ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി)

ഒരാഴ്ചമുമ്പു ഒരാള്‍ ഭഗവാനെ സമീപിച്ചു “ഈ ശരീരത്തോടെ ശാശ്വതമായ മോക്ഷപ്രാപ്തി വരുത്താമൊ ? ” എന്നു ചോദിച്ചു. “മോക്ഷമെന്നാലെന്താണ് ? പ്രാപിക്കുന്നതാര് ? ബന്ധം ഉണ്ടെങ്കിലല്ലേ മോക്ഷം. ആ ബന്ധമാര്‍ക്കാണ് ? “എന്നു ചോദിച്ചു ഭഗവാന്‍. “എനിക്കുതന്നെ”എന്നു ആഗതന്‍ പറഞ്ഞു. “നീ എന്നതാരാണ് ? ബന്ധം നിനക്കെങ്ങനെയുണ്ടായി ? എന്തിനുണ്ടായി ? അതു ആദ്യം അറിഞ്ഞാല്‍. ശരീരത്തോടെ ശാശ്വതമായിരുന്ന് മോക്ഷം പ്രാപിക്കാമൊ എന്ന സംഗതി ആലോചിക്കാം” എന്നു ഭഗവാന്‍ അരുളി. അയാള്‍ ഉത്തരം പറയാതെ അല്പസമയം സന്നിധിയിലിരുന്നുപോയി. [ ഈ ഗൂഢാര്‍ത്ഥം, ആവരണവിക്ഷേപം നിറഞ്ഞ ജീവന് എങ്ങിനെ ഗ്രഹിക്കാന്‍ സാധ്യമാകും ? ]

അയാള്‍ പോയതില്‍പിന്നെ അനുഗ്രഹപൂരിതദൃഷ്ടിയാല്‍ എല്ലാവരെയും നോക്കി “അധികജനങ്ങള്‍ക്കും ഇതേ പ്രശ്നം. ശരീരത്തോടെ ഇങ്ങിനെ മോക്ഷം പ്രാപിക്കേണമെന്ന്. ഇതൊരു സംഘം, ഇപ്പോള്‍ മാത്രമല്ല പൂര്‍വ്വകാലത്തില്‍കൂടി ആരാരൊക്കയോ, കായകല്പവൃതമെന്നും, അതും, ഇതും എന്തെന്തൊക്കയൊ, പറഞ്ഞു, ഈ ശരീരത്തെ വജ്രതുല്യമാക്കണമെന്നും, ഈ ശരീരത്തോടെ കൈലാസത്തില്‍ ചെല്ലാമെന്നും ശിഷ്യര്‍ക്കു ബോധിപ്പിച്ചതുകൂടാതെ എത്രയെത്രയോ ഗ്രന്ഥങ്ങളും എഴുതിവെച്ചിരിക്കുന്നു. ഇത്രയും പറഞ്ഞു, ഇത്രയും പ്രവൃത്തിച്ചു എന്തൊക്കയൊ എഴുതിയും വച്ചു, അവസാനം എന്നോ ഒരു നാള്‍ കാലത്തിനു വശമായി അവരും പോകുന്നു. പറയുകയും പ്രവൃത്തിക്കുകയും ചെയ്ത ഗുരു തന്നെ പോകുന്നു. പിന്നെ ശിഷ്യര്‍ക്കെന്തുണ്ട് ? ഇപ്പോള്‍ കണ്ടതു ഇനി ഒരു ക്ഷണത്തില്‍ എന്താകുന്നൊ, നമുക്കറിയില്ല. ഈ ശരീരം ‘ഞാനല്ല’, എന്നു വിചാരിച്ച് അറിഞ്ഞ്, അതിനെ ലക്ഷ്യം വെക്കാതെയിരിക്കുന്ന വൈരാഗ്യസ്ഥനല്ലതെ ശാന്തി കിട്ടുകയില്ല. ശാന്തി യുണ്ടാകുകയല്ലയോ മോക്ഷം ? ശരീരം ഞാനെന്ന ഭ്രാന്തിയുള്ളതുവരേക്കും ശാന്തി ഉണ്ടാകയില്ലെന്നിരിക്കെ, ഈ ശരീരത്തെ ഇങ്ങിനെ വെച്ചുകൊണ്ട് ഇരിക്കേണമെന്ന പ്രയത്നം ചെയ്തുകൊണ്ടേയിരുന്നാല്‍ ബന്ധം അധികരിക്കയല്ലാതെ കുറയുന്നതെങ്ങിനെ ? ഇതൊരു ഭ്രാന്തി” എന്നരുള്‍ ചെയ്തു ഭഗവാന്‍

21-2-46