ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 4
ന കര്‍മ്മണാ മനാരംഭാത്
നൈഷ്കര്‍മ്മ്യം പുരുഷോഽശ്നുതെ
ന ച സംന്യസനാ ദേവ
സിദ്ധിം സമധിഗച്ഛതി
അര്‍ഥം :
കര്‍മ്മം ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ട് ഒരുവന്‍ നൈഷ്കര്‍മ്മ്യം പ്രാപിക്കുന്നില്ല. കര്‍മ്മങ്ങളെ ത്യജിച്ചു എന്നത് കൊണ്ട് സിദ്ധിയെ പ്രാപിക്കുന്നില്ല.
ഭാഷ്യം :
പരിണതനായ ഒരു മുനിയെ പോലെ വിഹിത കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്ന ഒരുവന്‍ നൈഷ്കര്‍മ്മ്യം അനുഭവിക്കുന്നില്ല. ഒരുവന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ ചെയ്യാതെ അവയെ പരിത്യജിച്ചാല്‍ കര്‍മ്മത്തില്‍ നിന്നും മോചനം കിട്ടുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ആപല്‍ക്കരമായി ഒഴുകുന്ന ഒരു നദിയുടെ മറുകരയില്‍ എത്തുന്നതിനു ലഭിക്കുന്ന ഒരു വള്ളം വേണ്ടെന്നു വയ്ക്കുന്നത് വിഡ്ഢിത്തമല്ലേ? വിശപ്പടക്കണമെങ്കില്‍ ആവശ്യത്തിന് ഉള്ള ഭക്ഷണം സ്വയം പാകം ചെയ്തോ മറ്റുള്ളവര്‍ പാകം ചെയ്തു വാങ്ങിയോ ഭക്ഷിക്കുകയല്ലേ വേണ്ടത് ?ആഗ്രഹങ്ങള്‍ അറ്റു പോകാത്തിടത്തോളം കാലം കര്‍മ്മബന്ധങ്ങള്‍്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ശാശ്വതമായ സംതൃപ്തിയുടെ, ചിത്താനന്ദത്തിന്റെ അവസ്ഥയില്‍ എത്തുമ്പോള്‍ എല്ലാ കര്‍മ്മങ്ങളും അവസാനിക്കുന്നു. അത് കൊണ്ട് അല്ലയോ അര്‍ജ്ജുന , ശ്രദ്ധിക്കുക. കര്‍മ്മ സ്പര്‍ശമില്ലാത്ത ബ്രഹ്മനിഷ്ഠ അനുഭവിക്കണമെന്ന് അനന്യമാനസനായി ആഗ്രഹിക്കുന്നവന്‍ സ്വകീയമായ കര്‍ത്തവ്യങ്ങള്‍ ചെയ്തു തീര്‍ക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഒരുവന്റെ ഇഷ്ടപ്രകാരമോ അവശ്യപ്രകാരമോ ചെയ്യുന്ന കര്‍മ്മം വിജയിക്കുമെന്നും ഉപേക്ഷിക്കുന്ന കര്‍മ്മം അപ്രത്യക്ഷമാകുമെന്നും പറയുന്നത് വെറും വീണ്‍വാക്കാണ്. നീ ഇതേപറ്റി അവധാനപൂര്‍വ്വം ചിന്തിക്കണം. കര്‍മ്മം ചെയ്യാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് കൊണ്ട് മാത്രം ഒരുവന് കര്‍മ്മത്തില്‍ നിന്നും മോചനം ലഭിക്കുകയില്ല.