ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 28

ദ്രവ്യയജ്ഞാസ്തപോയജ്ഞാഃ
യോഗയജ്ഞാസ്തഥാപരേ
സ്വദ്ധ്യായ ജ്ഞാനയജ്ഞാശ്ച
യതയഃ സംശിതവ്രതാഃ

ചിലര്‍ ദ്രവ്യദാനം ചെയ്ത് യജ്ഞം അനുഷ്ഠിക്കുന്നു. മറ്റു ചിലര്‍ തപസ്സനുഷ്ഠിച്ച് യജ്ഞം ചെയ്യുന്നു. ചിലര്‍ മനസ്സിന്റെ സമനിലയെന്ന യോഗം ശീലിച്ച് യജ്ഞം ചെയ്യുന്നു. മറ്റു ചിലര്‍ വേദശാസ്ത്രങ്ങളെ വായിച്ചും അവയുടെ അര്‍ത്ഥവിചാരം ചെയ്തും യജ്ഞംചെയ്യുന്നു. ഇങ്ങനെ മോക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവരെല്ലാം അവരവരുടെ നിഷ്ഠയില്‍ മൂര്‍ച്ചകൂടിയ വ്രതത്തോടു കൂടിയവരാകുന്നു.

സല്‍പാത്രങ്ങള്‍ക്ക് യജ്ഞബുദ്ധിയോടുകൂടി ദ്രവ്യദാനത്തെ ചെയ്യുന്നവര്‍ ദ്രവ്യജ്ഞവും യജ്ഞബുദ്ധിയോടുകൂടി തപസ്സുചെയ്യുന്നവര്‍ തപോയജ്ഞവും, പ്രാണായാമം പ്രത്യാഹാരം മുതലായ ലക്ഷണങ്ങളോടു കൂടിയ യോഗമാകുന്ന യജ്ഞം ചെയ്യുന്നവര്‍ യോഗജ്ഞാനവും ചെയ്യുന്നു. ചിലര്‍ ഉദിതമായ വാക്കുള്‍ കൊണ്ട് ഉദിതമായ വാക്കുകളിലേക്ക് അര്‍പ്പണം നടത്തുന്നു. ഇതിനെ വാഗ് യജ്ഞമെന്ന് പറയുന്നു. ധ്യാനം ചെയ്ത് വസ്തുവിചാരം നടത്തി ബ്രഹ്മത്തെ അറിയുന്നത് ജ്ഞാനമാകുന്നു. ഈ യജ്ഞങ്ങള്‍ നിര്‍വ്വഹിക്കുന്നതും അവരുടെ ഗൂഢതത്ത്വങ്ങളെല്ലാം വെളിവാക്കുന്നതും വിഷമകരമായ കാര്യമാണ്. എന്നാല്‍ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിച്ചിട്ടുള്ളവര്‍ക്ക് അവരുടെ ആത്മീയശക്തികൊണ്ട് ഈ യജ്ഞങ്ങള്‍ വിജയകരമായി നടത്താന്‍ കഴിയും അവരുടെ അഗാധമായ യോഗശക്തിയും അടിയുറച്ച ചിത്തസംയമനവും അവരുടെ ജീവാത്മാവിനെ പരമാത്മാവിന്റെ ബലിപീഠത്തില്‍ അര്‍പ്പിക്കുന്നതിന് അവരെ കഴിവുള്ളവരാക്കിത്തീര്‍ക്കുന്നു.