ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 13 ,14

സമം കായശിരോഗ്രീവം
ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം
ദിശശ്ചാനവലോകയന്‍

പ്രശാന്താത്മാ വിഗതഭീര്‍-
ബ്രഹ്മാചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ
യുക്ത ആസീത മത്പരഃ

യോഗിയായവന്‍ ദേഹം, കഴുത്ത്, തല എന്നിവയെ നേരെ ചലിക്കാതെ വച്ചുകൊണ്ടും നിശ്ചലമായിരുന്നുകൊണ്ടും തന്റെ നാസികയുടെ അഗ്രഭാഗത്തു നോക്കുന്നതുപോലെ ദൃഷ്ടിയെ ഉറപ്പിച്ചുകൊണ്ടും അങ്ങുമിങ്ങും നോക്കാതെയും ശാന്തമാനസനായും നിര്‍ഭയനായും ബ്രഹ്മചാരിവ്രതത്തില്‍ നിഷ്ഠയോടെ ഇരിക്കുന്നവനായും മനസ്സിനെ വിഷയങ്ങളില്‍ പ്രവേശിപ്പിക്കാതെ അടക്കിക്കൊണ്ട് എന്നില്‍ത്തന്നെ ചിത്തത്തെ ഉറപ്പിച്ചവനായും എന്നെത്തന്നെ ധ്യാനം ചെയ്യുന്നവനായും ഇരിക്കേണ്ടതാകുന്നു.

അയാള്‍ ബഹുമുഖപ്രവൃത്തികള്‍ അവസാനിപ്പിച്ച് ധ്യാനപരിശീലനത്തിനിരിക്കുമ്പോള്‍ മനസ്സ് കേന്ദ്രീകൃതമാവുകയും യാഗത്തില്‍ അയാള്‍ പ്രാഗത്ഭ്യം നേടുകയും ചെയ്യുന്നു. ഇതിനായി ഒന്നാംതരം മുദ്ര ഞാന്‍ പറഞ്ഞുതരാം. ആദ്യമായി കാലുകള്‍ മടക്കി അന്വോന്യം തുടകളില്‍ സ്പര്‍ശിക്കത്തക്കവണ്ണം വയ്ക്കണം. എന്നിട്ട് വലത്തേ ഉപ്പൂറ്റി മലദ്വാരത്തോട് ദൃഢമായിച്ചേര്‍ത്ത് തറയില്‍ വച്ച് ഇടത്തേ ഉപ്പൂറ്റി വലത്തേ ഉപ്പൂറ്റിയുടെ മേല്‍ വരത്തക്കവണ്ണം ഇരിക്കണം. മലദ്വാരത്തിനും ജനനേന്ദ്രിയത്തിനും മദ്ധ്യേയുള്ള നാലുവിരലിടസ്ഥലത്തില്‍ മേലേയും താഴേയും ഒന്നരവിരലിടവീതം വിട്ടിട്ട് ഒരു വിരലിടയിലുള്ള മദ്ധ്യഭാഗത്ത് ഉപ്പൂറ്റിയുടെ മേല്‍ഭാഗംകൊണ്ട് അമര്‍ത്തണം. ഇപ്പോള്‍ ശരീരത്തിന്റെ ഭാരം മുഴുവനും രണ്ടു ഉപ്പൂറ്റികളില്‍ തങ്ങിനില്‍ക്കുന്നവിധം ഒരു അവസ്ഥ കൈവരും. അല്ലയോ അര്‍ജ്ജുനാ, ഇതാണ് മൂലബന്ധം അഥവാ വജ്രാസനം എന്ന യോഗാസനം. ഈ മുദ്ര അയാള്‍ സ്വായത്തമാക്കുമ്പോള്‍ അപാനന്‍ എന്ന വായുവിന്റെ താഴേയ്ക്കുള്ള ഗതി തടയപ്പെടുകയും അത് പിന്നോക്കം തിരിയുകയും ചെയ്യുന്നു.

ശരീരബോധത്തെ ലാഘവപ്പെടുത്തുന്ന ഈ ആസനത്തില്‍ ഇരുന്നുകൊണ്ട് കൈപ്പത്തികള്‍ രണ്ടും ഒരു (കമഴ്ത്തിയ) കിണ്ണംപോലെ ഇടത്തേ തുടയില്‍ വയ്ക്കണം. തോളുകള്‍ ഉയര്‍ന്നിരിക്കട്ടെ. താടി നെഞ്ചിന്റെ ഭാഗത്തേയ്ക്ക് താഴ്ത്തി തോളെല്ലുകളുടെ മദ്ധ്യയുള്ള കുഴിയിലേക്ക് അമര്‍ത്തി കണ്ണുകള്‍ പകുതി അടയ്ക്കപ്പെട്ടിരിക്കുന്ന അവസ്ഥയില്‍, മനസ്സ് അന്തര്‍മുഖനായിത്തീരാനിടവരുന്നു. അവ്യക്തമായി എന്തെങ്കിലും കാണുന്നുവെങ്കില്‍ത്തന്നെ നേത്രങ്ങളുടെ ശ്രദ്ധ നാസികാഗ്രത്തില്‍ ഒതുങ്ങിക്കൊള്ളും. ഈ അവസ്ഥയില്‍ മറ്റേതെങ്കിലും കാണാനോ ഉള്ള ആഗ്രഹം കണ്ണുകള്‍ക്കില്ലാതെയാകും. ഈ യോഗസ്ഥിതിയ്ക്ക് ജാലന്ധര ബന്ധമെന്നുപറയുന്നു. മലദ്വാരം ഇടുക്കി നാഭിഭാഗം അല്പം ഉയര്‍ത്തി ഉദരം ഉള്ളിലേക്ക് അമര്‍ത്തി ഒരേ നിരപ്പില്‍ എത്തിക്കുമ്പോള്‍ ഹൃദയം സ്ഥിതിചെയ്യുന്നഭാഗം വികസിക്കുന്നു. മലദ്വാരത്തിനും നാഭിക്കും മദ്ധ്യേ രൂപംകൊള്ളുന്ന ഈ സ്ഥിതിക്ക് ഉഢ്യാനബന്ധമെന്ന് പറയുന്നു. ഈ ധ്യാനസ്ഥിതി മനസ്സിനെ അന്തര്‍മുഖമാക്കാന്‍ സഹായിക്കുന്നു.