതിരിക്കും. ബാഹ്യമുണ്ടെങ്കില്‍ ആന്തരവുമുണ്ട്. കാണുന്നവന്‍ എവിടെ ഇരിക്കുന്നു? അവനെ (വെളിയിലല്ലാതെ) ആന്തരമായി നോക്കുമ്പോള്‍ സംശയവും ഭയവും ഒഴിഞ്ഞു മാറുന്നു. മാത്രമല്ല, അതോടുകൂടി അഹങ്കാരം വിട്ടൊഴിയുന്നു.
ചോ: ഈ മാര്‍ഗം സാധനാ ചതുഷ്ടയാദികളെക്കാള്‍ എളുപ്പമാണല്ലോ?
ഉ: അതെ, എല്ലാ ദുര്‍ഗുണങ്ങളും അഹന്തയോട് ചേര്‍ന്നു നില്‍ക്കുന്നു. അഹന്തയൊഴിഞ്ഞു എന്നുമുള്ള ആത്മാവ് സ്വയം പ്രകാശിക്കും. ആത്മാവ് നിര്‍ഗുണമായതിനാല്‍ അതില്‍ ദുര്‍ഗുണസല്‍ഗുണങ്ങളൊന്നും പറ്റി നില്‍ക്കുകയില്ല. ഗുണങ്ങളെല്ലാം മനസ്സിന്റെ കല്‍പനകളാണ്. നാനാത്വങ്ങളും അങ്ങനെ ഉണ്ടാകുന്നു അദ്വൈതമുണ്ടെങ്കില്‍ ദ്വൈതവുമുണ്ട്. ഏകം എന്നത് അനേകത്തെ ഉളവാക്കി.
ചിന്തയൊഴിഞ്ഞിരിക്കുന്നതാണ് നമ്മുടെ സ്വഭാവം. മറ്റു കാര്യങ്ങളെല്ലാം താനെ നടക്കും. നടന്നു പോകുമ്പോള്‍ വിചാരം കൂടാതെ തന്നെ നാം കാല്‍ചുടവ് മാറ്റി മാറ്റി വച്ചു പോകുന്നു. അതുപോലെ നാം ചിന്തയൊഴിഞ്ഞ സ്വയംനിലയില്‍ നാമിരിക്കവേതന്നെ പ്രവൃത്തികളെല്ലാം താനെ നടന്നു കൊള്ളും.
ചോ: ചിന്തിക്കാതെ പ്രവര്‍ത്തിക്കാന്‍ പാടാണല്ലോ?
ഉ: ചിന്ത പ്രവൃത്തിയോടുകൂടി ഉണ്ടായിക്കൊള്ളും.
ചോ: അപ്പോള്‍ അന്തര്‍മുഖത്വമാണ് ശരി. അത് വര്‍ദ്ധിക്കുകയും ചെയ്യും.
ഉ: സൃഷ്ടിരഹസ്യം ആരാഞ്ഞവരെല്ലാം ഇപ്രകാരം ആത്മാവിന്റെ അഗാധതയില്‍ രമിച്ചിരുന്നവരാണ്. അഹന്ത ഒരാളിന്റെ തറയില്‍ പതിച്ച നിഴല്‍ പോലെയാണ്. അതിനെ തറയില്‍ മറച്ചിടാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. അതിരുള്ളത് അഹന്തയും, അതിരില്ലാത്തത് ആത്മാവുമാണ്.
കുമിളകള്‍ വെവ്വേറായിരിക്കും. അസംഖ്യവുമാണ്. എന്നാല്‍ കടലൊന്നാണ്. അതുപോലെ അഹങ്കാരന്മാര്‍ പലതും, ആത്മാവേകവുമാണ്.
