ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 6

യദാ യദാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത,
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം

അല്ലയോ ഭരതവംശജ! ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)

എല്ലാ കാലങ്ങളിലും ലോകത്തിന്റെ ആത്മീയ ഘടനയെ സംരക്ഷിക്കണമെന്നുള്ളതു ഞാന്‍ അനാദികാലം മുതല്‍ക്കേ അംഗീകരിച്ചിട്ടുള്ള ആചാര്യമര്യാദയാണ്. അക്കാരണത്താല്‍ തിന്മ നന്മയെ തോല്പിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ , ഞാന്‍ അരൂപിയും അജനുമാണെന്ന കാര്യം മാറ്റിവെയ്ക്കുകയും അതിനോട് വിട പറയുകയും ചെയ്യുന്നു.

ശ്ലോകം 7

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ.

സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.

പുണ്യാത്മാക്കളായ എന്റെ ഭക്തന്മാരുടെ താല്പര്യം പരിരക്ഷിക്കുന്നതിനും അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിനുമായി ഞാന്‍ മനുഷ്യരൂപധാരിയായി അവതരിക്കുന്നു. എന്നിട്ട് അധര്‍മ്മത്തിന്റെ അവസാനത്തെ ദുര്‍ഗ്ഗംവരെ ഞാന്‍ തകര്‍ക്കുന്നു; ദുഷ്ടമാരുടെ ദുഷിച്ചതത്ത്വശാസ്ത്രരേഖകളെ പിച്ചിച്ചീന്തിക്കളയുന്നു; സജ്ജനങ്ങളെക്കൊണ്ട് പരമാനന്ദവാഴ്ചയുടെ വിജയപതാക പറപ്പിക്കുന്നു; ദുഷ്ടന്മാരുടെ വംശവിച്ഛേദം വരുത്തുകയും മഹാത്മാക്കളുടെ മാഹാത്മ്യവും മാന്യതയും വീണ്ടെടുക്കുകയും ചെയ്യുന്നു; ധര്‍മ്മത്തേയും സദാചാരത്തേയും ആനന്ദകരമായി ഒരുമിപ്പിക്കുന്നു; ആത്മാവിന്റെ അഗ്നിജ്വാലയില്‍ പുക പടര്‍ത്തുന്ന അവിശ്വാസത്തെയും അന്യായത്തെയും തുടച്ചുമാറ്റുന്നു; ആത്മീയദര്‍ശനത്തിന്റെ തിരിനാളം ദീപ്തിമത്താക്കുന്നു; തന്മൂലം നിത്യമായ ഒരു ദീപാവലിയുടെ നെടുങ്കാലം യോഗികള്‍ക്ക് സമാഗതമാകുന്നു.

ഈശ്വരഭക്തിയും ധര്‍മ്മനിഷ്ഠയും ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുമെന്നുള്ളതിനാല്‍ ലോകം മുഴുവന്‍ ആത്മദര്‍ശനത്തിന്റെ ആനന്ദംകൊണ്ട് വീര്‍പ്പുമുട്ടും. ഞാന്‍ മനുഷ്യാകൃതി സ്വീകരിക്കുമ്പോള്‍ നന്മ നിറഞ്ഞ ഒരു ജീവിതത്തിന്റെ പൊന്‍പുലരി പൊട്ടിവിരിയുകയും അതിന്റെ ഒളിയേറ്റ് മലയോളം ഉയര്‍ന്നു നില്ക്കുന്ന പാപങ്ങള്‍ മഞ്ഞുപോലെ ഉരുകിയൊലിച്ചു പോവുകയും ചെയ്യും. ഈ ലക്ഷ്യം നിറവേറ്റാനാണ് ഞാന്‍ യുഗങ്ങള്‍ തോറും മനുഷ്യനായി അവതരിക്കുന്നത്. എന്നാല്‍ സമ്യഗ്ദര്‍ശനം സാധിച്ച ഒരു യോഗിക്കുമാത്രമേ ഇതു ശരിയാംവണ്ണം മനസ്സിലാക്കാന്‍ കഴിയൂ.