ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

യോഗസാമ്രാജ്യമഹോത്സവം (ശ്രീരമണ തിരുവായ്മൊഴി)

ഇന്നു ഉഷ:കാലവേദപാരായണം കേള്‍ക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ ആശ്രമത്തില്‍ കോലാഹലമായിരുന്നു. പാകശാലയില്‍ പലവിധ സംഭാരങ്ങള്‍നിറഞ്ഞുകിടക്കുന്നു. പുളിഹോര, ദദ്ധോദനം, ശര്‍ക്കരപൊങ്ങല്‍, ഉപ്പുപൊങ്ങല്‍, വട, പൂരികൂട്ട് എന്തൊക്കയോ സാധനങ്ങള്‍ പാത്രത്തില്‍ നിറച്ച് മലയിലേക്ക് കയറ്റിചെല്ലുകയായിരുന്നു. ചിന്നസ്വാമി രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ല. സകല ശ്രമങ്ങളും അദ്ദേഹത്തിന്റെതാണ്.

പണ്ട് ശ്രീകൃഷ്ണഭഗവാന്‍ ഗോപാലന്മാര്‍ ചെയ്തിരുന്ന ഇന്ദ്രയാഗം മുടക്കി ഗോവര്‍ദ്ധന പര്‍വ്വതത്തിനു പൂജാനിവേദ്യങ്ങളര്‍പ്പിക്കുവാന്‍ നിയോഗിച്ചിരുന്നുപോല്‍! ഈ മലയിലേയ്ക്കു കയറ്റിച്ചെല്ലുന്ന കൊട്ടകള്‍ കണ്ടാല്‍ ‘ശ്രീരമണഭഗവാന്‍’ കാര്‍ത്തികമാസത്തില്‍ വനസമാരാധനക്ക് ചെയ്യുന്ന നെല്ലിക്കാപൂജയ്ക്ക് പകരമായി അരുണാചലമലയ്ക്ക് നിവേദ്യം കഴിക്കുകയാണെന്നു തോന്നി.

വേദപാരായണം, സ്നാനപാനം മുതലായവ നിര്‍വ്വഹിച്ചശേഷം, ‘ശിവനന്ദി’പോലെ നടന്നുചെന്ന് രംഗസ്വാമിയുടെ കൂടെ, ഉദയാര്‍ക്കകിരണങ്ങളും വഴികാണിച്ചു കൊണ്ട്, ഭഗവാന്‍ സ്വഗൃഹത്തിലെന്നപോലെ സ്കന്ധാശ്രമത്തിലെക്കുചെന്നു. ശ്രീഭഗവാനെ പിന്തുടര്‍ന്നു കൊണ്ട് ഭക്തജനങ്ങളും സ്കന്ധാശ്രമത്തിലെത്തിചേര്‍ന്നു. ഭഗവാന്റെ സഹോദരിയായ ‘അലുമേലമ്മ’യും ഞാനും കുറച്ചു കഴിഞ്ഞാണ് ചെന്നത്. ഞങ്ങള്‍ ചെന്നപ്പോഴേക്കും ഭഗവാന്‍ ഭക്തജനപരിവേഷ്ടിതരായി ആശ്രമത്തിന്മുന്നില്‍ വൃക്ഷച്ചുവട്ടില്‍ സുഖവാസനസ്ഥനായിരുന്നു. ഹാ! ഋഷ്യാശ്രമമെന്നത് ഇതല്ലയോ ? എന്നു തോന്നി. ഹരിവംശത്തില്‍ വിവരിച്ച ബദരീകാശ്രമത്തിലെ സംയമേശ്വരരുടെ സന്ധ്യാര്‍ക്കജലബിന്ദുജാലങ്ങളും, ഋഷികുമാരരുടെ സാമഗാനാലാപങ്ങളും ഇന്ന് പ്രത്യക്ഷഗോചരമല്ലെങ്കിലും സ്കന്ധാശ്രമപരിസരത്തിലെ പര്‍വ്വതങ്ങളിലെ നീരുറവകള്‍ സസ്യാര്‍ക്കജലബിന്ദുക്കളായും, കളകളാരവം ചെയ്യുന്ന പക്ഷികളുടെ കൂജനം, സാമഗാനമായും തോന്നുകയാണ്. എന്തൊരഭൂതപൂര്‍വ്വമായ കാഴ്ച! ധാരാളം സന്യാസികള്‍ക്കും, സാധുക്കള്‍ക്കും പുറമെ പുതുശ്ശേരിയില്‍ നിന്നും മദ്രാസ്സില്‍ നിന്നും വില്വപുരത്തുനിന്നും, മറ്റുപലയിടങ്ങളില്‍നിന്നും വക്കീല്‍മാര്‍, ഡോക്ടര്‍, എഞ്ചിനീയര്‍മാര്‍, കവികള്‍, പാട്ടുകാര്‍ ഇങ്ങിനെ ആരൊക്കയോ വന്നിരിക്കുന്നു. ചെറുപ്പം, വലിപ്പം, സ്ത്രീപുരുഷന്‍, ഉയര്‍ന്നവന്‍, താഴ്ന്നവന്‍ എന്നൊന്നും വ്യത്യാസമില്ലാതെ എല്ലാവരും ഭഗവാനില്‍ ദൃഷ്ടിയുറപ്പിച്ചുംകൊണ്ട് നിലത്തു ഇരുപ്പ് ഉറപ്പിച്ചിരിക്കുകയാണ്.

