മാര്‍ച്ച് 11, 1936.
179. ഫ്രീഡ്‌മാന്‍: ഞാന്‍ രാമദാസ് സ്വാമികളുമായി സംസാരിച്ചുകൊണ്ടിരിക്കവേ തനിക്ക് പുനര്‍ജന്മമില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. പുനര്‍ജന്മത്തെപ്പറ്റി വ്യാകുലപ്പെടുന്നതെന്തിനെന്നും രാമനും രാമദാസും രാമലീലയും എപ്പോഴുമുണ്ടായിരിക്കുമെന്നും ഞാന്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം സമ്മതിച്ചു. രാമനും താനും ഒരേ സ്വരൂപമായിട്ടിരിക്കുകയാണെന്നും മറ്റും വീണ്ടും അദ്ദേഹം പറയുകയുണ്ടായി. ഭഗവാനെന്തു പറയുന്നു?
ഉ: അതെയതെ. ഇവിടെ ഇപ്പോള്‍ നമുക്കെന്തെല്ലാം തോന്നുന്നു, അതുപോലെ തന്നെ എല്ലാ തോന്നലും.
180. ഫ്രീഡ്‌മാന്‍: ജാഗ്രത്തില്‍ മനസ്സു പ്രകാശിക്കുന്നു. ഉറക്കത്തില്‍ പ്രകാശിക്കാതെ അടങ്ങിയിരിക്കുന്നുവെന്നു തന്നെ പറയേണ്ടി വരും?
ഉ: ഉറക്കത്തില്‍ നാം ഇല്ലാതെ പോകുന്നോ?
ചോ: ഉറക്കത്തിലുമുണ്ട്, പക്ഷെ പ്രകാശിക്കുന്നില്ല. അതിനാല്‍ ജാഗ്രത്തില്‍പോലെ ഉറക്കത്തിലും താനുണ്ടായിരുന്നതിനു സാക്ഷിയായിട്ടേതോ ഒന്നുണ്ടായിരിക്കണം.
ഉ: സാക്ഷിത്വം വഹിക്കുന്നതാര്? എന്തിന്? ഈ വാദം ‘അറിയുന്നവന്‍, അറിയപ്പെടുന്നത്’ എന്ന ഭേദത്തെ സമ്മതിക്കുകയാണ്. ഇതെല്ലാം മനസ്സിന്റെ കല്‍പനയാണ്. ‘ഉറക്കത്തിലെ അവിദ്യക്ക് താന്‍ സാക്ഷിയായിരുന്നു’ എന്നു സാക്ഷിവാദികള്‍ പറയുന്നുവെന്നല്ലാതെ ഉറക്കത്തിലെ അറിവില്ലായ്മയ്ക്ക് താന്‍ സാക്ഷിയായിരുന്നു എന്നു പറയുന്നവരാരുമില്ല. ഉറക്കത്തിലെ സാക്ഷിയാരെന്നവരോട് ചോദിച്ചാലും ‘ഞാന്‍’ എന്നേ അവര്‍ക്കു സമാധാനം പറയാനുള്ളൂ. ആ ‘ഞാന്‍’ ആര്? ‘ഞാന്‍’ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത് അഹന്തയാണ്. സാക്ഷിയെന്നു പറയേണ്ട നീ അഹന്തയാണോ? അജ്ഞാനത്താല്‍ മങ്ങിപ്പോയ മനസ്സെങ്ങനെ അജ്ഞാനത്തിന് സാക്ഷിയായിത്തീരും?. ഉപാധി മൂലം കുടുസ്സായിത്തീര്‍ന്ന മനസ്സ് എങ്ങനെ അറിവിനും അറിവില്ലായ്മയ്ക്കും സാക്ഷിയായി നില്‍ക്കും? അറിവില്ലായ്മയ്ക്കപ്പുറത്തുള്ള ഒന്നിനേ അറിവായ നമുക്കു സാക്ഷിയായിട്ടിരിക്കാന്‍ ഒക്കുകയുള്ളൂ.
181. ഫ്രീഡ്‌മാന്‍:
‘യദ്‌ഗത്വാ ന നിവര്‍ത്തന്തി തദ് ധാമഃ പരമം മമ’
‘ധാമഃ’ എന്താണ്? ഏതിനെ പ്രാപിച്ചാല്‍ പുനര്‍ജനനം നിലയ്ക്കുന്നുവോ അതാണെന്റെ പരമനില. ഇത് സമഷ്ടിബോധത്തിനും ഉപരിയല്ലേ?
ഉ: അതെ. അതാണ് പരംജ്യോതി.
ചോ: വീണ്ടും മടങ്ങിവരുന്നില്ല എന്നത് വീണ്ടും അജ്ഞാനത്തില്‍ മുഴുകുന്നില്ല എന്നല്ലേ?
ഉ: അതെ. ബ്രഹ്മലോകം പോലും പുനര്‍ജനനത്തില്‍ നിന്നും വിമുക്തമല്ല. എന്നെ പ്രാപിച്ചവര്‍ക്കു പുനര്‍ജനനമില്ല എന്നു ഭഗവദ്‌ഗീത. അതായത് തന്റെ സത്യത്തെയുണര്‍ത്തുന്നവര്‍ക്ക് പോക്കുവരവില്ലെന്നര്‍ത്ഥം.
182. അന്നു പകല്‍ ഭഗവാന്‍ ഒരു ചിത്രം കാണാതെ പോയതിനെ തെരയുകയായിരുന്നു. ഫോട്ടോ കണ്ടെടുക്കുന്ന കാര്യത്തില്‍ ഭഗവാന്‍ കാണിച്ച ഉല്‍ക്കണ്ഠയെപ്പറ്റി ഫ്രീഡ്‌മാന്‍ പരാമര്‍ശിച്ചപ്പോള്‍ ഭഗവാന്‍ പറഞ്ഞു:
നിങ്ങള്‍ എന്നെ പോളണ്ടില്‍ കൊണ്ടു പോയി എന്നു സ്വപ്നം കണ്ടിട്ടുണര്‍ന്നശേഷം നിങ്ങളുടെ സ്വപ്നം ഞാനും കണ്ടോ എന്നു നിങ്ങള്‍ ചോദിക്കുന്നതുപോലിരിക്കുന്നു.
ചോ: പക്ഷെ ചുറ്റും നടക്കുന്നതെല്ലാം ഭഗവാന്റെ ശ്രദ്ധയില്‍ പെടുമോ?
ഉ: ഇതുകളെല്ലാം മനസ്സിന്റെ നിയമങ്ങളാണ്. സീതാവിരഹത്തില്‍ രാമന്‍ ദുഃഖിച്ചതെന്തിനെന്നു പാര്‍വ്വതി ശിവനോട് ചോദിച്ച കഥ പറഞ്ഞു. രാമന്‍ യഥര്‍ത്ഥത്തില്‍ ദുഃഖിച്ചില്ലെന്നും അത് പരീക്ഷിക്കണമെങ്കില്‍ രാമന്റെ മുമ്പില്‍ സീതയുടെ വേഷത്തില്‍ പാര്‍വ്വതി ചെന്നു നിന്നു നോക്കേണ്ടതാണെന്നും ശിവന്‍ മറുപടി പറഞ്ഞു. ശ്രീ പാര്‍വ്വതി അപ്രകാരം ചെയ്തിട്ടും രാമന്‍ അത് കാണാതെ അന്ധനായി ഹാ, ഹാ, വല്ലഭേ, സീതേ എന്നു വീണ്ടും നിലവിളിക്കുകയായിരുന്നു.