രാജീവ് ഇരിങ്ങാലക്കുട
വേദാന്തം കേവലമൊരു തത്ത്വചിന്താപദ്ധതി മാത്രമല്ല, പ്രായോഗികമായ പ്രവര്‍ത്തനപദ്ധതികൂടിയാണെന്ന് അറിയണമെങ്കില്‍ ആചാര്യസ്വാമികളുടെ ജീവിതത്തിലൂടെ നാം ഒരു തീര്‍ത്ഥയാത്ര നടത്തണം. ഭാരതത്തെ ഏകമായി ദര്‍ശിച്ചു ശ്രീശങ്കരാചാര്യര്‍. ഭാരതത്തിലെ കൊച്ചുകൊച്ചു രാഷ്ട്രങ്ങള്‍, ഒന്നു മറ്റൊന്നുമായി എപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങളുടെ പേരില്‍ വിഘടിച്ചു നിന്ന ഒരു കാലഘട്ടത്തില്‍ വര്‍ണം, ഭാഷ മുതലായവയുടെ മറയ്ക്കുള്ളില്‍ ശിഥിലീകരണത്തിന്റെ അടിത്തട്ടിലേക്ക് ഭാരതം നീങ്ങിയ ഒരു ദശാസന്ധയില്‍, ഭാരതീയ സംസ്‌ക്കാരത്തിനും ജീവിതത്തിനും സര്‍വത്ര ഏകീഭാവം മാത്രമാണുള്ളതെന്ന് ഭാരതത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിച്ചുകൊണ്ട് ആചാര്യപാദര്‍ ഉദ്‌ഘോഷിച്ചു. ‘ഏകം സദ് വിപ്രാ: ബഹുധാവദന്തി’ (സത്യവസ്തു ഒന്നേയുള്ളു; ജ്ഞാനികള്‍ പലവിധത്തില്‍ അതിനെ വിളിക്കുന്നു.) എന്ന ഋഗ്വേദ സൂക്തത്തിന്റെ മാറ്റൊലിയാണ് ശാങ്കരഭാഷ്യത്തില്‍ സര്‍വത്ര നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുക. അതിനാല്‍ ഏകത്വത്തിലേക്ക് ഭാരതത്തേയും അതുവഴി വിശ്വത്തേയും നയിച്ച ആ ഭഗവല്‍പാദരുടെ അപദാനങ്ങളായിരിക്കും ഭാരതീയ സംസ്‌ക്കാരത്തിന് ഐകരൂപ്യം കൈവരുത്താനുള്ള പ്രയാണത്തില്‍ നമുക്ക് മാര്‍ഗദര്‍ശകമാകേണ്ടത്.
വൈദികധര്‍മ്മത്തിനെതിരെ കാഹളം മുഴങ്ങിയ ഇരുണ്ട കാലഘട്ടത്തിലായിരുന്നു ശ്രീശങ്കരാചാര്യരുടെ ജനനം. സനാതനധര്‍മ്മത്തിന്റെ സമുത്കര്‍ഷത്തിനുവേണ്ടി അവതീര്‍ണനായ ഭഗവാന്‍ ബുദ്ധന്റെ അനുയായികള്‍ മഹത്തായ പ്രാചീന പാരമ്പര്യത്തില്‍നിന്നും പൂര്‍ണമായി വ്യതിചലിച്ചുപോയ കാലം. അറിവിന്റെ സമുദ്രമായ വേദങ്ങളില്‍നിന്നു തങ്ങളുടെ അഭിപ്രായത്തെ പുഷ്ടിപ്പെടുത്തുന്നതിനു പകരം വേദങ്ങള്‍ക്കു തങ്ങളുടെ ധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ സ്ഥാനമേ നല്കാതിരുന്ന കാലം. ഈശ്വരനും വേദങ്ങള്‍ക്കും നേരെയുള്ള ബുദ്ധമതാനുയായികളുടെ ഉദാസീന മനോഭാവം വര്‍ദ്ധിച്ചതിന്റെ ഫലമായി വികൃതമായ ബുദ്ധമതത്തെ പരിഷ്‌കരിച്ച് വൈദിക ധര്‍മത്തെ പൂര്‍വ്വാധികം ഊര്‍ജ്ജസ്വലമാക്കി ദര്‍ശനങ്ങളുടെ അനശ്വരസിംഹാസനത്തില്‍ വീണ്ടും പ്രതിഷ്ഠിക്കുക എന്ന ദൗത്യവുമായാണ് ആ അവസരത്തില്‍ ആചാര്യസ്വാമികള്‍ ഭൂജാതനായത്.
