ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 32
ആത്മൗപമ്യേന സര്‍വ്വത്ര
സമം പശ്യതി യോ ഽര്‍ജ്ജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ
അല്ലയോ അര്‍ജ്ജുന, യാതൊരുവന്‍ സകല ജീവജാലങ്ങളിലും സുഖമാകട്ടെ, തനിക്കുള്ളതുപോലെ സമമായി ദര്‍ശിക്കുന്നുവോ, ആ യോഗി എല്ലാവരിലും വെച്ച് ഉത്കൃഷ്ടനാണെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചവും അതിലുള്ള സകല ചരാചരങ്ങളും താന്‍തന്നെയാണെന്ന് ആലോകനം ചെയ്യുന്ന അവന്‍, പുണ്യപാപങ്ങളിലും സുഖദുഃഖങ്ങളിലും നന്മതിന്മകളിലും യാതൊരന്തരവും കാണുന്നില്ല. ഏകവും ദ്വന്ദ്വവുമായ എല്ലാ വസ്തുക്കളും അവസ്ഥകളും അവന്റെ സ്വന്തം ശരീരാവയവങ്ങള്‍പോലെ അവന്‍ ഗണിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തില്‍ അതിവസിക്കുന്നതുകൊണ്ട് ലൗകികദൃഷ്ട്യാ അവന്‍ സുഖവും ദുഃഖവും അനുഭവിക്കുന്നുവെന്ന് ആളുകള്‍ കരുതുമ്പോഴും അവന്‍ അതിനെല്ലാം അതീതനായി, ജഗത്രയങ്ങള്‍ താനാണെന്നുള്ള അനുഭവജ്ഞാനം സമ്പാദിച്ച് ബ്രഹ്മമായിത്തന്നെ വര്‍ത്തിക്കുന്നു. അതുകൊണ്ട് അല്ലയോ അര്‍ജ്ജുന, നീ നിന്നില്‍ സമഭാവന വളര്‍ത്തിയെടുക്കണം. അപ്പോള്‍ ത്രിഭുവനങ്ങളും നീ തന്നെയാണെന്നുള്ള ഉള്‍ക്കാഴ്ച നിനക്കു സിദ്ധമാകും ഈ കാരണംകൊണ്ടാണ് സമചിത്തതയെക്കാള്‍ ശ്രേഷ്ഠമായ ഒരു കാര്യം ഈ ലോകത്തിലില്ലെന്ന് ഞാന്‍ അനവരതം ഊന്നിപ്പറയുന്നത്.