ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘തെര’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നലെ മദ്ധ്യാഹ്നം ഒരു ഭക്തന്‍ ഭഗവാനെ സമീപിച്ചു “സ്വാമീ! തന്നെ താന്‍ അറിഞ്ഞവന്നു ജാഗ്രത്‍, സ്വപ്ന, സുഷുപ്തികള്‍ എന്ന മൂന്നവസ്ഥകള്‍ ഉണ്ടാകയില്ലെന്നു പറയുന്നുവല്ലോ! സത്യമാണോ ? എന്ന് ചോദിച്ചു.

ഭഗവാന്‍ – പ്രസന്ന ദൃഷ്ടിയില്‍ നോക്കി, ” ആ മൂന്നവസ്ഥകള്‍ ഇല്ലെന്നു പറഞ്ഞതിനോട് നിങ്ങള്‍ ധരിച്ച അര്‍ത്ഥമെന്താണ് ? “ഞാന്‍, സ്വപ്നം കണ്ടു ഞാന്‍, ഗാഢനിദ്രയില്‍ ആയിരുന്നു, ഞാന്‍, ഉണര്‍ന്നു, എന്ന് പറയുമ്പോള്‍ ഈ മൂന്നവസ്ഥകളിലും നിങ്ങള്‍ ഉണ്ട് എന്നത് നിശ്ചയമല്ലേ ? ആകയാല്‍ ആ ‘ഞാന്‍’ എന്ന വസ്തു ഒന്നുണ്ടെന്ന് സ്ഥിരപ്പെടുത്തി കൊണ്ടിരിക്കുന്നുമുണ്ട്. ഈ മൂന്നവസ്ഥകളിലും ഉള്ളത് പോലെ ഇരുന്നു കൊണ്ട് ജാഗ്രാവസ്ഥ വരുന്നു, അതുമാറി സ്വപ്നമാകുന്നു, അതും പോയി സുഷുപ്തി ആവുന്നു. നിങ്ങള്‍ അപ്പോഴും ഉണ്ട് എപ്പോഴും ഉണ്ട് ഇപ്പോഴും ഉണ്ട്. അത് ഏതു പോലെ എന്നാല്‍ സിനിമ ദൃശ്യം പോലെ, ‘തെരയെ’ ഒന്നും ബാധിക്കുന്നില്ല. . . ‘തെര’ തെരയായി തന്നെ ഇരിക്കുന്നു. അതെ വിധത്തില്‍ ആ നിങ്ങള്‍, (ഞാന്‍) ഞാനായി തന്നെ ഇരിക്കുന്നു. അതറിഞ്ഞിരുന്നാല്‍ ജാഗ്രത് സ്വപ്ന സുഷുപ്ത്യാവസ്ഥകള്‍, തെര മീതെയുള്ള ചിത്രങ്ങള്‍ പോലെ നിങ്ങളെ ഒന്നും ബാധിക്കയില്ല. എന്ന് പറഞ്ഞാല്‍ നിങ്ങളെ ബന്ധിക്കുന്നില്ലെന്നു അര്‍ഥം. സിനിമ തെര മീതെ ചിലപ്പോള്‍ തിര തല്ലുന്ന സമുദ്രം ചിലപ്പോള്‍ ഗോചരിക്കുന്നു. ഉടനെ കാണാതാകുന്നു. ചിലപ്പോള്‍ കത്തി ജ്വലിക്കുന്ന അഗ്നി പ്രത്യക്ഷമാകുന്നു. അതും ഇല്ലാതാകുന്നു. ഈ സംഭവങ്ങള്‍ നടക്കുമ്പോഴും ‘തെര’യുണ്ട്. ചിത്രം നടക്കാതപ്പോഴും ഇപ്പോഴും തെരയുണ്ട്. ആ ‘തെര’ ജലം കൊണ്ട് നനഞ്ഞിട്ടുമില്ല, ‘അഗ്നി’ കൊണ്ട് കത്തിയിട്ടുമില്ല. ഒന്നും തന്നെ ആ തെരയെ ബാധിച്ചില്ല. അതേപോലെ, ജാഗ്രല്‍ സുഷുപ്ത്യാദ്യവസ്ഥ കളിലുളവായ കല്ലോലങ്ങള്‍ ഒന്നും തന്നെ ജ്ഞാനിയെ ബാധിക്കുന്നില്ല. താന്‍, താനായി നില്‍ക്കുന്നു.’ എന്നരുള്‍ ചെയ്തു.

ഭക്തന്‍: :– എന്നാല്‍ ഈ മൂന്നവസ്ഥകളും, ജ്ഞാനിയെ ബാധിക്കുന്നില്ല എന്ന് വരുന്നു. അങ്ങിനെയല്ലേ ?

