ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 15

യുഞ്ജന്നേവം സദാത്മാനം
യോഗീ നിയതമാനസഃ
ശാന്തിം നിര്‍വ്വാണപരമാം
മത്സംസ്ഥാമധിഗച്ഛതി

മേല്‍പ്പറയപ്പെട്ടപ്രകാരം മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിച്ചുകൊണ്ട് മനസ്സിനെ അടക്കിയിരിക്കുന്ന യോഗി മോക്ഷാനുഭാവത്തിനുതകുന്നതും എന്റെ അധീനത്തിലുള്ളതുമായ ശാന്തിയെ പ്രാപിക്കുന്നു.

അര്‍ജ്ജുനാ, ശക്തിക്ക് അവളുടെ ഉര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍ ശരീരം രൂപമില്ലാതെ അദൃശ്യമായ ഒരവസ്ഥയെ പ്രാപിക്കുന്നു. ശരീരത്തിന് ഒട്ടാകെ ഒരു അരൂപാവസ്ഥ കൈവരുന്നുവെങ്കിലും അതിന് പഴയപോലെതന്നെ അവയവങ്ങള്‍ ഉണ്ടായിരിക്കും. ഈ അവസ്ഥ ശരീരത്തിന് ഉളവാകുന്ന ഒരു യോഗിയെ ആകാശസഞ്ചാരിയെന്നുവിളിക്കാം. അയാള്‍ക്ക് അത്ഭുതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നു. അയാള്‍ പാദങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ അഷ്ടസിദ്ധികള്‍ ഓരോ കാലടിയിലും അയാളെ സേവിക്കാനുണ്ടാകും. പക്ഷേ ഈ ശക്തികള്‍കൊണ്ട് നമുക്ക് എന്ത് പ്രയോജനമാണ്. അല്ലയോ അര്‍ജ്ജുനാ പൃഥ്വി അലിഞ്ഞുചേരുന്നു. ഹൃദയത്തിലെ അഗ്നി വായുവില്‍ അലിയുന്നു. അപ്പോള്‍ വായുമാത്രം ശരീരത്തിന്റെ രൂപത്തിലൂടെ അവശേഷിക്കുന്നു. അതും ബ്രഹ്മരന്ധ്രത്തിലെ ആകാശത്തില്‍ വിലയം കൊള്ളുന്നു.

ഈ ഘട്ടത്തില്‍ ശക്തി കുണ്ഡലിനി എന്നല്ല മാരുത എന്നാണ് അറിയപ്പെടുന്നത്. അപ്പോള്‍ ജാലന്ധരബന്ധം കൈവിട്ട് സുഷുമ്നാനാഡിയുടെ മേലെ അഗ്രം ഭേദിച്ച് തുറന്ന് അവള്‍ ബ്രഹ്മന്ധ്രത്തിലെ ചിദാകാശത്തില്‍ പ്രവേശിക്കുന്നു. ‘ഓം’കാരത്തിന്റെ പുറത്ത് കാല്‍വച്ച് അവള്‍ വചനത്തിന്റെ രണ്ടാം ഘട്ടമായ പശ്യന്തിയെ കടന്നുപോകുന്നു. ഒരു നദീസമുദ്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ അവള്‍ ‘ഓം’മിന്റെ പകുതി ചന്ദ്രക്കല ‘മാത്ര’യെ തുളച്ച് ചിദാകാശത്തിലേക്ക് പ്രവേശിക്കുന്നു. ബ്രഹ്മന്ധ്രത്തില്‍ നിവര്‍ന്നുനിന്ന് ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്ന ദൃഢമായ ബോദ്ധ്യത്തോടുകൂടി കരങ്ങള്‍ വിടര്‍ത്തി അവള്‍ ബ്രഹ്മത്തെ ആലിംഗനം ചെയ്യുന്നു. അപ്പോള്‍ പഞ്ചഭൂതങ്ങളായ മറ നശിക്കുകയും ശിവശക്തി ഐക്യം സംഭവിക്കുകയും ചെയ്യുന്നു. അവള്‍ ചിദാകാശത്തോടൊത്ത് ബ്രഹ്മത്തിന്റെ പരമാനന്ദത്തില്‍ വിലയം കൊള്ളുന്നു. കടല്‍വെള്ളം മേഘങ്ങളായി പരിണമിച്ച് പിന്നീട് മേഘങ്ങള്‍ നദികളിലേക്ക് ജലമായി വര്‍ഷിക്കപ്പെട്ട് വീണ്ടും സമുദ്രത്തില്‍ ചെന്നുചേരുന്നതുപോലെ, ശരീരമെടുത്തിരിക്കുന്ന ആത്മസത്ത മനുഷ്യശരീരത്തിലൂടെ ബ്രഹ്മത്തില്‍ പ്രവേശിച്ച് അതില്‍ വിലയംകൊള്ളുന്നു.

