ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 10
യേ യഥാ മാം പ്രപദ്യന്തേ
താംസ്തഥൈവ ഭജാമ്യഹം
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ, സര്‍വ്വശഃ
മനുഷ്യര്‍ ഏതു വിധം എന്നെ ശരണം പ്രാപിക്കുന്നുവോ അതേവിധം തന്നെ ഞാന്‍ അവരെ അനുഗ്രഹിക്കുന്നു. അല്ലയോ പാര്‍ത്ഥാ, ഏതു ദിശയില്‍ നിന്നും മനുഷ്യര്‍ എന്റെ മാര്‍ഗ്ഗമാണ് അവലംബിക്കുന്നത്.
എന്നില്‍ ജീവിതം സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി സ്നേഹവും ശ്രദ്ധയും എന്നില്‍ നിന്നു ലഭിക്കുമെന്നുള്ളത് ക്രമാനുസാരമായ കാര്യം മാത്രമാണ്. എല്ലാ മനുഷ്യരും നൈസര്‍ഗ്ഗികമായിത്തന്നെ എന്റെ ദിവ്യമായ പൊരുളിനെ ആരാധിക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ അജ്ഞതകൊണ്ട് അപഥസഞ്ചാരം ചെയ്യുന്ന ആളുകള്‍ , ഒന്നായ എന്നെ പലതായി സങ്കല്പിക്കുന്നു; നാമമില്ലാത്ത എനിക്ക് പല നാമങ്ങളും നല്‍കുന്നു. നിര്‍വചിക്കാന്‍ കഴിയാത്ത എന്നെ വിവിധരൂപത്തില്‍ ദേവന്മാരും ദേവികളുമാക്കി വിവരിക്കുന്നു. ഞാന്‍ ഏകനായി തുല്യശക്തിയോടെ എല്ലായിടത്തും സ്ഥിതിചെയ്യുന്നുവെങ്കിലും, കുഴഞ്ഞുമറിഞ്ഞ ചിന്താഗതിക്കടിപ്പെട്ട്, അവര്‍ എന്നെ ഉയര്‍ന്നതും താഴ്ന്നതുമായ പലതട്ടുകളിലുമായി ദര്‍ശിക്കുന്നു.