ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 41
യോഗസംന്യസ്ത കര്‍മ്മാണം
ജ്ഞാനസംച്ഛിന്ന സംശയം
ആത്മവന്തം ന കര്‍മ്മാണി
നിബന്ധ്നന്തി ധനഞ്ജയ
അല്ലയോ ധനഞ്ജയ, സകല കര്‍മ്മങ്ങളേയും യോഗദ്വാരാ ഭഗവാനില്‍ സമര്‍പ്പിക്കുന്ന യോഗിയും, ആത്മബോധംകൊണ്ട് സകല സംശയങ്ങളേയും ഇല്ലാതാക്കിയവനും, ആത്മനിഷ്ഠയില്‍ ഇരിക്കുന്നവനുമായവനെ കര്‍മ്മങ്ങള്‍ ബന്ധിക്കുന്നില്ല.
ആകയാല്‍ സംശയത്തേക്കാള്‍ വലിയ ഒരു പാപം ലോകത്തിലില്ല. അതു മനുഷ്യനെ നശിപ്പിക്കുന്ന ഒരു കെണിയാണ്. അതുകൊണ്ട് നീ ഒരിക്കലും അതിനെ സല്‍കരിക്കാതെ ആട്ടിയോടിക്കുകയാണുവേണ്ടത്. ജ്ഞാനമില്ലാത്ത ഒരുവനിലാണ് ഇതു കാണുന്നത്. അജ്ഞത അതിന്റെ അന്ധകാരം പരത്തുമ്പോള്‍ സംശയം മനസ്സില്‍ ദൃഢമായി വളരുകയും വിശ്വാസത്തിന്റെ എല്ലാ വീഥികളേയും ഇരുട്ടിലാഴ്ത്തുകയും ചെയ്യുന്നു. സംശയം മനസ്സിനെ അടിപ്പെടുത്തുമെന്ന് മാത്രമല്ല. അത് ബുദ്ധിയെ വേട്ടയാടിപ്പിടിക്കുകയും ചെയ്യും. അതോടെ മൂന്നുലോകങ്ങളേയും അവന്‍ അവിശ്വസിക്കുന്നു.