ശ്രീ രമണമഹര്‍ഷി

ജൂണ്‍ 20, 1936

213. ബി. സി. ദാസ്‌:

എത്രയോ പരിശ്രമിച്ചിട്ടും മനസ്സിനെ അന്തര്‍മുഖമാക്കാനൊക്കുന്നില്ലല്ലോ?

ഉ: അത്‌ അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ക്രമേണ സംഭവിക്കേണ്ടതാണ്‌.

അന്യന്റെ പറമ്പില്‍ ഒളിച്ചുചെന്നു മേഞ്ഞു ശീലിച്ച പശു സ്വന്തം തൊഴുത്തില്‍ പുല്ലു തിന്നാന്‍ കൂട്ടാക്കാതിരിക്കും. ഉടമസ്ഥന്‍ ശ്രമിച്ചാല്‍ മാത്രമേ അത്‌ പറമ്പില്‍ മേയാനുള്ള ആകാംക്ഷ വിട്ടിട്ട്‌ സ്വന്തം തൊഴുത്തില്‍ കിട്ടുന്ന പുല്ലു തിന്നുക പതിവാക്കുകയുള്ളൂ. ഒടുവില്‍ അഴിച്ചുവിട്ടാലും അലഞ്ഞു നടക്കാതിരുന്നുകൊള്ളുന്നു. അതുപോലെ തന്നുള്ളില്‍ നിന്നും ആനന്ദം കിട്ടുന്നവന്റെ മനസ്സ്‌ വിഷയാദികളുടെ പിറകെ പോവുകയില്ല.

214. പതിവായിട്ടുവരുന്ന ശ്രീ. ഏകാന്തറാവു: ധ്യാനത്തിനു പരിതഃസ്ഥിതികളനുസരിച്ച്‌ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയില്ലേ?

ഉ: ഉണ്ടാവും. ചിലപ്പോള്‍ പ്രകാശം കാണും. പിന്നീട്‌ ധ്യാനം അയത്നലളിതമായിരിക്കും. അല്ലാത്തപ്പോള്‍ എത്ര പരിശ്രമിച്ചാലും ധ്യാനം ശരിയായിരിക്കുകയുകില്ല. അത്‌ ഗുണത്രയങ്ങളുടെ ആക്രമണം മൂലമാണ്‌.

ചോ: വ്യവഹാരങ്ങളാലും പരിതസ്ത്ഥിതികളാലും ധ്യാനത്തിനു വികല്പം സംഭവിക്കുമല്ലോ?

ഉ: അതൊന്നുമല്ല ധ്യാനത്തെ ബാധിക്കുന്നത്‌. കര്‍ത്താവ്‌ താനാണെന്ന അഹങ്കാരമാണ്‌ പ്രതിബന്ധം.