ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 27, 28
സ്പര്‍ശാല്‍ കൃത്വാ ബഹിര്‍ബാഹ്യാന്‍
ചക്ഷുശ്ചൈവാന്ദരേ ബ്രുവോഃ
പ്രാണാപാനൗ സമൗ കൃത്വാ
നാസാഭ്യന്തരചാരിണൗ
യതേന്ദ്രിയ മനോബുദ്ധിഃ
മുനിര്‍മോഷ പരായണഃ
വിഗതേച്ഛാഭയക്രോധോ
യഃ സദാഃ മുക്ത ഏവ സഃ
ബാഹ്യ വിഷയങ്ങളെ ഉള്ളില്‍ കിടക്കാനനുവദിക്കാതെ വെളിയില്‍ നിര്‍ത്തിയിട്ട്, ദൃഷ്ടി ഭൂമധ്യത്തിലുറപ്പിച്ച്, നാസികകളിലൂടെ സഞ്ചരിക്കുന്ന പ്രാണാപാനങ്ങളുടെ (ശ്വാസോച്ഛ്വാസങ്ങളുടെ) ഗതിയെ ക്രമീകരിച്ച് ഇന്ദ്രിയമനോബുദ്ധികളെ അടക്കി ഇച്ഛ ഭയം ക്രോധം ഇവയെ വെടിഞ്ഞ്, മോഷത്തെമാത്രം ലക്ഷ്യമാക്കിയിരിക്കുന്ന മുനി ആരോ, അവന്‍ സദാ മുക്തന്‍ തന്നെയാകുന്നു. (മോഷപ്രാപ്തിക്ക് അദ്ദേഹത്തിന് ഇനി ഒന്നും ചെയ്‍വാനില്ല എന്നര്‍ത്ഥം)
ശാരീരികമായ എല്ലാ സുഖാനുഭവങ്ങളോടും അങ്ങേയറ്റം വിരക്തി കൈവന്ന അവര്‍ എല്ലാ ഇന്ദ്രിയ വിഷയങ്ങളേയും അകറ്റിയിട്ട് മനസ്സിനെ അന്തര്‍മുഖവും ഏകാഗ്രഹവുമാക്കുന്നു. ഈ അവസ്ഥയില്‍ അവര്‍ അവരുടെദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തിലുള്ള ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ബന്ധിക്കുന്ന ആജ്ഞാ ചക്രത്തിലേക്കു തിരിച്ച് ഉറപ്പിക്കുന്നു. അതിനുശേഷം പ്രാണവായുക്കളായ പ്രാണനേയും അപാനനേയും നാസാരന്ദ്രത്തില്‍ സമമായി അടക്കിക്കൊണ്ട്, അവയെ മനസ്സോടുചേര്‍ത്ത് ബ്രഹ്മരന്ദ്രത്തിലേക്ക് ഉയര്‍ത്തുന്നു. വിവിധ തലങ്ങളില്‍നിന്ന് ജലവും ശേഖരിച്ചുകൊണ്ട് സമുദ്രത്തിലേക്കൊഴുകുന്ന ഗംഗ സമുദ്രത്തോടുചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അതിലെ ജലം വകതിരിക്കാന്‍ കഴിയാത്തതുപോലെ ഇവയെല്ലാം ഒന്നുചേര്‍ന്നാല്‍ പിന്നെ അവയെ വകതിരിക്കാന്‍ സാധ്യമല്ല. അതോയെ കാമത്തില്‍നിന്നുടലെടുക്കുന്ന താല്‍പ്പര്യങ്ങളും ഇതര വിചാരങ്ങളുമെല്ലാം സ്വാഭാവികമായി അപ്രത്യക്ഷമാകുന്നു. പ്രാപഞ്ചിക ജീവിതം പ്രതിഫലിപ്പിച്ചുകാണിക്കുന്ന മനസ്സാകുന്ന തിരശ്ശീല ഛിന്നഭിന്നമായി ചീന്തിയെറിയപ്പെടുന്നു. ജലാശയത്തില്‍ ജലമിള്ളെങ്കില്‍ പ്രതിച്ഛായ ദര്‍ശിക്കാന്‍ കഴിയാത്തതുപോലെ, നിര്‍വ്വികല്പമായ മനസ്സില്‍ അഹന്തയ്ക്കോ തനതായ അസ്തിത്വത്തിനോ എവിടെയാണു സ്ഥാനം? ഇപ്രകാരം അവന്‍ ബ്രഹ്മത്വം അനുഭവിക്കുമ്പോള്‍, അതുമായി ഐക്യം പ്രാപിച്ച്, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സച്ചിദാനന്ദബ്രഹ്മമായിത്തീരുന്നു.