ഈ ഘട്ടത്തില്‍ ദ്വൈതമാണോ അദ്വൈതമാണോ ഉള്ളത് എന്നതിനെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും ചിന്തകളും അവസാനിക്കുന്നു. ചിദാകാശം ആകാശത്തില്‍ വിലയംകൊള്ളുന്ന ഈ സ്ഥിതി അനുഭവിക്കുന്ന ഒരാള്‍ പരമസത്യവുമായി ഒന്നാകുന്നു. സംഭാഷണത്തിലൂടെ വിശദീകരിക്കാനാവാത്ത വിധത്തിലുള്ള ഈ സ്ഥിതി വാക്കുകളാല്‍ പ്രകാശിപ്പിക്കുക അസാധ്യമാണ്. അല്ലയോ അര്‍ജ്ജുനാ, ഒരു ചിന്ത‌യെ ഏറ്റവും നന്നായി പ്രകാശിപ്പിക്കുവാനുള്ള ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന വചനത്തിന്റെ നാലാം ഘട്ട രൂപമായ വൈകരി പോലും ഇക്കാര്യത്തില്‍ മൂകമായിപ്പോകുന്നു. ഓംകാരത്തിന്റെ മൂന്നാം ശബ്ദമായ ‘മ്’കാരത്തിനുപോലും പുരികക്കൊടികളുടെ പിന്നിലുള്ള മേഖലയിലേക്ക് കടക്കുക പ്രയാസമാണ്. അതുപോലെ ചിദാകാശത്തിലേക്ക് പ്രവേശിക്കുവാന്‍ പ്രാണനും പ്രയാസം അനുഭവപ്പെടുന്നു. അതു ചിദാകാശത്തില്‍ ലയിക്കുമ്പോഴാകട്ടെ വാക്കുകളുടെ ആവിഷ്കാരശേഷി അവസാനിക്കുന്നു. നിര്‍വ്വികാരകല്പസത്തയിലെ അവ്യക്തതയുടെ അഗാധതകളില്‍നിന്നു വേര്‍തിരിക്കുവാന്‍ സാധ്യമല്ലാത്തവിധം ആകാശംപോലും അതിലോലമായിത്തീരുന്നു. അങ്ങനെയുള്ള സ്ഥിതിയില്‍ വാക്കുകള്‍കൊണ്ട്എന്തു പ്രയോജനമാണുള്ളത്? ഈ സ്ഥിതി വാക്കുകളുടേയും ശ്രവണത്തിന്‍റേയും പരിമിതിക്കുള്ളില്‍ കൊണ്ടുവരാന്‍ സാധ്യമല്ലതന്നെ. ഭാഗ്യം ലഭിക്കുകയാണെങ്കില്‍, അത് അനുഭവിക്കുവാന്‍ ഒരാള്‍ തയ്യാറാകുന്നുവെങ്കില്‍, അയാള്‍ അതോട് ഒന്നാകും. പിന്നെ അയാള്‍ക്കറിയാന്‍ മറ്റൊന്നും അവശേഷിക്കുന്നില്ല. അല്ലയോ വില്ലാളി! അതേപ്പറ്റി കൂടുതല്‍ പറയുന്നതില്‍ ഫലമൊന്നുമില്ല. വാക്കുകള്‍ പിന്‍തിരിഞ്ഞുപോകുന്ന ഒരു സ്ഥിതിയാണവിടെ. അവിടെ സങ്കല്പങ്ങള്‍ അവസാനിക്കുന്നു. ചിന്തയുടെ സീമയ്ക്ക് അപ്പുറമാണത്. ഇത് മനോലയത്തിന്റെ മനോഹരാവസ്ഥയാണ്. ബ്രഹ്മവുമായി ഒന്നാകുന്ന സമാധിയുടെ നിത്യയൗവനസ്ഥിതിയാണ്. അത് ആദിയില്ലാത്തതാണ്. അളന്നറിയാന്‍ അസാധ്യമായതാണ്. അതു പ്രപഞ്ചത്തിന്റെ കാറണമാണ്. യോഗതരുവിന്റെ കനിയാണ്. ആനന്ദത്തിന്റെ മഹാനുഭവം തന്നെയാണ്. എല്ലാരൂപങ്ങളും സ്ഥിതികളും, സ്വാതന്ത്ര്യവും, എല്ലാ തുടക്കവും ഒടുക്കവും അതില്‍ വിലയം കൊള്ളുന്നു. മഹാ പഞ്ചഭൂതങ്ങളുടെ ഉത്ഭവകാരണം ഈ ബ്രഹ്മമാണ്. അത് പ്രകാശങ്ങളുടെ പ്രകാശമാണ്. അല്ലയോ പാര്‍ത്ഥാ ചുരുക്കത്തില്‍ അത് എന്റെതന്നെ സത്തയാകുന്നു. എന്റെ ഭക്തന്മാരെ നാസ്തികള്‍ പീഢിപ്പിച്ചപ്പോള്‍ നാലുകരങ്ങളോടുകൂടിയ കമനീയമായ മനുഷ്യരൂപം കൈക്കൊണ്ട് ഞാന്‍ അവതരിച്ചു. അവര്‍ണ്ണനീയമായ ആ ആനന്ദം അനുഭവിക്കുവാനായാണ് മനുഷ്യന്‍ അനവരതം അതിനായി പ്രയത്നിക്കുകയും ആ ആനന്ദത്തില്‍ നിമഗ്നരാവുകയും ചെയ്യുന്നത്. ഞാന്‍ വിശദീകരിച്ച ഈ യോഗം പരിശീലിച്ചിട്ടുള്ളവര്‍ പവിത്രരായി എന്നെപ്പോലെ തന്നെയായിത്തീരുന്നു. പരമാര്‍ത്ഥസത്തയില്‍ നിന്ന്, പരംപൊരുളില്‍ നിന്ന് ആവിഷ്കരിക്കപ്പെട്ട്, മനുഷ്യരൂപത്താല്‍ ആവരണം ചെയ്യപ്പെട്ടവരെപ്പോലെ അവരുടെ ശരീരം ദിവ്യപ്രഭ ചിന്നുന്നു. ആ അനുഭവം മനുഷ്യനെ പ്രകാശമാനമാക്കുന്നതോടെ ഈ മായാപ്രപഞ്ചം അവസാനിക്കുന്നു.