അഹന്തയെ ഒഴിച്ചിട്ട് ആത്മാവിനെ ദര്‍ശിക്കുക. നിങ്ങള്‍ എന്തിനഹങ്കാരനോട് ചേര്‍ന്നു നില്‍ക്കണം? ഇത് മരുന്നു കഴിക്കുമ്പോള്‍ അങ്ങനെ ഓര്‍മ്മിക്കരുതെന്നു പറയുമ്പോലെയാണ്. അത് സാധ്യമാണോ? സാധാരണ ജനങ്ങളെയും ഈ ദോഷം ബാധിക്കുന്നു. വിചാരം മാറിയാലുള്ളതാണ് ആത്മസ്വരൂപമെന്നു പറയുമ്പോള്‍ ‘ശിവോഹം’, ‘അഹം ബ്രഹ്മാസ്മി’ എന്നും മറ്റും എന്തിനു ഭാവിക്കുന്നു?
അഹന്തയറ്റതാണ് ആത്മനിലയെങ്കില്‍ അഹന്തയെന്താണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. അഹന്തക്ക് ആത്മാവിനെ വിട്ടു സ്വന്തം നിലയില്ലാത്തതിനാല്‍ അതിന്റെ സ്വരൂപമെന്താണെന്ന് അന്വേഷിച്ചാല്‍ തന്നെ അതൊഴിഞ്ഞു മാറും. ഇതാണ് ശരിയായ ഉപായം. അഹന്തയിലിരിക്കവെ തന്നെ ചെയ്യുന്നതാണ് മറ്റു മാര്‍ഗ്ഗങ്ങള്‍. ഇതിനാല്‍ പല സംശയങ്ങള്‍ക്കുമിടയാകുന്നു. അന്വേഷണം പൂര്‍ത്തിയാകാതെ പോവുന്നു. നമ്മുടെ മാര്‍ഗ്ഗത്തില്‍ അവസാനവിഘ്നത്തെ നാമാദ്യമേ ദൂരീകരിക്കുന്നു. അക്കാരണത്താല്‍ പിന്നീട് നാം സാധനകളൊന്നും അനുഷ്ഠിക്കേണ്ടി വരുന്നില്ല.
കാണപ്പെടേണ്ട വസ്തു താനായിട്ടിരിക്കവേ കാണേണ്ടതിനെ താന്‍ തന്നെ അന്വേഷിക്കുന്നതില്‍ കവിഞ്ഞ് വിചിത്രമായി മറ്റെന്തെങ്കിലുമുണ്ടോ? ഏതോ, ഒന്നു നമ്മുടെ സാക്ഷാല്‍ക്കാരത്തെ മറച്ചുകൊണ്ടിരിക്കുന്നു എന്നും അതിനെ ഇല്ലാതാക്കണമെന്നും നാം വിശ്വസിക്കുകയാണ്. ലജ്ജാവഹം! സ്വന്തം മുന്‍ചെയ്തികളെപ്പറ്റി ലജ്ജിക്കേണ്ട ഒരു ദിവസം നിങ്ങള്‍ക്കുണ്ടാകും. അന്നു ബോധ്യമാവുമെന്ന അവസ്ഥയില്‍ തന്നെ നിങ്ങള്‍ ഇപ്പോഴും ഇരിക്കുന്നു.
ചോ: ഇതൊരു വലിയ കൂത്താണെന്നല്ലേ തോന്നുന്നത്.
ഉ: അതെ, യോഗവാസിഷ്ഠത്തില്‍ പറയുന്നുണ്ട്. നമ്മില്‍ സത്യം മറഞ്ഞിരിക്കുന്നു. മിഥ്യ സത്യമെന്നായി പ്രകാശിക്കുകയും ചെയ്യുന്നു. നാം നമ്മുടെ സത്യത്തില്‍ തന്നെയിരിക്കുന്നു. പക്ഷെ അതറിയുന്നില്ല. ഇത് അത്ഭുതങ്ങളില്‍ അത്ഭുതമല്ലേ?
‘ഞാനാര്’ എന്ന അന്വേഷണം തന്നെ അഹന്തയെ അറക്കാനുള്ള കോടാലി.