ഭഗവാന്‍: :-“അതേ, അതേ, അതേ, ഇതെല്ലം വരുന്നു, പോകുന്നു. ജ്ഞാനിക്കെന്തുണ്ട് ? ജ്ഞാനിക്കു എപ്പോഴും ഒരേ അവസ്ഥ. ” എന്ന് പറഞ്ഞാല്‍, എല്ലാറ്റിനും സാക്ഷി മാത്രമായിരിക്കുമെന്നര്‍ത്ഥം” എന്ന് പറഞ്ഞു ആ ഭക്തന്‍. . .

ഭഗവാന്‍: :-” അതേ, അയ്യാ! ഇതിനു ‘പഞ്ചദര്‍ശ’ ദശമപ്രകരണത്തില്‍, വിദ്യാരണ്യരാവര്‍കള്‍ “നാടകദീപം” ഉപമാനമായി പറഞ്ഞിട്ടുണ്ട്. നാടകം അഭിനയിച്ചു കൊണ്ടേയിരിക്കുന്നു. ‘ദീപം’ അതിന്നു സാക്ഷി. ആ സാക്ഷിക്കു, അത് രാജാവ്‌, ഇത് സേവകന്‍, അത് നര്‍ത്തകി, എന്നാ ഭേദമോ ഏറ്റക്കുറവോ ഇല്ലാതെയിരിക്കുന്നു. രംഗ സ്ഥലത്തില്‍ നടിക്കുന്ന നടന്മാരിലും പ്രേക്ഷകരിലും ഒരേ വിധത്തില്‍ പ്രസരിച്ചു പ്രകാശിപ്പിക്കുന്നു. ആ ദീപം രംഗത്തിനു മുമ്പും, രംഗം നടക്കുമ്പോഴും, നടനം കഴിഞ്ഞാലും ഉണ്ട്. അതേ വിധത്തില്‍ സാക്ഷി (ആത്മാവ്) വൃദ്ധി ക്ഷയാദി വികാരങ്ങള്‍ ഇല്ലാതെ, അഹങ്കാര, ബുദ്ധി, ശബ്ദ, സ്പര്‍ശ വിഷയാദികള്‍ പ്രകാശിപ്പിച്ചു നില്‍ക്കുന്നു. സുഷുപ്തിയില്‍ അഹങ്കരാദികളില്ലെങ്കിലും ആ സാക്ഷി (ആത്മാവ്) നിര്‍വികാരനായി, സ്വയം പ്രകാശിച്ചു കൊണ്ടിരിക്കുന്നു എന്ന് താല്പര്യം. ഏതായാലും ഒന്ന് തന്നെ. താനാരാണ്, തന്റെ സത്യസ്വരൂപം ഏതാണ് ? എന്ന് വിചാരിച്ചറിഞ്ഞാല്‍, ഈ സന്ദേഹങ്ങള്‍ ഒന്നും ഉണ്ടാകയില്ല എന്നരുള്‍ ചെയ്തു ഭഗവന്‍.

ഞാന്‍ ചെയ്യുന്നുവെന്ന ഭാവനക്ക് സ്ഥലമെവിടെ ? ഏതോ ഒരു ശക്തി മൂലം കാര്യം നടക്കുന്നെന്ന് അറിയുന്നു ജ്ഞാനി. ജ്ഞാനികള്‍ ശാപാനുഗ്രഹത്തിന്നു സമര്‍ത്ഥര്‍ ആണെന്ന് പറയുന്നുവല്ലോ; അവര്‍ക്കൊന്നും ഇല്ലെന്നു പറയുന്നുവല്ലോ ഭഗവാന്‍ ? എന്നൊരാള്‍ ചോദിച്ചു “അതേ അയ്യാ! സമര്‍ത്ഥര്‍ അല്ലെന്നു ആരു പറഞ്ഞു. താന്‍ വേറെ ഈശ്വര ശക്തി വേറെ, എന്നുള്ള ഭാവന അവര്‍ക്കുണ്ടാവുന്നില്ല. ഉള്ളത് ഒരേ ശക്തി. ആ ശക്തി കൊണ്ടാണ് തന്‍ ചലിക്കുന്നതെന്ന് ഗ്രഹിച്ചു അഹം കര്‍തൃത്വരഹിതരായിരിക്കും. അവര്‍ ഇരിക്കുന്നത് തന്നെ ലോകത്തിന്നു നന്മ. പ്രാരബ്ധാനുസാരം ചെയ്യേണ്ടുന്ന പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ ആ പ്രവൃത്തി നിവൃത്തിക്കും, അത്രമാത്രം. ”

21-5-47