ബദ്ധശ്രദ്ധനായി ഭഗവാന്റെ വാക്കുകള്‍ കേട്ടുകൊണ്ട നിന്ന അര്‍ജ്ജുനന്‍ പറഞ്ഞു; അല്ലയോ ഭഗവാനേ, അങ്ങുപറഞ്ഞതെല്ലാം ശരിതന്നെ. അങ്ങ് ഉപദേശിച്ച ഈ മാര്‍ഗ്ഗം പിന്തുടരുന്നതായാല്‍ ഒരാള്‍ക്ക് ബ്രഹ്മബോധത്തിലെത്താം എന്നുള്ളത് വ്യക്തമാണ്. ഈ യോഗമാര്‍ഗ്ഗം നിശ്ചയദാര്‍ഢ്യത്തോടെ പരിശീലിക്കുന്നവന്‍ ബ്രഹ്മപദത്തെ പ്രാപിക്കുമെന്ന് അങ്ങയുടെ വാക്കുകളില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങുപറയുന്നത് ശ്രവിച്ചപ്പോഴാണ് എനിക്കത് ബോധ്യമായത്. അത് അനുഭവിച്ചവര്‍ അതുമായി ഐക്യം പ്രാപിക്കാതിരിക്കുന്നതെങ്ങനെ? അതില്‍ ശംശയത്തിനവകാശമില്ല. എങ്കിലും എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ അങ്ങ് ദയവായി കേള്‍ക്കുക.

