ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 11

കാങ് ക്ഷന്ത കര്‍മ്മണാം സിദ്ധിം
യജന്ത ഇഹ ദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ
സിദ്ധിര്‍ഭവതി കര്‍മ്മജാ

ഈ ലോകത്തില്‍ കര്‍മ്മം ചെയ്ത് പലതും നേടാന്‍ കൊതിക്കുന്നവര്‍ ആഗ്രഹവൃത്തിക്കു സഹായികളെന്നു കരുതുന്ന ദേവതകളെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ കര്‍മ്മത്തില്‍നിന്നുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു.

ഇപ്രകാരമുള്ളവര്‍ ബഹുമുഖ ലക്ഷ്യങ്ങളോടെ അവരവരുടെ മനോഭാവം അനുസരിച്ച് വിവിധ ദേവതകളെ, ശരിയായ ആചാരക്രമങ്ങളോടും ആരാധനാ വ്യവസ്ഥകളോടും കൂടി ആരാധിക്കുന്നു. അതിന്റെ ഫലമായി ആവശ്യമുള്ളത് ഈ ദേവതകളില്‍നിന്നു നേടിയെടുക്കുന്നതില്‍ അവര്‍ വിജയിക്കുന്നു. എന്നാല്‍ ഇത് അവരുടെ കര്‍മ്മഫലം മാത്രമാണെന്നുള്ള രഹസ്യം അവര്‍മനസ്സിലാക്കുന്നില്ല. ഈ ലോകത്ത് ഒരുവന്റെ സ്വന്തം കര്‍മ്മങ്ങളെക്കാള്‍ വലുതായി ഒരു ദാനകര്‍ത്താവില്ല. യഥാര്‍ത്ഥത്തില്‍ ഈ കര്‍മ്മത്തില്‍, നല്‍കുന്നവനും വാങ്ങുന്നവനും കര്‍മ്മങ്ങള്‍ തന്നെയാണ് കര്‍മ്മങ്ങള്‍മാത്രമേ ഈ ലോകത്തില്‍ ഫലങ്ങളെ ജനിപ്പിക്കുകയുള്ളൂ. വിതയ്ക്കുന്നത് മാത്രമാണ് ഫലമായി നാം കൊയ്തെടുക്കുന്നത്. കണ്ണാടിയുടെ മുന്നില്‍ കാണിക്കുന്ന വസ്തുവിന്റെ പ്രതിബിംബം മാത്രമേ കണ്ണാടിയില്‍ പ്രതിഫലിക്കുകയുള്ളൂ. മലയുടെ അടിവാരത്തിലിരുന്നു പുറപ്പെടുവിക്കുന്ന ശബ്ദം മാത്രമേ പ്രതിദ്ധ്വനിക്കുകയുള്ളു. അതുപോലെ, വിവിധ ദേവതമാരോടുള്ള ആരാധനയുടെ അടിസ്ഥാന വിശ്വാസം ഞാനാണെങ്കില്‍ ഒരോരുത്തനും അവനവന്റെ ആഗ്രഹവും കര്‍ത്തവ്യപാലനവും അനുസരിച്ചുള്ള കര്‍മ്മഫലം മാത്രമേ ലഭിക്കുകയുള്ളൂ.