വിവിധധാതു സമ്മിശ്രമായ അരുണാചലം, രത്നസിംഹാസനമായും ആകാശവീഥിയെ ആവരണം ചെയ്ത മേഘം ശ്വേതച്ഛത്രമായും, പടര്‍ന്നുനില്‍ക്കുന്ന ബഹുശാഖാസമന്വിത വൃക്ഷസമുദായം, വെണ്‍ചാമരങ്ങളായും ഉള്ളതുകാരണം, ആ യോഗീവര്യന്‍ ചക്രവര്‍ത്തിയെപ്പോലെ ശോഭിച്ചു. സൂര്യദേവന്‍‍, പ്രകാശതരംഗങ്ങളെക്കൊണ്ട് ശ്രീഭഗവാനെ തടവികൊണ്ടിരുന്നു.

സഹോദരാ! ആ ദൃശ്യം എന്താണെന്നാണെഴുതേണ്ടത് ? ആ മഹാത്മാവിന്റെ പ്രശാന്തഗംഭീരമായ തെളിനോട്ടവും, അത്ഭുതകാന്തിയും സര്‍വ്വകാന്തിയും സര്‍വ്വ ദിക്കുകളേയും ആവരണം ചെയ്തിരിയ്ക്കുന്നു. ആ മന്ദഹാസം ശരത്ചന്ദ്രികപോലെ വിലസി. ആ വാക്കു അമൃതവര്‍ഷം പൊഴിച്ചു. അങ്ങിനെ മതി മറന്നു അചലാകാരമായി അല്പസമയം ഇരുന്നു.

ഫോട്ടോഗ്രാഫര്‍ അവരുടെ പ്രവൃത്തി നിര്‍വ്വഹിച്ചു. ഒമ്പതു മണിക്കുശേഷം യഥോചിതം, മഹാരാജാ ദര്‍ബ്ബാര്‍ പോലെ തപാല്‍ പരിശോധന മുതലായ കാര്യക്രമങ്ങള്‍ കീഴെ ആശ്രമത്തില്‍ നടക്കുന്നതുപോലെ നടന്നു. പിന്നീട് കാര്‍മേഘങ്ങളും കാറ്റും അധികരിക്കയാല്‍, ഒരു ധവളകമ്പിളിവസ്ത്രംകൊണ്ടു ഭഗവാനെ പുതപ്പിച്ചു. മുഖം മാത്രം കാണിച്ചുകൊണ്ട് ശരീരം മൂടി ഭഗവാനിരുന്നപ്പോള്‍ അഴകമ്മയുടെ (ഭഗവാന്റെ മാതാവിന്റെ) അപരരൂപമായി തോന്നി. ശ്രീഭഗവാന്റെ സഹോദരി അലുമേലമ്മയും ഞാനും അതിനേപറ്റി സംസാരിച്ചു

അലപം കഴിഞ്ഞപ്പോള്‍, “ഗുരോസ്തുമൗനം വ്യാഖ്യാനം” എന്നപോലെ ഭഗവാന്‍ ‘മൗന’ ബോധന ചെയ്തു. ഭക്ഷണാനന്തരം വിശ്രാന്തിക്കായി ജനസമൂഹത്തില്‍ നിന്നു ‘സോഫാ’ ഉള്‍വശത്തേക്കു മാറ്റി പത്തു നിമിഷം ജനങ്ങള്‍ മാറി നിന്നെങ്കിലും ക്രമേണ എല്ലാവരും ഭഗവാനെ സമീപിച്ചു.