അങ്ങ് വിവരിച്ച ഈ യോഗമാര്‍ഗ്ഗം വളരെ ആകര്‍ഷകമായി എനിക്ക് തോന്നുന്നു. പക്ഷേ, വേണ്ട യോഗ്യതയില്ലാത്തതിനാല്‍ ഇത് പരിശീലിക്കുവാന്‍ എനിക്കു കഴിവുണ്ടാകുമെന്ന് തോന്നുന്നില്ല. എന്റെ ശക്തിമുഴുവന്‍ ഈ മാര്‍ഗ്ഗം അതിന്റെ അവസാനം വരെ തുടരാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്. പക്ഷേ എന്റെ കഴിവിനപ്പുറമാണ് ഈ യോഗമാര്‍ഗ്ഗമെന്ന് അങ്ങേയ്ക്ക് തോന്നുന്നുവെങ്കില്‍ എന്റെ പരിമിതമായ കഴിവില്‍ ഒതുങ്ങുന്ന ഒരു വഴി എനിക്കു പറഞ്ഞു തന്നാലും. അങ്ങ് ഉപദേശിച്ചുതന്ന ഈ യോഗമാര്‍ഗ്ഗം വളരെ ശ്രദ്ധാപൂര്‍വ്വം ഞാന്‍ കേട്ടു. പക്ഷേ അതു പരിശീലിക്കുവാന്‍ എല്ലാവര്‍ക്കും കഴിയുമോ? അതോ അതിന് അനുയോജ്യമായ കഴിവുള്ളവര്‍ക്കേ അതു സാധ്യമാവുകയുള്ളോ?

ഭഗവാന്‍ അര്‍ജ്ജുനന്റെ സംശയം കേട്ട് പുഞ്ചിരിയോടെ പ്രതിവചിച്ചു:

അല്ലയോ അര്‍ജ്ജുനാ ഇതെന്തു ചോദ്യമാണ്? ഈ യോഗത്തിന്റെ പരിശീലനം പരമ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും പക്ഷേ സാധാരണ പ്രവൃത്തികള്‍പോലും വേണ്ട കഴിവില്ലെങ്കില്‍ വിജയിക്കുമോ? ഒരു പ്രയത്നത്തിന്റെ വിജയത്തിലൂടെ മാത്രമേ ഒരാളുടെ കഴിവ് തിട്ടപ്പെടുത്തുവാന്‍ നമുക്ക് കഴിയൂ. അതിനുള്ള കഴിവുണ്ടെങ്കില്‍ മാത്രമേ ആ പ്രവൃത്തി വിജയിക്കുകയുള്ളൂ. ആഗ്രഹിച്ചതുകൊണ്ടുമാത്രം സിദ്ധിക്കുന്ന ഒന്നല്ല കഴിവ്. ഖനനം ചെയ്തെടുക്കാവുന്ന കഴിവിന്റെ ഏതെങ്കിലും ഒരു ഖനി ഉണ്ടോ? സ്വധര്‍മ്മം നിസ്സംഗതയോടെ ഭംഗിയായി നിര്‍വ്വഹിക്കുന്ന ഒരാള്‍ കഴിവ് ആര്‍ജ്ജിക്കുകയില്ലേ? ഈ മാര്‍ഗ്ഗത്തിലൂടെ നിനക്കും ആ കഴിവ് ആര്‍ജ്ജിക്കുകയില്ലേ? ഈ മാര്‍ഗ്ഗത്തിലൂടെ നിനക്കും ആ കഴിവ് ആര്‍ജ്ജിക്കാന്‍ കഴിയും. എന്നാല്‍ കഴിവിനെ സംബന്ധിച്ച് ഒരു പ്രത്യേക നിയമം ഉണ്ട്. സ്വധര്‍മ്മം നിര്‍വ്വഹിക്കാതിരിക്കുന്ന ഒരാള്‍ക്ക് അത് ലഭിക്കുകയില്ല.