ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 8
ജ്ഞാനവിജ്ഞാനതൃപ്താത്മാ
കൂടസ്ഥോ വിജിതേന്ദ്രിയഃ
യുക്ത ഇത്യുച്യതേ യോഗീ
സമലോഷ്ടാശ്മകാഞ്ചനഃ
ഇന്ദ്രിയങ്ങളെ ജയിച്ചവനും മണ്‍കട്ടയും കല്ലും സ്വര്‍ണ്ണവുമെല്ലാം തുല്യമായി കാണുന്നവനുമായ യോഗിയെ യോഗാരൂഢനെന്നു പറയുന്നു.
മനസ്സിനെ നിശ്ചലമാക്കുകയും ആഗ്രഹങ്ങളെ കീഴ്പ്പെടുത്തുകയും ചെയ്ത ഒരുവന് പരമാത്മാവ് സ്ഥിതിചെയ്യുന്നത് വിദൂരത്തിലല്ല. മറ്റുലോഹങ്ങളുടെ കലര്‍പ്പ് ഉരുക്കിമാറ്റുമ്പോള്‍ സ്വര്‍ണ്ണം തനിത്തങ്കമായിത്തീരുന്നതുപോലെ ഒരുവനിലുള്ള അഹംഭാവം നിശ്ശേഷം തുടച്ചുമാറ്റുമ്പോള്‍ അവന്റെ ആത്മാവ് പരമാത്മാവായിത്തീരുന്നു. ഒരുപാത്രം ഉടഞ്ഞു നശിക്കുമ്പോള്‍ അതിനുള്ളിലുള്ള വായു സ്ഥാനചലനമുണ്ടാകാതെതന്നെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തില്‍ വിലയിക്കുന്നതുപോലെ, ഒരുവന്റെ അഹന്തയ്ക്കു സമൂലമായ അറുതി വരുമ്പോള്‍ പരിശുദ്ധമായിത്തീര്‍ന്ന അവന്റെ ജീവാത്മാവ് പരമാത്മായിത്തീരുന്നു. അപ്രകാരമുള്ള ഒരുവന് ചൂടും തണുപ്പും എന്നുള്ള അവസ്ഥാഭേദങ്ങളോ സുഖദുഃഖങ്ങളുടെ ബദ്ധപ്പാടുകളോ മാനത്തിന്‍റേയും അപമാനത്തിന്റെയും പ്രസ്താവങ്ങളോ ബാധകമായിരിക്കുന്നതല്ല, സൂര്യന്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം വെളിച്ചം വിതറി പ്രകാശമാനമാക്കുന്നതുപോലെ അവന്‍ പ്രാപിക്കുന്നതെല്ലാം അവനില്‍ ലീനമാകുന്നു. മേഘങ്ങള്‍ പൊഴിക്കുന്ന മാരി സാഗരത്തെ ഛിദ്രിക്കാത്തതുപോലെ ശുഭാശുഭകര്‍മ്മങ്ങള്‍ പരമാത്മാവുമായി ഐക്യം പ്രാപിച്ച ഒരു യോഗിയെ ഒരുതരത്തിലും സ്പര്‍ശിക്കുകപോലും ചെയ്യുന്നില്ല.
പ്രാപഞ്ചിക ജ്ഞാനത്തെപ്പറ്റി വിചിന്തനം ചെയ്യുന്ന ഒരു യോഗി അത് അപര്യാപ്തവും അസത്യവും ആണെന്നു കാണുന്നു. അവന്‍ ജ്ഞാനത്തെ തേടുമ്പോള്‍ അത് താന്‍ തന്നെയാണെന്നു മനസ്സിലാക്കുന്നു. അവനില്‍ ദ്വന്ദ്വഭാവം ഇല്ലാത്തതുകൊണ്ട് അവന്റെ ചിന്തകള്‍ പരിമിതമോ വ്യാപകമോ എന്നു കരുതേണ്ട ആവശ്യമില്ല. ഇപ്രകാരം ജിതേന്ദ്രിയനായ ഒരുവന്‍ എല്ലായ്പ്പോഴും ആത്മാനന്ദം അനുഭവിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്തിയ ഒരു യോഗിക്ക് ചെറുതെന്നോ വലുതെന്നോ ഉള്ള ഭിന്നഭാവമില്ല. അവന് മഹാമേരുവോളം വലിപ്പമുള്ള സ്വര്‍ണ്ണമല കേവലം മണ്‍കട്ടയാണ്. ലോകത്തേക്കാളും വലിപ്പമുള്ള ഒരമൂല്യരത്നം ഒരു ശിലയെക്കാള്‍ വിലകൂടിയതാണെന്ന് അദ്ദേഹം കരുതുന്നില്ല.