ഭഗവാന്റെ അമ്മവന്ന വൃത്താന്തം, സ്കന്ദാശ്രമ നിര്‍മ്മാണം, ജലവസതി, ഭക്ഷണസാധനങ്ങള്‍ വന്നു ചേര്‍ന്നവിവരം, കുരങ്ങന്മാരുടെ രാജ്യം, മയിലുകളുടെ നൃത്തം, സര്‍പ്പങ്ങളുടെയും പുലികളുടെയും ഐക്യം ഇത്യാദി തന്റെ ഗിരിജിവിതം വിനോദകഥകളായി ശ്രീഭഗവാന്‍ അരുള്‍ ചെയ്യുമ്പോള്‍, ഭക്തജനങ്ങള്‍ കര്‍ണ്ണാമൃതമായ് കേട്ടാനന്ദിച്ചു. ശ്രീഭഗവാന്റെ പാദങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ സ്ത്രീകള്‍ ഇരുന്നിരിക്കുന്നു. ആ പ്രഭാഷണസമയത്തില്‍ നവാഗതനായ നാഗനാര്യകവി “ഭഗവാന്റെ ദൃഷ്ടിയില്‍ പെട്ടു. “എപ്പോള്‍ വന്നു ? എന്നയാളോട് ചോദിച്ചു, എന്നെ നോക്കി; “അതൊ അവര്‍ വന്നിരിക്കുന്നു: എന്നു പറഞ്ഞു, ഉടനെ എന്തോ ഓര്‍മ്മയില്‍ വന്നു, തേജസ്സഹിതമായ ദൃഷ്ടി ഈ ഭാഗത്തില്‍ പ്രസരിപ്പിച്ചു. “അതാ, അവിടെയാണ് അമ്മ നിര്യാണമായത്. ആ പുറഭാഗം അമ്മയെ ഇരുത്തിയപ്പോള്‍ അമ്മയുടെ മുഖത്തില്‍ മരണ ചിഹ്നം കണ്ടിരുന്നില്ല. സമാധിസ്ഥയെപോലെ ദിവ്യതേജസ്സു നൃത്തമാടുന്നുണ്ടായിരുന്നു. അവിടെ നിങ്ങള്‍ ഇരുന്ന സ്ഥലത്തായിരുന്നു” എന്നു മഹാത്മാവിന്റെ വാണി വേണുനാദം പോലെ എന്റെ കര്‍ണ്ണങ്ങളില്‍ മുഴങ്ങി. കാണ്മാന്‍ കഴിയുന്ന സ്ഥലത്തിരുന്നു കേള്‍ക്കാനുള്ള വാര്‍ത്ത കേട്ടു. ഇന്ന് എന്തൊരു സുദിനമാണ് ?

കപിലന്‍ ദേവഹൂതിയ്ക്ക് തത്വോപദേശംചെയ്തു ഉദ്ധരിച്ചു. ധ്രുവന്‍ സുനീതിയെ മോക്ഷപഥത്തിലെത്തിച്ചു. ശ്രീരമണന്‍ മാതൃദേവതക്കു അക്ഷ്യമോക്ഷസാമ്രാജ്യം കൊടുത്തതു കൂടാതെ ഗൗരവ ചിഹ്നമായി മാതൃസമാധിമീതെ “മാതൃഭൂതേശ്ചര” ലിംഗം പ്രതിഷ്ഠിച്ച ഇഹത്തില്‍ അമ്മയുടെ കീര്‍ത്തിയെ സുസ്ഥിരമായി വെച്ചിരിക്കുന്നു.

അമ്മയുടെ വാര്‍ത്ത ഭഗവാനരുളിയപ്പോള്‍ ഇനിക്കു ആനന്ദമുളവായി കണ്ണില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു. “അമ്മയുടെ വാര്‍ത്ത മകളോടു പറഞ്ഞു എന്നതു പോലെ എന്റെ പിതാവിന്നു എന്തൊരു ദയയാണ് ? മഹാത്മാക്കള്‍ എപ്പോഴും സ്ത്രീകളെ ആദരിയ്ക്കും. അവരുടെ ദൃഷ്ടിക്ക് ‘സ്ത്രീ’ മാതൃസ്വരൂപിണിയും പ്രേമമയിയുമാണ്. പ്രകൃതിയില്ലെങ്കില്‍ സൃഷ്ടിയില്ലല്ലോ.

അമ്മ വരുന്നതിനുമുമ്പു ആശ്രമത്തില്‍ പാചകവൃത്തിയില്ലത്രെ അമ്മ വന്നതില്പിന്നെ ഭക്തന്മാര്‍ക്കു മൃഷ്ടാന്നഭോജനം കൊടുത്തു. അമ്മ സ്ഥാപിച്ച അഗ്നിഹോത്രം ഇന്നും ആശ്രമത്തില്‍ പചനകാര്യം നിര്‍ വ്വഹിച്ചു ആയിരക്കണക്കില്‍ ഭക്തന്മാരുടെ കുക്ഷി നിറക്കുന്നു.

പൂജ്യമാതാവിന്റെ പടം സ്കന്ദാശ്രമത്തില്‍ കാണുമൊ എന്നു ചുറ്റുപാടും നോക്കി. കാണാതായപ്പോള്‍ അല്പം വിഷമിച്ചു. “സ്ത്രീജാതിക്കു മഹത്വമുണ്ടാക്കിയ മാതാവെ! ഞങ്ങള്‍ ധന്യവതികളാണു” എന്ന് മനസ്സില്‍ വിചാരിച്ചു നമസ്കരിച്ചു. ഇതിനിടയില്‍ പലഹാരങ്ങള്‍ വന്നു. അതൊക്കെ ഭക്ഷിച്ചു നാലുമണി കഴിഞ്ഞപ്പോള്‍ എല്ലാവരും പുറപ്പെട്ടു. അനുചരസമേതം അരുണകിരണം അപരഗിരിചേരുന്ന സമയത്തില്‍, അരുണഗിരി സിംഹപീഠാവതരണംചെയ്തു സാവധാനത്തില്‍ ഭഗവാന്‍ ആശ്രമത്തില്‍ വന്നുചേര്‍ന്നു. യഥാപ്രകാരം വേദപാരായണാദികാര്യങ്ങള്‍ നിര്‍വ്വഹിച്ചു.

28-11-’45