ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 18

വിദ്യാവിനയസമ്പന്നേ
ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച
പണ്ഡിതാഃ സമദര്‍ശിനഃ

വിദ്വാനും വിനീതനുമായ ബ്രാഹ്മണിലും പശുവിലും ആനയിലും പട്ടിയിലും ശ്വാവിന്റെ മാംസം തിന്നുന്ന ചണ്ഡാലനിലും ജ്ഞാനികള്‍ ബ്രഹ്മത്തെത്തന്നെ ദര്‍ശിക്കുന്നു.

അങ്ങനെയുള്ളപ്പോള്‍ ഒരു കൊതുകും ആനയും ചണ്ഡാലനും ബ്രാഹ്മണനും തമ്മിലോ, അപരിചതനും ബന്ധുവും തമ്മിലോ, വലുതും ചെറുതുമായ പദാര്‍ത്ഥങ്ങള്‍ തമ്മിലോ എന്തെങ്കിലും വ്യത്യാസം കാണുവാന്‍ കഴിയുമോ? സദാ ഉണര്‍ന്നിരിക്കുന്ന ഒരുവന്‍ എങ്ങനെയാണു സ്വപ്നം കാണുക? താനെന്നും തന്‍റേതെന്നുമുള്ള വെവ്വേറെ വ്യക്തിത്വം നിലനില്‍ക്കുന്നിടത്തോളം മാത്രമേ ഒന്നു മറ്റൊന്നില്‍നിന്നു വ്യത്യസ്തമാണെന്നുതോന്നുകയുള്ളൂ. എന്നാല്‍ അതില്ലാതായിത്തീര്‍ന്ന ഒരുവനില്‍ വ്യത്യസ്ത ഭാവന എങ്ങനെയാണ് അവശേഷിക്കുക?