ജ്ഞാനം നിന്റെ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയും (ജ്ഞാ.4.36)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 36
അപി ചേദസി പാപേഭ്യഃ
സര്‍വ്വേഭ്യഃ പാപകൃത്തമഃ
സര്‍വ്വം ജ്ഞാനപ്ലവേനൈവ
വ്യജിനം സന്തരിഷ്യസി
പാപികളിലെല്ലാം വച്ച് ഏറ്റവും വലിയ പാപിയാണങ്കില്‍പോലും സര്‍വ്വപാപങ്ങളേയും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ നീ തരണം ചെയ്യും.
അല്ലയോ പാര്‍ത്ഥാ, നീ പാപങ്ങളുടെ ഖനിയാകട്ടെ, അജ്ഞതയുടെ അലയാഴിയാകട്ടെ, മായാമോഹത്തിന്റെ മഹാമേരുവാകട്ടെ, എന്തു തന്നെ ആയിരുന്നാലും അതെല്ലാം ജ്ഞാനത്തിന്റെ കാന്തി പ്രസരത്തില്‍ മുങ്ങി നിരര്‍ത്ഥകമായിത്തീരും. അത്രത്തോളം പ്രഭാവം ഉള്ളതാണ് ജ്ഞാനം. ജ്ഞാനത്തില്‍ അത്രത്തോളം ഊര്‍ജ്ജം ഉള്‍ക്കൊണ്ടിരിക്കുന്നു. അനന്തമായ ബ്രഹ്മത്തിന്റെ വെറും ഒരു നിഴല്‍മാത്രമാണ് മിഥ്യയായ ഈ പ്രപഞ്ചം. എന്നിട്ടും പ്രപഞ്ചം സത്യമാണെന്നു വിശ്വസിക്കുന്ന ഭീമമായ തെറ്റ്, ജ്ഞാനത്തിന്റെ പ്രകാശധോരണിയില്‍ ഉരുകിപ്പോകുന്നു. അപ്പോള്‍ പിന്നെ ജ്ഞാനം നിന്റെ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയുക എന്നുള്ളത് എത്രയോ നിസാരമായ ഒരു കാര്യമാണ്. നിന്റെ സംശയങ്ങളെല്ലാം നിസ്സാരമാണ്. ജ്ഞാനത്തെപ്പോലെ ബൃഹത്തും സര്‍വ്വതോന്മുഖവും നിരുപവുമായ മറ്റൊന്നും ഈ ലോകത്തിലില്ല.