ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 11

ദേവാന്‍ ഭാവയതാനേന
തെ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമ വാപ്സ്യഥ

അര്‍ഥം :
ഈ യജ്ഞം കൊണ്ട് (യജ്ഞ രൂപത്തിലുള്ള കര്‍മ്മനുഷ്ടാനം കൊണ്ട് ) നിങ്ങള്‍ ദേവന്‍മാരെ സന്തോഷിപ്പിച്ചാലും സന്തുഷ്ടരായ ദേവന്മാര്‍ നിങ്ങളെയും സന്തോഷിപ്പിക്കട്ടെ. ഇങ്ങനെ അന്യോന്യം സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ പരമമായ ശ്രേയസ്സ് കൈവരിക്കും

ഭാഷ്യം :
ബ്രഹ്മാവ് തുടര്‍ന്നു, നിങ്ങള്‍ നിങ്ങളുടെ കര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ എല്ലാ ദേവന്‍മാരെയും നിങ്ങള്‍ പ്രസാദിപ്പിക്കുന്നു. അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കുന്നു. നിങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ കൂടി നിങ്ങള്‍ എല്ലാ ദേവന്‍മാരെയും ഉപാസിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളോട് അത്യന്തം പ്രീതരായിരിക്കും. അവര്‍ ‍അസന്ദിഗ്ദ്ധമായി നിങ്ങളുടെ ക്ഷേമത്തില്‍ കുടുതല്‍ ‍അടുക്കുന്നതിനു തല്‍പരരായിരിക്കും. ഇത് ദേവന്‍മാരും നിങ്ങളും തമ്മില്‍ പരസ്പരം കൂടുത‍ലായി അടുക്കുന്നതിനും സ്നേഹിക്കുന്നതിനും ഇടയാക്കും. ദേവന്‍മാരുടെ അനുഗ്രഹം നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളെ സഫലമാക്കുകയും ചെയ്യും. നിങ്ങളുടെ വാക്കുകള്‍ സത്യവചനങ്ങളായി തീരും. അവ എപ്പോഴും ആദരിക്കപ്പെടും. നിങ്ങള്‍ അധികാരം പ്രയോഗിക്കാന്‍ ശക്തരായിത്തീരും. പൂക്കള്‍ ചൂടി ഫലങ്ങളും പേറി വസന്തത്തിന്റെ ആഗമനത്തിനു കാനനം കാത്തിരിക്കുന്നപോലെ, നിങ്ങളുടെ അജ്ഞാനുവര്‍ത്തി ആകാന്‍ ‍ഐശ്വര്യ ദേവത കാത്തിരിക്കും.