ശാസ്ത്രം മുഴുവനും അധ്യയനം ചെയ്തതിനുശേഷം രാഷ്ട്രത്തിന്റെ ഒരു ദിശയില്‍നിന്നും മറ്റ് ദിശയിലേക്ക് കാല്‍നടയായി സഞ്ചരിച്ച് സമസ്തഭാരതത്തിന്റെയും ഹൃദയഭാവന ആചാര്യര്‍ ഹൃദിസ്ഥമാക്കി. നശ്വരമായ ധരണിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനു പകരം ചിന്താഗതിയുടെ മേല്‍ പ്രഭുത്വം സ്ഥാപിക്കുവാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ആചാര്യസ്വാമികളുടെ ദിഗ്വിജയയാത്രക്കിടയില്‍ മുഴങ്ങിയ മധുരവാണി കേട്ട വിരോധികളുടെപോലും വിരോധാഗ്നി കെട്ടടങ്ങിയിരുന്നു. ജ്ഞാനികളില്‍വെച്ച് മഹാജ്ഞാനിയും വേദവേദാംഗപാരംഗതനുമായ ആചാര്യര്‍ പ്രതിപക്ഷങ്ങളെ ജയിച്ചത് ബുദ്ധിശക്തിയോടൊപ്പം ഹൃദയനൈര്‍മല്യവും കൊണ്ടാണ്. ഹൃദയത്തെ ജയിച്ചുകഴിഞ്ഞാല്‍ ഏവരുടെ ബുദ്ധിയും സ്വാധീനമായി കൊള്ളുമെന്നറിഞ്ഞ് പ്രവര്‍ത്തനനിരതമായ ആ മഹാമനീഷിയുടെ കീര്‍ത്തിസൗരഭ്യം നാനാദിക്കുകളിലും ക്രമേണ പ്രസരിക്കുവാന്‍ തുടങ്ങി. സമസ്തസമാജത്തിന്റെയും സര്‍ഗാത്മകമായ രചനയ്ക്കുവേണ്ടി, സമസ്ത ധര്‍മങ്ങളുടേയും സമഗ്രമായ സമന്വയത്തിനുവേണ്ടി ശക്തി സംഭരിക്കാനായാണ് ആചാര്യസ്വാമികള്‍ ദിഗ്വിജയയാത്ര ആരംഭിച്ചത്. ശാക്തന്മാര്‍, ശൈവന്മാര്‍, വൈഷ്ണവന്മാര്‍, ആദിത്യോപാസകന്മാര്‍, ഗണേശോപാസകന്മാര്‍ തുടങ്ങിയവരെയെല്ലാം സന്ദര്‍ശിച്ച് സംവാദത്തിലൂടെ അവരെല്ലാം ഒരേയൊരു ശക്തിയെ തന്നെയാണ് ആരാധിക്കുന്നതെന്നും, ആ ഒരേയൊരു ശക്തിയെതന്നെയാണ് അവര്‍ സഹസ്രാനന്‍, സഹസ്രബാഹു, സഹസ്രാക്ഷന്‍, സഹസ്രപാദന്‍ തുടങ്ങിയ വിവിധ നാമധേയങ്ങളിലൂടെ ആരാധിക്കുന്നതെന്നും അദ്ദേഹം അവര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുത്തു. ശങ്കരാചാര്യസ്വാമികളുടെ ഈ ഉപദേശത്താല്‍ ജനതയ്ക്ക് തങ്ങളുടെ ജീവിതവീക്ഷണം വിശാലമായിത്തീര്‍ന്നു. ജീവിതോദ്ദേശ്യം ഏറ്റവും ഉത്കൃഷ്ടമായതാണെന്നും അവര്‍ക്കു മനസ്സിലായി. അതുകൊണ്ട് അവരുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളും ഏറ്റവും ഉയര്‍ന്ന നിലയിലുള്ളതായിത്തീര്‍ന്നു.
സമൂഹത്തിന് മുഴുവന്‍ പ്രചോദനം നല്കുവാന്‍ പര്യാപ്തമായ മഠങ്ങള്‍ സ്ഥാപിക്കുവാനാണ് പിന്നീട് ശങ്കരാചാര്യസ്വാമികള്‍ തീരുമാനിച്ചത്. അദ്ദേഹം സ്ഥാപിച്ച മഠങ്ങളിലൂടേയും പീഠങ്ങളിലൂടേയും ദേശത്തിന്റെ, ലോകത്തിന്റെ തന്നെ കര്‍ണദാരന്മാരായ വിദ്വാന്മാരും ജ്ഞാനികളും നിസ്വാര്‍ത്ഥരും അനാസക്തരുമായ പ്രവര്‍ത്തകരും രാഷ്ട്രത്തിന്റെ നാനാഭാഗങ്ങളിലുണ്ടായി. അങ്ങനെ ഒരു യഥാര്‍ത്ഥ സന്ന്യാസിയെ ഭൂമിയിലെ സര്‍വചരാചരങ്ങളും ബഹുമാനിക്കുമെന്ന് ശ്രീശങ്കരാചാര്യര്‍ സ്വജീവിതത്തിലൂടെ തെളിയിച്ചു. ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന സന്ന്യാസിമാരുടെ സാന്നിദ്ധ്യമില്ലെങ്കില്‍ സനാതനധര്‍മ്മത്തിന്റെ മഹത്വം നിലനില്ക്കുമായിരുന്നില്ല. സര്‍വസംഗപരിത്യാഗികളും ബ്രഹ്മനിഷ്ഠരുമായ സന്ന്യാസിമാര്‍ അഞ്ചുപേര്‍ അധികമാണ്. അന്‍പതിനായിരം സാമൂഹിക സേവകന്മാരേക്കാള്‍ സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്ത് ശാന്തി പുലര്‍ത്താന്‍ അവരെക്കൊണ്ട് സാധിക്കും. ത്യാഗോജ്ജ്വലമായ സ്വജീവിതത്തിലൂടെ ശ്രീശങ്കരാചാര്യര്‍ ഈ വസ്തുത തെളിയിച്ചു. വേദജനനിയായ ഭാരതത്തിന്റെ ചതുര്‍ധാമങ്ങളില്‍ തന്റെ പ്രഥമശിഷ്യരില്‍ നാലുപേരെ മഠാധിപതികളാക്കി ജ്ഞാനനിഷ്ഠരും വിവേക-വൈരാഗ്യ സമ്പന്നരുമായവരുടെ ഒരു പ്രസ്ഥാനത്തിന് രൂപംകൊടുത്തു. അതാണല്ലോ ‘ദശനാമി സമ്പ്രദായം’. വൈദികസമ്പ്രദായപ്രകാരമുള്ള ഹിന്ദുധര്‍മ്മത്തിലെ സന്ന്യാസി പരമ്പര ഈ ദശനാമി സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു.
പരിപക്വമായ അവസ്ഥയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന സ്ഥിതിയാണ് സന്ന്യാസം. വ്യക്തികളുടെ ഉത്കൃഷ്ടമായ മാനസിക നിലവാരത്തിനും സമൂഹത്തിന്റെ ധാര്‍മ്മികമായ സുസ്ഥിരതയ്ക്കും സന്ന്യാസിമാരും അവരുടെ വാസകേന്ദ്രമായ മഠങ്ങളും ആശ്രമങ്ങളും അനിവാര്യമാണ്. അനാസക്തരും ഈശ്വരാര്‍പ്പിതരുമായ മാതൃകാപുരുഷന്മാരുടെ അഭാവത്തില്‍ സമൂഹം സുഖഭോഗങ്ങളുടെയും സ്വാര്‍ത്ഥതയുടേയും പിന്നാലെ പരക്കംപായും. അതിന്റെ ദാരുണഫലം വ്യക്തികളുടെ മൂല്യശോഷണവും സമൂഹത്തിന്റെ ധാര്‍മ്മികാധ:പതനവുമായിരിക്കും. ഇത് സമൂഹത്തെ ഭോഗാസക്തിയിലേക്കും തദ്വാരാ സംഘടിത ആക്രമത്തിലേക്കും നയിക്കും. ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകാതിരിക്കണമെങ്കില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പ്രവൃത്തിയിലൂടെ പ്രചരിപ്പിക്കുന്ന ആശ്രമങ്ങളും മഠങ്ങളും ആവശ്യമാണ്. അതുകൊണ്ടാണ് ക്രാന്തദര്‍ശിയായ ആചാര്യസ്വാമികള്‍ ആദ്ധ്യാത്മിക സംസ്‌ക്കാരം സംരക്ഷിക്കാനായി ഭാരതത്തിന്റെ നാലുഭാഗങ്ങളിലായി നാലു മഠങ്ങള്‍ സ്ഥാപിച്ചത്. തെക്ക് ശൃംഗേരിമഠം, പടിഞ്ഞാറ് ശാരദാമഠം, വടക്ക് ജ്യോതിര്‍മഠം, കിഴക്ക് ഗോവര്‍ധനമഠം എന്നിവയാണ് ഈ നാല് മഠങ്ങള്‍. നാലു മഠങ്ങളുടേയും അധിപരായി നാലു ശിഷ്യരേയും ആചാര്യസ്വാമികള്‍ അവരോധിച്ചു. ആചാര്യസ്വാമികളുടെ നിര്‍ദ്ദേശത്താല്‍ ഈ നാലു മഠങ്ങളും അവരുടെ കീഴിലുള്ള പ്രദേശങ്ങളില്‍ ആധ്യാത്മിക നവോത്ഥാനത്തിനു നേതൃത്വം നല്കാന്‍ കടപ്പെട്ടിരിക്കുന്നു.
സമ്പൂര്‍ണ്ണമായ ത്യാഗമാണ് സന്ന്യാസം. അനുകൂലമായ പൂര്‍വ്വസംസ്‌കാരങ്ങളുടെ പിന്‍ബലത്താല്‍ ഈശ്വരപ്രാപ്തിയാണ് ജീവിതലക്ഷ്യമെന്നു ബോധംവന്ന ജീവന്‍ മറ്റെല്ലാം ത്യജിക്കുമെന്നത് വാസ്തവം. കര്‍മ്മംകൊണ്ടോ സന്തതിയെക്കൊണ്ടോ ധനംകൊണ്ടോ അല്ല, ത്യാഗം കൊണ്ടു മാത്രമാണ് അമൃതത്വം അനുഭവവേദ്യമാകുന്നതെന്ന് വേദവാക്യം. അത്യാശ്രമികളും ആത്മാരാമന്മാരും ബ്രഹ്മനിഷ്ഠരുമായ സന്ന്യാസിശ്രേഷ്ഠന്മാര്‍ ഒരിടത്ത് വസിച്ചാല്‍ മതി. ആര്‍ത്തന്മാരും അര്‍ഥാര്‍ത്ഥികളും ജ്ഞാനജിജ്ഞാസുക്കളുമായ ഭക്തന്മാര്‍ അത്തരം മഹാത്മാക്കളാല്‍ അനുഗൃഹീതരായി തീരും. എന്നാല്‍ അര്‍ഹതയും യോഗ്യതയും ഇല്ലാത്തവര്‍ സന്ന്യസിച്ചാല്‍ സന്ന്യാസധര്‍മ്മത്തിന് ച്യുതിയുണ്ടാവുമെന്നതിന്റെ പ്രധാന തെളിവാണ് അന്നത്തെ ജൈന-ബുദ്ധ സന്ന്യാസിമാരും സന്ന്യാസിനിമാരും. ആചാര്യസ്വാമികളുടെ കാലഘട്ടത്തിലെ ജൈന-ബൗദ്ധ ഭിക്ഷുക്കളുടെ സ്ഥിതി അത്യന്തം ശോചനീയമായിരുന്നു. അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ലോക വ്യാപക മതമാകാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ തന്നെ മതമമതയും മതമൗലികത്വവും സ്വാഭാവികമായും ഉയര്‍ന്നുവരും. വ്യക്തിജീവിതത്തില്‍ ധാര്‍മ്മികത ശോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സന്ന്യാസജീവിതത്തിലെ പ്രമാദവും ധര്‍മ്മച്യുതിയും വികലമായ സമുദായത്തെ സൃഷ്ടിക്കും. വിഘടനമനോഭാവമായിരിക്കും അത്തരം സമുദായത്തിന്റെ മുഖമുദ്ര. ധര്‍മ്മബോധമില്ലാത്ത സമുദായത്തിന്റെയും സംസ്‌കാരശൂന്യമായ നേതൃത്വത്തിന്റെയും ആപത്കരമായ അവസ്ഥ ആവിര്‍ഭവിക്കാതിരിക്കാനാണ് ആചാര്യസ്വാമികള്‍ നാലു മഠങ്ങള്‍ സ്ഥാപിക്കുകയും അവയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ‘മഠാമ്‌നായം’, ‘മഠാനുശാസനം’ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചതും. മഠങ്ങളിലെ അധിപന്മാര്‍ അതാതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളുടെ ഇടയില്‍ ധാര്‍മ്മികാവബോധം വളര്‍ത്തണമെന്നു മഠാനുശാസനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
സംവഹന്ത്യ സദാനദ്യ: സംചരന്തോ യതീശ്വരാ:
സംപുനന്ദി സമാന്‍ ലോകാന്‍ നിരജ സ്വച്ഛകോമളം
‘ഒഴുകിക്കൊണ്ടിരിക്കുന്ന നദിയും സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യതീശ്വരന്മാരും തങ്ങളുടെ ഗുണവിശേഷങ്ങള്‍ക്കൊണ്ട് ഈ ലോകത്തെ പരിശുദ്ധമാക്കിക്കൊണ്ടേയിരിക്കുന്നു’, എന്നാണല്ലോ ആപ്തവാക്യം. ആശയങ്ങളേയും ആദര്‍ശങ്ങളേയും അക്ഷരംപ്രതി അനുഷ്ഠാനത്തില്‍ കൊണ്ടുവരുന്നവരാണ് ആചാര്യന്മാരെങ്കില്‍ ശ്രീശങ്കരാചാര്യര്‍ ആചാര്യന്മാരുടെ ആചാര്യനാണ്.
കാലടീശന്‍ കാല്‍നടയായി കന്യാകുമാരി മുതല്‍ കാശ്മീരം വരെ സഞ്ചരിച്ച് നമ്മുടെ മണ്ണിനെ വീണ്ടും വിണ്ണാക്കി ഉയര്‍ത്തി. അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം ആധ്യാത്മിക ചിന്തയുടെ അലയൊലികള്‍ സൃഷ്ടിച്ചു. ഇന്നും ആ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിന്ന് ശാന്തിയും സമാധാനവും ലഭിക്കുന്നു. അദ്വൈതി ആയിരുന്നിട്ടുകൂടി ആചാര്യസ്വാമികള്‍ തന്റെ പദയാത്രയ്ക്കിടയില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയും ചെയ്തു. ആചാര്യസ്വാമികള്‍ക്ക് അത്തരം കര്‍മ്മങ്ങള്‍ അനിവാര്യമായ ഘടകങ്ങളായിരുന്നില്ല. എന്നിരുന്നാലും ഉദ്ധരിക്കപ്പെടേണ്ട ജനതയുടെ സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലം ആചാര്യസ്വാമികള്‍ക്കും കണക്കിലെടുക്കേണ്ടിയിരുന്നു.
‘തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്‌ചേറിലമര്‍ന്നിരിക്കെ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തു ചാരിതാര്‍ഥ്യം!’
എന്ന് കവി പാടിയത് ആചാര്യസ്വാമികളെ സംബന്ധിച്ചാണ് കൂടുതല്‍ പ്രസക്തമാകുന്നത്. പരമ്പരാഗതരീതിയിലുള്ള പല ചടങ്ങുകളും അവയുടെ അന്തസ്സത്ത മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ ഫലമായി നിലച്ചുപോയിട്ടുണ്ടായിരുന്നു. അവയുടെ ആവിര്‍ഭാവത്തിനും ആചാര്യസ്വാമികള്‍ വീണ്ടും തുടക്കം കുറിച്ചു. കൂടാതെ തന്റെ ശിഷ്യപരമ്പരകളോട് ധര്‍മ്മപ്രചരണം ലക്ഷ്യമാക്കി ആര്യാവര്‍ത്തത്തിന്റെ നാനാഭാഗങ്ങളിലേക്ക് തീര്‍ത്ഥയാത്രകള്‍ ആരംഭിക്കുവാനും അദ്ദേഹം അനുശാസിച്ചു. തീര്‍ത്ഥഭൂമിയായ ഭാരതത്തില്‍ തീര്‍ത്ഥസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതുപോലെ അവ പരിരക്ഷിക്കുന്നതിനും വ്രതനിഷ്ഠരായ തീര്‍ത്ഥാടകരെ സന്ദര്‍ഭോചിതം സേവിക്കുന്നതിനും ആചാര്യസ്വാമികള്‍ വ്യവസ്ഥകള്‍ ആവിഷ്‌കരിച്ചു. പ്രാചീനകാലം മുതല്‍ ഭാരതത്തിന്റെ വൈകാരിക ഐക്യവും ദേശീയോദ്ഗ്രഥനവും സാധിച്ചിരുന്ന തീര്‍ത്ഥാടനം സമുദ്ധരിച്ചു. മന:ശുദ്ധിയോടുകൂടി ഈശ്വരഗുണകീര്‍ത്തനനിരതരായി സഞ്ചരിക്കുന്ന പുണ്യാത്മാക്കളുടെ മനസ്സിന് തീര്‍ത്ഥമഹത്വമുള്ളതിനാല്‍ അവരുടെ സമ്പര്‍ക്കവും കൃപാകടാക്ഷവും അനുഗ്രഹവും മറ്റുള്ളവരുടെ ജീവിതോദ്ധാരണത്തിനും ഹേതുവാകുമെന്ന് ആചാര്യസ്വാമികള്‍ തെളിയിച്ചു.
തന്റെ ദിഗ്വിജയയാത്രയ്ക്കിടയില്‍ ആചാര്യസ്വാമികള്‍ വിവിധ മതവിഭാഗക്കാരെ ശ്രുതി, സ്മൃതി മുതലായവയുടെ ശരിയായ അര്‍ത്ഥം പറഞ്ഞു മനസ്സിലാക്കി, അവരെ സ്വധര്‍മ്മത്തിലേക്ക് പുന:പരിവര്‍ത്തനം ചെയ്യുകയുണ്ടായി. അതേസമയം, അവരുടെ വിശ്വാസങ്ങളെ പാടെ ഉപേക്ഷിക്കണമെന്ന് ആചാര്യസ്വാമികള്‍ നിര്‍ബന്ധിച്ചില്ല. അധാര്‍മികങ്ങളും നികൃഷ്ടങ്ങളുമായ ദുരാചാരങ്ങളെ ഉപേക്ഷിച്ച് ശ്രുതിയുടെ വേദാന്താനുസൃതമായ അര്‍ത്ഥം കൈകൊള്ളുവാനാണ് ആചാര്യസ്വാമികള്‍ ആഹ്വാനം ചെയ്തത്. വേദങ്ങളെ പൂര്‍ണ്ണമായും സ്വീകരിക്കാതെ ചിലഭാഗങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ അത് തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനപ്രമാണം വേദങ്ങളാണ്. അതിബൃഹത്തും അത്യഗാധവും അത്ഭുതാവഹവുമായ ഭാരതീയ വിജ്ഞാനവാങ്മയത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ എന്തെന്ത് അനര്‍ഘരത്‌നങ്ങളാണ് അവിടെ സൂക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് വേദങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരും. ഭാരതത്തിന്റെ ആത്മാവിനെ അഭിമാനപൂര്‍വ്വം അറിയാനും ആവിഷ്‌ക്കരിക്കാനും ശ്രമിക്കുന്ന ഏവര്‍ക്കും വേദവിജ്ഞാനം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെയാണ് മനുവിനു ശേഷം ആചാര്യസ്വാമികളും ‘സര്‍വം വേദാല്‍ പ്രതിഷ്ഠിതം’ എന്ന രീതിയില്‍ പ്രവര്‍ത്തിച്ചത്.
ആധുനിക ശാസ്ത്രസത്യങ്ങളുടെ ഉറവിടംപോലും വേദങ്ങളിലാണെന്നു കണ്ടെത്തിയിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്നു കഴിയുന്നത്. ‘യൂറോപ്പിലെ എല്ലാ തത്വചിന്തകളേക്കാളും മഹത്തായ ഉപനിഷദ് ദര്‍ശനങ്ങള്‍ക്ക് ആധുനികശാസ്ത്രത്തിന്റെ മഹത്തായ ഉപദര്‍ശനങ്ങളോടുപോലും ഇണങ്ങിപ്പോകുവാന്‍ സാധിക്കു’മെന്ന് റോമയിന്‍ റോളണ്ട് പറയുന്നു. വേദത്തിന്റെ സമകാലീനപ്രസക്തിയിലേക്കാണ് സുപ്രസിദ്ധനായ ഈ പാശ്ചാത്യപണ്ഡിതന്റെ വാക്കുകള്‍ വെളിച്ചം വീശുന്നത്. എന്നാല്‍ വേദത്തിന്റെ മണ്ണില്‍ പിറന്നുവീണ നമ്മില്‍ പലരും അഭ്യസ്തവിദ്യരും യുക്തിചിന്തകരുമെന്നുള്ള ദുരഭിമാനം പേറി വേദം പഠിക്കാതെ മഹത്തായ ആ ശാസ്ത്രത്തെ അവഹേളിക്കുകയാണ് കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഭാരതത്തിനു നേരിടേണ്ടിവന്ന ദേശീയദുരന്തങ്ങള്‍ക്ക് മുഖ്യകാരണം വേദവിജ്ഞാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാനോ മനസ്സിലായെങ്കില്‍തന്നെ അവയെ പ്രയോഗത്തില്‍ കൊണ്ടുവരാനോ കഴിഞ്ഞില്ലെന്നുള്ളതാണ്. നാം ധനത്തിനും സാങ്കേതികവിദ്യയ്ക്കും മറുനാടുകളെ ആശ്രയിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ മറുനാട്ടിലെ പ്രബുദ്ധരായ ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് എന്താണെന്ന് നാം ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ യശസ്സിനും ശ്രേയസ്സിനും വേദവിജ്ഞാനം പോഷിപ്പിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണ്. അത് വ്യക്തിധര്‍മവും രാഷ്ട്രധര്‍മവുമാണ്. പരസ്പരപൂരകങ്ങളായ ഈ ധര്‍മങ്ങള്‍ യഥോചിതം നിര്‍വഹിക്കപ്പെടണമെങ്കില്‍ നമുക്കുള്ള ആദ്യത്തെ ആശ്രയസ്ഥാനം ശാങ്കരദര്‍ശനമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്.
എന്നാല്‍ തങ്ങളുടെ സ്വന്തം ജന്മഭൂമിയില്‍ അവതരിച്ച ലോകഗുരുവായ ശ്രീശങ്കരാചാര്യരെപ്പറ്റി അറിയാന്‍ ശ്രമിക്കാതെ ഭാരതീയരില്‍ വിശിഷ്യ കേരളീയരില്‍ പലരും അന്യമതസൈദ്ധാന്തികന്മാരെ അഭയം പ്രാപിക്കേണ്ടിവരുന്ന ഭാഗ്യവിപര്യയം നമ്മെ വേദനപ്പെടുത്തുന്നില്ല എന്നതാണ് ഏറെ ആശ്ചര്യം. ശങ്കരദര്‍ശനം അറിയുന്നുവെന്ന് അഭിമാനിക്കുന്നവരില്‍ ഏറെ പേര്‍ക്കും തെറ്റിദ്ധാരണകളാണുള്ളത്. ആചാര്യസ്വാമികളെ അപശുദ്രാധികരണത്തിന്റെ വക്താവാക്കി പ്രചരിപ്പിക്കുന്നു!~വിശ്വവിജ്ഞാനത്തിന്റെ ഉപവനത്തില്‍ വിരിഞ്ഞ ആദ്യകുസുമങ്ങളായ വേദങ്ങളുടെ പ്രചാരകനായ ആചാര്യസ്വാമികളുടെ കൃതികളും ഭാഷ്യങ്ങളുമാണ് വിഭാഗീയതയുടെ വിത്തുകള്‍ വിതച്ചതെന്നുള്ള ആരോപണവും! ഇവയെല്ലാം വേദങ്ങളുടെ സാര്‍വലൗകികതയെയും തദ്വാരാ രാഷ്ട്രത്തിന്റെ ഐക്യത്തെയും കാര്യമായി ക്ഷതമേല്പിച്ചിട്ടുണ്ട്.
നമ്മുടെ രാഷ്ട്രജീവിതത്തിന്റെ രചനയില്‍ അതിമഹത്തായ പങ്കാണ് ശങ്കരാചാര്യസ്വാമികള്‍ നിര്‍വഹിച്ചത്. ധര്‍മത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റവും ഉയര്‍ന്നതാണ്. ആചാര്യസ്വാമികള്‍ പ്രതിപാദിച്ച തത്ത്വത്തെപ്പറ്റി കൂലങ്കുഷമായി പഠന-മനനങ്ങള്‍ നടത്തിയവരും, അതിനെ എതിര്‍ത്തവരുമായ അനവധി ആചാര്യന്മാര്‍ ശങ്കരാചാര്യസ്വാമികളുടെ കാലശേഷം ഈ ഭാരതഭൂമിയിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവരെല്ലാംതന്നെ സ്വാമികളുടെ പ്രസ്ഥാനത്രയിയെ ആധാരമാക്കിയാണ് അവരവരുടെ മതങ്ങളെ പ്രതിപാദിച്ചിട്ടുള്ളത്.
വിശാലമായ ചിന്താഗതിയും സൂക്ഷ്മതരമായ തര്‍ക്കബുദ്ധിയും സര്‍വതോന്മുഖമായ പ്രതിഭയും ശങ്കരാചാര്യസ്വാമികളെ ലോകത്തിന്റെ മഹാത്മാവാക്കിത്തീര്‍ത്തു. ശക്തിസാഹസങ്ങള്‍ നിറഞ്ഞ ആദര്‍ശപരമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, വിശിഷ്യ അദ്ദേഹത്തിന്റെ ദിഗ്വിജയയാത്ര. മൃതപ്രായമായ സനാതനധര്‍മ്മത്തിനു മൃതസഞ്ജീവിനിയായിട്ടാണ് അവ ഭവിച്ചത്. ഹിന്ദുസമാജത്തിലെ വിവിധ മതങ്ങളുടെയും, തത്വജ്ഞാനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിയില്‍ കിടക്കുന്ന ഏകത്വത്തെ ഏവര്‍ക്കും ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രം അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്‌നങ്ങളും നിഷ്പക്ഷമായ നിലപാടില്‍ പരിഹരിക്കാന്‍ ആചാര്യസ്വാമികള്‍ക്ക് കഴിഞ്ഞു. ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളെഴുതി പ്രാചീനകൃതികളുടെ സുന്ദരസ്വരൂപങ്ങളെ ജനങ്ങളുടെ മുമ്പില്‍ അദ്ദേഹം അണിനിരത്തി. അതുകാരണം പ്രാചീനകാലത്തെ എല്ലാ ചിന്താഗതികളെയും ജനങ്ങള്‍ക്ക് സ്പഷ്ടമായി മനസ്സിലാക്കുവാന്‍ സാധിച്ചു. അവയോടൊപ്പം ഭാവിജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കുവാനും കഴിഞ്ഞു.
അദ്വൈതസിദ്ധാന്തത്താല്‍ ശങ്കരാചാര്യസ്വാമികള്‍ ഭാരതത്തിന്റെ ആത്മീയവും ഭൗതികവും ധാര്‍മ്മികവും സാമൂഹികവും രാജനൈതികവുമായ ക്ഷേത്രങ്ങളില്‍ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പ്രാചീന ആദര്‍ശം പ്രായോഗികജീവിതത്തില്‍ കൊണ്ടുവന്നു. ഭാരതം എത്രതന്നെ ദുര്‍ബലമായ അവസ്ഥകളിലും അതിന്റെ ആന്തരികൈക്യം പരിരക്ഷിക്കുവനാന്‍ കഴിഞ്ഞതിന് കടപ്പെട്ടിരിക്കുന്നത് അദ്വൈതസിദ്ധാന്തത്തോടാണ്. ഇന്ന് ലോകത്തിലെ ഓരോ മനുഷ്യന്റേയും ശാന്തിസൗഭാഗ്യങ്ങളുടെ ആത്യന്തികശ്രോതസ്സും അദ്വൈതസിദ്ധാന്തമാണന്നുള്ള നിലപാടിലേക്ക് ആധുനികശാസ്ത്രജ്ഞന്മാര്‍ വരെ എത്തിയിരിക്കുന്നു.
ഒരുഭാഗത്ത് കടുത്ത യഥാസ്ഥിതികരായ കര്‍മ്മകാണ്ഡികളുടെയും മറുഭാഗത്ത് നാസ്തികരായ ജഡവാദികളുടെയും ഭീകരപ്രവാഹത്തില്‍ പെട്ടുപോകാതെ ഭാരതത്തെ രക്ഷിച്ചത് ശ്രീശങ്കരാചാര്യരുടെ സിദ്ധാന്തങ്ങളും പ്രയത്‌നങ്ങളുമാണെന്നന്നതില്‍ തര്‍ക്കമില്ല. കേവലം മുപ്പത്തിരണ്ടുവയസ്സിനുള്ളില്‍ ഇത്തരം ഒരുമഹാകാര്യം ചെയ്തുതീര്‍ത്ത ശങ്കരാചാര്യരുടെ അഖണ്ഡകര്‍മ്മത്തില്‍ അധിഷ്ഠിതമായ ജീവിതം ഓരോ ഭാരതീയനും പ്രചോദനമാകേണ്ടതാണ്. ആചാര്യസ്വാമികളുടെ ഏകത്വസിദ്ധാന്തത്തെ വ്യക്തിജീവിതത്തില്‍ അനുഷ്ഠിച്ച് ഭാരതത്തെ വീണ്ടും വൈഭവപൂര്‍ണ്ണവും ശക്തിശാലിനിയുമായ രാഷ്ട്രമായി ഉയര്‍ത്തുകയെന്നതാണ് ഓരോ ഭാരതീയന്റെയും ജന്മദൗത്യം. പലപ്പോഴും മുറിച്ചുവീഴ്ത്തപ്പെട്ടതെങ്കിലും വീണ്ടും വീണ്ടും പൂത്തുതളിര്‍ത്തുവരുന്ന വടവൃക്ഷമായ സനാതനധര്‍മ്മത്തിന്റെ സമന്വയാത്മകതയുടെ സര്‍വ്വശ്രേഷ്ഠ ഉദാഹരണമാണ് ശ്രീശങ്കരാചാര്യര്‍. വേദവ്യാസമഹര്‍ഷിയെ ദ്വാരകയുഗത്തിലെന്നപോലെ പണ്ഡിതലോകം കലിയുഗൈക ആചാര്യനായി ആചാര്യസ്വാമികളെ അവരോധിച്ചു. ‘ദ്വാപരേ ഭഗവാന്‍ വ്യാസ: കലൗ ശ്രീശങ്കര സ്വയം’ എന്ന വാക്യം വളരെയേറെ പ്രസിദ്ധമാണല്ലൊ.
വേദാന്തവിജയകാഹളധ്വനി ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്ന വാസ്തവം സൂചിപ്പിക്കുന്നത് ശ്രീശങ്കരന്റെ ദര്‍ശനം കാലാതീതമായി ഈ ഭൂമുഖത്ത് വര്‍ദ്ധിക്കുന്നുവെന്നതാണ്. പോള്‍ ഡോയ്‌സന്റെ ‘ദസ് സിസ്റ്റം വേദാന്ത’ (ബ്രഹ്മസൂത്ര ശങ്കരഭാഷ്യം) എന്ന പുസ്തകത്തിന്റെ ആംഗലേയഭാഷാനുവാദകനായ ചാള്‍സ് ജോണ്‍സണ്‍ അദ്ദേഹത്തിന്റെ അവതാരികയില്‍ ശ്രീശങ്കരാചാര്യരെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, ‘ശങ്കരന്‍! അദ്ദേഹത്തെപ്പറ്റി എന്തു പറയട്ടെ! അദ്ദേഹമല്ലയോ ജ്ഞാനപ്രവാഹങ്ങളുടെ ഏക പരിരക്ഷകന്‍. ഉപനിഷത്തുകളാകുന്ന അരുവികളെയും അവയാല്‍ പുഷ്ടമായ ഗീതാതടാകത്തെയും വേദാന്തപ്രവാഹങ്ങളുടെയുമെല്ലാം പരിസമാപ്തിയായ ബ്രഹ്മസൂത്രത്തെ വ്യാഖ്യാനമാകുന്ന ഭിത്തിയാല്‍ വലയം ചെയ്തു സംരക്ഷിച്ച് യഥായോഗ്യം സ്വാനുഭവാമൃതം പകര്‍ന്നു പുഷ്ടിപ്പെടുത്തി സൂക്ഷിക്കുന്ന ഏകപാലകന്‍! ജ്ഞാനരത്‌നം! പ്രബോധാത്മകന്‍! സദസദ്വിവേകപരൂപന്‍!’