ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

ബന്ധനങ്ങള്‍ (ശ്രീരമണ തിരുവായ്മൊഴി)

“അമ്മയുടെ സമാധിക്കു ശേഷം ബന്ധങ്ങള്‍ എല്ലാം വിട്ടു ഒരു സ്ഥലമെന്നില്ലാതെ മലയുടെ ഗുഹകളില്‍ എവിടെയെങ്കിലും തനിയെ വസിക്കാമെന്നു വിചാരിച്ചപ്പോള്‍ അതിലധികം ബന്ധമായി. അനങ്ങാനെ സാധ്യമല്ല എന്ന് ഭഗവാന്‍ എത്ര തവണയോ അരുള്‍ ചെയ്തിട്ടുണ്ട്. ഭഗവാനെ പെറ്റെടുത്ത മാതാവ് ഒന്നെ ഉള്ളുവെങ്കിലും ഭഗവാന്റെ സന്താനങ്ങള്‍ ആയിരക്കണക്കിലധികമുണ്ട്. ഈ ബന്ധം വലുതല്ലേ ?

മിനിഞ്ഞാന്നു ശ്രീഭഗവാന്‍ ആരും അറിയാതെ സ്കന്ദാശ്രമം മരാമത്തുചെയ്യുന്നതറിഞ്ഞു മദ്ധ്യാഹ്നഭോജനത്തിനുശേഷം ആരോടും പറയാതെ രങ്കസാമിയോടു കൂടി മലയിലേക്കു ചെന്നപ്പോള്‍ പിന്നാലെതന്നെ സകലരും മലകയറി ശ്രീഭഗവാനെ ചുറ്റിക്കൂടി. ഈ ജനങ്ങളേയും വഹിച്ചുകൊണ്ട് ഏതുവിധത്തിലോ രാത്രി എട്ടുമണിക്കെല്ലാം ആശ്രമത്തില്‍ തിരിച്ചെത്തി. പിന്നീട് പത്തു ദിവസം കഴിഞ്ഞപ്പോള്‍ “സ്കന്ദാശ്രമത്തിലേക്കുള്ള റോഡ് പൂര്‍ത്തിയായി. ഭഗവാന്‍ വന്നുനോക്കണം എന്നു പ്രവൃത്തിക്കാര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍”ശരി ആലോചിക്കാം”എന്നു പറഞ്ഞു. “എല്ലാവരും ചേര്‍ന്നുപോകാം, വിരുന്നു ഏര്‍പ്പാടു ചെയ്തു പോയാല്‍മതി”അന്നൊരു ദിവസം വൈകുന്നേരം അഞ്ചുമണിക്കു ഭഗവാന്‍ ആരും അറിയാതെ സ്ക്ന്ദാശ്രമത്തിലേക്കു ചെന്നു. ഈ സംഗതി അറിഞ്ഞു സ്ത്രീപുരുഷന്മാര്‍ ഇരുട്ടും രാത്രിയുമോര്‍ക്കാതെ, ടോര്‍ച്ചും റാന്തലുമായി മലയിലേക്കു ചെന്നു. ശ്രീഭഗവാന്റെ സ്വഭാവസ്ഥിതി അറിയാത്തവരും, അറിഞ്ഞ ഞാനും’പിന്നാലെ ചെല്ലേണ്ടാ’എന്നു കരുതി മലയുടെ അടിവാരത്തില്‍ നിന്നുവെങ്കിലും, എല്ലാവരും പോകുന്നുവെന്ന ചിന്താചാപല്യത്താല്‍ അവരുടെ പിന്നാലെ ഞാനും ചെന്നു. മ ര്‍ക്കടചേഷ്ട വിടാത്തപോലെ ഈ മനസ്സിന്റെ സഹജഗുണം വിടാന്‍ കഴിഞ്ഞില്ല. പിന്നീടു വിചാരിച്ചു, പ്രയോജനമെന്തുണ്ട് ?

ആ ഇരുട്ടില്‍ ഈ ജനങ്ങളൊക്കയും ഇരിക്കാന്‍ സ്ഥലമില്ലാതെയും തിന്നാനും ദാഹം തീര്‍ക്കാനും വഴിയില്ല്ലാതെയും കണ്ടപ്പോള്‍ ശ്രീഭഗവാനു കഷ്ടം തോന്നി. പിന്നീട് ‘വിരുന്നുഭോജനം’ ഏര്‍പ്പാടുചെയ്തു. കരുണാമയനായ ഭഗവാന്റെ കാരുണ്യം വര്‍ണ്ണിക്കുവാനാരാലും സാധ്യമല്ല. എത്രശക്തിസമ്പന്നരായിരിക്കണം ഇത്ര വലുതായ സംസാരം നീന്തിക്കടക്കണമെങ്കില്‍, ശാന്തിസമൃദ്ധരല്ലെങ്കില്‍ ഇത്രവലുതായ സംസാരത്തിലിരുന്നുകൊണ്ട് ഏതിലും സ്പര്‍ശിക്കാതെ ബന്ധരഹിതരായിരിക്കാന്‍ സാധിക്കുമോ ? മഹാത്മാക്കള്‍ ഏതിനും സമര്‍ത്ഥരാണ്.

31-12-’45