ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 5

അജോഽപി സന്നവ്യയാത്മാ
ഭൂതാനാ മീശ്വരോഽപി സന്‍
പ്രകൃതിം സ്വാമധിഷ്ഠായ
സംഭാവാമ്യാത്മമായയാ.

ഞാന്‍ ജനനരഹിതനാണ്; നാശരഹിതനാണ്. സര്‍വ്വജീവജാലങ്ങളുടെയും ഉള്ളിലിരുന്ന് അവയെ നിയന്ത്രിക്കുന്ന ഈശ്വരനാണ്. എങ്കിലും എന്റെ മായയെ വശീകരിച്ചിട്ട് ഞാന്‍ സ്വമായാശക്തികൊണ്ട് , എന്നാല്‍ സൃഷ്ടമായ പ്രകൃതിയെ വശത്താക്കിയിട്ട്, അവതാരം ചെയ്യുന്നു.

അര്‍ജ്ജുനാ, എന്റെ എല്ലാ മുന്‍ അവതാരങ്ങളെപ്പറ്റിയും എനിക്ക് ഇന്നും ശരിയായ ഓര്‍മ്മയുണ്ട്. പരമാര്‍ത്ഥത്തില്‍ ഞാന്‍ ജനിക്കുന്നില്ലെങ്കിലും എന്റെ സ്വന്തം പ്രകൃതിയിലൂടെ ഞാന്‍ സ്വമായകൊണ്ട് ആവിര്‍ഭവിക്കുന്നു. ഞാന്‍ അവതരിക്കുമ്പോഴും എന്റെ മൗലികമായ ആദ്യന്തരഹിതത്വം അക്ഷയമായും അഖണ്ഡമായും നിലനില്ക്കുന്നു. എന്റെ അവതാരത്തിലും അതില്‍നിന്നുള്ള വിരാമത്തിലും ദര്‍ശിക്കുന്ന രൂപങ്ങള്‍ മായാഗുണങ്ങളുടെ സ്വാധീനശക്തിയായി നിന്നുളവാകുന്ന പ്രതിരൂപഭാവങ്ങള്‍ മാത്രമാണ്. ഇതൊന്നും എന്റെ സ്വതന്ത്രാവസ്ഥയെ ഒരിക്കലും ബാധിക്കുന്നില്ല. അവതാരകാലത്തു ഞാന്‍ കര്‍മ്മാനുഷ്ഠാനത്തിനു വിധേയനായിക്കാണുന്നുണ്ടെങ്കില്‍ അതും യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല; വെറും മിഥ്യാബോധത്തിന്റെ ഫലമായിട്ടുണ്ടാകുന്നതാണ്. മിഥ്യാബോധം മറയുമ്പോള്‍ ഞാന്‍ അരൂപിയും നിര്‍ഗ്ഗുണനുമായി അറിയപ്പെടുന്നതാണ്. ഒരേ വസ്തു കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍ രണ്ടെന്നുതോന്നുന്നു. എന്നാല്‍ നേരാംവണ്ണം ചിന്തിക്കുമ്പോള്‍ പ്രതിബിംബമായിക്കണ്ട രണ്ടാമത്തെ വസ്തു യതാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നു ബോദ്ധ്യപ്പെടും. ഏതുപോലെ അല്ലയോ അര്‍ജ്ജുനാ, ഞാന്‍ യഥാര്‍ത്ഥത്തില്‍ അരൂപിയായ പരബ്രഹ്മമാണ്. എന്നാല്‍ ഞാന്‍ മായയെ അവലംബിക്കുമ്പോള്‍ ശരീരം സ്വീകരിക്കുന്നു. അതു പ്രത്യേകമായ ചില ഉദ്ദേശ്യത്തോടെയാണ്.