ശ്രീനാരായണഗുരുവിന്റെ പ്രശിഷ്യനായി ആന്ധ്രദേശത്ത് ആധ്യാത്മികചലനങ്ങള്‍ സൃഷ്ടിച്ച സന്യാസിവര്യനും പണ്ഡിതനും ഗ്രന്ഥകാരനും ആണ് ശ്രീ മലയാളസ്വാമികള്‍. 1885-ല്‍ ഗുരുവായൂരിനടുത്ത് ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. വേലപ്പന്‍ എന്നായിരുന്നു പേര്. പതിനഞ്ചാം വയസ്സില്‍ വീടുവിട്ട് പെരിങ്ങോട്ടുകര ശ്രീനാരായണമഠത്തില്‍ സിദ്ധശിവലിംഗസ്വാമികളില്‍ നിന്നും ശിഷ്യത്വം സ്വീകരിച്ച് ഗുരുകുലവാസം തുടര്‍ന്നു. പ്രസ്ഥാനത്രയം, ഗുരുദേവദര്‍ശനം തുടങ്ങിയവ പഠിച്ച്പഠിച്ചു. അതിനുശേഷം ശ്രീനാരായണഗുരുവിന്റെയും തന്റെ ഗുരുവിന്റെയും ആശീര്‍വാദത്തോടെ നാടുവിട്ട് ഭാരതം മുഴുവന്‍ നഗ്നപാദനായി സഞ്ചരിച്ചു. തീര്‍ഥാടനത്തിനുശേഷം തിരുമല തിരുപ്പതിയിലുള്ള ഗോഗര്‍ഭം ഗുഹയില്‍ 12 വര്‍ഷത്തിലധികം തപസ്സനുഷ്ഠിച്ചു. 1926ല്‍ ആന്ധ്രയിലെ യേര്‍പ്പേടില്‍ വിശാലമായ വ്യാസാശ്രമം സ്ഥാപിച്ചു.
അനാവശ്യമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ മലയാളസ്വാമികളുടെ സന്ദേശങ്ങള്‍ ആധുനിക ആന്ധ്രയുടെ വികാസപരിണാമങ്ങളില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും അബ്രാഹ്മണര്‍ക്കും സംസ്കൃത വിദ്യാഭ്യാസം നിരോധിച്ചിരുന്ന ആ ദേശത്ത് സമസ്ത മനുഷ്യര്‍ക്കും പഠിക്കുവാനുള്ള പാഠശാലകള്‍ ഉണ്ടാക്കി. സനാതനവേദാന്തസഭ, കന്യാഗുരുകുലം, ബ്രാഹ്മവിദ്യാപാഠശാല, അനാഥമന്ദിരം, യഥാര്‍ത്ഥഭാരതി മാസിക തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങള്‍ വിവിധ മേഖലകളില്‍ സ്വാമിജി പടുത്തുയര്‍ത്തി. ‘അസംഗാനന്ദ’ എന്ന പേരിലാണ് സന്യാസദീക്ഷ സ്വീകരിച്ചതെങ്കിലും ‘മലയാളസ്വാമി’ എന്ന മധുരനാമത്തില്‍ ആണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.
ശുഷ്കവേദാന്തതമോഭാസ്കരം PDF ഡൗണ്‍ലോഡ് ചെയ്യൂ.
ശങ്കരവേദാന്തത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ആത്മജ്ഞാനാത്മകമായ വേദാന്തമാണ് മലയാളസ്വാമികള്‍ ‘ശുഷ്കവേദാന്തതമോഭാസ്കരം’ എന്ന ഈ പാദചതുഷ്കത്തോടുകൂടിയ ഗ്രന്ഥത്തില്‍ പ്രപഞ്ചനം ചെയ്യുന്നത്. അനുഭവസാക്ഷികളായ ചിരന്തനമഹര്‍ഷികള്‍ ആവിഷ്കരിച്ച ആ ആത്മസാഫല്യം സാധാരണ ജനങ്ങളുടെ അപക്വബുദ്ധിക്ക് എളുപ്പം ഉള്‍ക്കൊള്ളത്തക്കവിധത്തില്‍ സംഗ്രഹിച്ചും സരളീകരിച്ചും പുനരാഖ്യാനം ചെയ്യുകയാണ് സ്വാമികളുടെ ഗ്രന്ഥരചനയുടെ ലക്ഷ്യം.
“ആത്മജ്ഞാനത്തിന്റെ ഉന്നം, അതിന്റെ അധികാരികള്‍, അവര്‍ക്ക് ആവശ്യമായ സാധനകള്‍, നേരിടേണ്ടിവരുന്ന വിഘ്നങ്ങള്‍, അനുസരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്നിവയെ സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ ഒരു ലളിതഗ്രന്ഥമാണ് ‘ശുഷ്കവേദാന്തതമോഭാസ്കരം’. വേദാന്തത്തിന്റെ ശുഷ്കത – അഹൃദ്യതയും ജീവിതബന്ധമില്ലായ്മയും – കളഞ്ഞുകൊണ്ട് അതിനെ ജിവിതകേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്തിരിക്കുന്നത്. ” എന്ന് ശ്രീ. സുകുമാര്‍ അഴീക്കോട് വ്യക്തമാക്കുന്നു.