ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 21

യദ്യദാചരതി ശ്രഷ്ഠഃ
തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവര്‍ത്തതേ

അര്‍ഥം :
ശ്രേഷ്ഠനായവന്‍ എന്തൊക്കെ അനുഷ്ഠിക്കുന്നുവോ അതൊക്കെ മറ്റാളുകളും അനുഷ്ഠിക്കും. അയാള്‍ എന്തിനെ ബഹുമാനിക്കുന്നുവോ , ജനങ്ങളും അതിനെത്തന്നെ പ്രമാണമാക്കി അനുകരിക്കും.

ഭാഷ്യം :
പൂര്‍വ്വജന്‍മാര്‍ ചെയ്യുന്നതൊക്കെ ധര്‍മ്മാചാരമെന്നു കരുതി അവരജന്‍മാരും അതു പിന്തുടരുന്നു. ഇത് ഒരു സാമാന്യ സ്വഭാവമാണ്. അതു കൊണ്ട് ആരും കര്‍മ്മങ്ങള്‍ ഉപേക്ഷിക്കരുത്. പ്രത്യേകിച്ചും ഉള്‍ക്കാഴ്ചയുള്ള മഹാത്മാക്കള്‍ അവരുടെ കര്‍മ്മങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം.