ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘എല്ലാം ഒരേ ഞാന്‍’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നലെ ഒരു സാധു വന്ന് ഭഗവാനെ സമീപിച്ചു. “ഭഗവാന്‍, ആത്മാവ് സര്‍വ്വത്ര നിറഞ്ഞതാണെന്നു പറഞ്ഞുവല്ലോ ? ചത്ത ശരീരത്തിലും ഉണ്ടാകുമോ ?

ഭഗവാന്‍- “ഓഹോ! ഇതാണോ അറിയേണ്ടത് ? . ഈ പ്രശ്നം ചത്ത ശരീരമോ നിങ്ങളോ ചെയ്യുന്നത് ?

‘ഞാന്‍ തന്നെ’ എന്ന് മറുപടി.

ഭഗവാന്‍- “സുഷുപ്തിയില്‍ ആ ഞാനുണ്ടോ ? എഴുന്നേറ്റാലല്ലേ ഞാനുണ്ടെന്ന് പറയുന്നത് ? അതേവിധത്തില്‍ ശവത്തിലും ആത്മാവുണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ ആലോചിച്ചാല്‍ ചത്ത ശരീരവും, ജീവിച്ച ശരീരവും രണ്ടുമില്ല. ചലനമില്ലാത്ത ശരീരം ചത്ത ശരീരമെന്ന് പറയുന്നു. ചലിക്കുന്ന ശരീരം ജീവിക്കുന്നതെന്ന് പറയുന്നു. സ്വപ്നത്തില്‍ ചത്ത ശരീരമെന്നും ജീവിച്ച ശരീരമെന്നുമൊക്കെ കാണുന്നു. ജാഗ്രത് വരുമ്പോള്‍ അതൊന്നും തന്നെയില്ല. അതേ വിധത്തില്‍ ഈ ചരാചരപ്രപഞ്ചങ്ങളെല്ലാം ഇല്ലേ ഇല്ല. മരണമെന്നത് അഹംവൃത്തി ഉപശമനവും, ജനനമെന്നത് അഹംവൃത്തി ഉളവാകുകയുമാണ്. ഇതാണ് ജനന മരണം. ഈ ജനനമരണാദികള്‍ അഹം വൃത്തിക്കല്ലാതെ നിങ്ങള്‍ക്ക് (ആത്മാവിന്) ഇല്ല. അഹംവൃത്തി ഉള്ളപ്പോഴും ഇല്ലാത്തപ്പൊഴും ആത്മാവുണ്ട്. വൃത്തിയ്ക്ക് മൂലം താനാണ് (ആത്മാവാണ്). അല്ലാതെ വൃത്തി ആത്മാവാകുന്നതല്ല. ജനനമരണമൂലം അറിഞ്ഞുകൊണ്ട് ആ അഹംവൃത്തിയെ സമൂലനാശനം ചെയ്ത് മൂലകാരണമായ ആത്മാവ് മാത്രമായിരിക്കലാണ് ‘മുക്തി’. എങ്ങനെയെന്നാല്‍ ‘അറിവോടുകൂടി മരിക്കുക’ എന്നര്‍ത്ഥം. അങ്ങനെ മരിച്ചാല്‍ അഹം അഹമെന്ന ആത്മസ്ഥുരണയില്‍ ചലനമില്ലാതിരിക്കാം. ഇതിനെ ‘മരണമില്ലാത്ത ജനനം’ എന്നുകൂടി പറയാം. ഇങ്ങനെ ജനിച്ചവര്‍ക്ക് ഒരു സന്ദേഹങ്ങളും ഉണ്ടാകുന്നില്ല. ”

നാലഞ്ചു ദിവസം മുമ്പ് വന്ന യൂറോപ്യന്‍ യുവാവ് മടക്കയാത്രക്കൊരുങ്ങി കെട്ടുകളെല്ലാം തയ്യാറാക്കി ഭഗവല്‍സന്നിധിയില്‍ വന്ന് എന്തൊക്കയോ ചോദ്യങ്ങള്‍ ചോദിച്ചു. ഭഗവാന്‍ പതിവുപോലെ “നീ ആരാണ്” എന്നു തന്നെ ചോദിച്ചു. അവസാനം ഗീതയില്‍ ഭഗവാന് ഇഷ്ടപ്പെട്ട ശ്ലോകമേതാണെന്ന് അയാള്‍ ചോദിച്ചു. “എല്ലാം ഇഷ്ടം തന്നെ” എന്നരുളി ഭഗവാന്‍.

‘ഗീതയില്‍ മുഖ്യമായ ശ്ലോകമേതാണെ’ന്ന് പിന്നെയും ചോദിച്ചു. ഭഗവാന്‍ “അഹമാത്മാ ഗൂഢാകേശാ” എന്ന ശ്ലോകം സൂചിപ്പിച്ചു. ആ യൂറോപ്യന്‍ ആനന്ദപുളകാങ്കിതനായി യാത്ര ചോദിച്ചു കൊണ്ട്, “ഭഗവാന്‍, ഈ അസത്യമായ ഞാന്‍ കാര്യാന്തരത്തിന് പ്രയാണം ചെയ്യേണ്ടിയിരിക്കുന്നു. ഭഗവാനനുഗ്രഹിച്ച് ഈ അസത്യമായ ഞാന്‍ സത്യമായ എന്നില്‍ ഐക്യമാകുവാന്‍ ശുപാര്‍ശ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. “എന്ന് പറഞ്ഞു.

ഭഗവാന്‍ ചിരിച്ചു കൊണ്ട്, “രണ്ട് ഞാന്‍ ഉണ്ടങ്കിലല്ലേ ശുപാര്‍ശ ചെയ്യേണ്ടു ? ഒരു ഞാന്‍ മാത്രമേ ഉള്ളു. ശുപാര്‍ശ ചെയ്യുന്ന ഞാന്‍, കേള്‍ക്കുന്ന ഞാന്‍, പറയുന്ന ഞാന്‍, ഇത്രയും ഞാന്‍ ഇല്ലല്ലോ, എല്ലാം ഒരേ ഞാനായിട്ടാണുള്ളത്. പറയേണ്ടതാരോടാണ് ? കേള്‍ക്കേണ്ടതാരാണ് ?

12-9-1949