ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 40

ശ്രീ ഭഗവാന്‍ ഉവാച:

പാര്‍ത്ഥ! നൈവേഹ നാമുത്ര
വിനാശസ്തസ്യ വിദ്യതേ
നഹി കല്യാണകൃത് കശ്ചിത്
ദുര്‍ഗ്ഗതിം താത ഗച്ഛതി

പാര്‍ത്ഥ, ഇഹലോകത്തിലാകട്ടെ പരലോകത്തിലാകട്ടെ യോഗഭ്രഷ്ടന് ഒരു നാശവും ഉണ്ടാകുന്നതേയില്ല. ഹേ വത്സ, ചിത്തശുദ്ധിയെ മുന്‍നിര്‍ത്തി ശുഭകര്‍മ്മം ചെയ്യുന്ന ഒരുവനും ഒരിക്കലും ദുര്‍ഗ്ഗതിയെ പ്രാപിക്കുന്നില്ല.

അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു. അല്ലയോ പാര്‍ത്ഥ, മോക്ഷസുഖത്തിനായി ഉല്‍ക്കടമായ ഇച്ഛയുള്ള ഒരുവന്‍ എങ്ങനെയാണ് അവന്റെ ലക്ഷ്യമായ മോക്ഷത്തില്‍ എത്താതിരിക്കുന്നത്? അവന്‍ യോഗപരിശീലനം കുറേക്കൂടി ദ്രുതഗതിയില്‍ അനുഷ്ഠിച്ചിരുന്നുവെങ്കില്‍ അവന്റെ ഭൂലോകയാത്ര അവസാനിക്കുന്നതിനുമുമ്പുതന്നെ അവന് ബ്രഹ്മസിദ്ധി ലഭിക്കുമായിരുന്നു. എന്നാല്‍ അവന്റെ പ്രയത്നത്തില്‍ പ്രമാദം സംഭവിച്ചതുകൊണ്ട് യാത്രാമദ്ധ്യേ അവനു വഴിയില്‍ തങ്ങേണ്ടിവന്നു. അവന്റെ യാത്രയില്‍ അവന്‍ വിശ്രമിക്കുന്നുവെന്നതു മാത്രമേ സംഭവിക്കുന്നുള്ളൂ. ആ അവസ്ഥയിലും അവന്‍ അനുഭവിക്കുന്ന ആന്ദം ദേവകള്‍ക്കുപോലും അലബ്ധമാണ്. ഏതായാലും അവസാനം മോക്ഷം ലഭിക്കുന്നതിന് അവന്‍ വിധിക്കപ്പെട്ടിട്ടുള്ളവനാണ്.