ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 8 ,9
രസോഽഹമപ്സു കൗന്തേയ
പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃസര്‍വ്വവേദേഷു
ശബ്ദഃ ഖേ പൗരുഷം നൃഷു
പുണ്യോ ഗന്ധഃ പൃഥിവ്യാം ച
തേജശ്ചാസ്മി വിഭാവസൗ
ജീവനം സര്‍വ്വഭൂതേഷു
തപശ്ചാസ്മി തപസ്വിഷു
അല്ലയോ അര്‍ജ്ജുന, വെള്ളത്തിലുള്ള രസം ഞാനാകുന്നു. സകല വേദങ്ങളിലുമുള്ള ഓങ്കാരവും ആകാശത്തിലുള്ള ശബ്ദവും പുരുഷന്മാരിലുള്ള പൗരുഷവും ഞാന്‍തന്നെയാകുന്നു.
ഭൂമിയിലുള്ള സുഗന്ധവും അഗ്നിയിലുള്ള പ്രകാശവും ഞാനാകുന്നു. അപ്രകാരംതന്നെ യാതൊരു നിമിത്തമായിട്ടാണ് സകലപ്രാണികളഉം ജീവിക്കുന്നത്, ആ പ്രാണനും തപസ്വികളിലുള്ള തപസ്സും ഞാനാകുന്നു.
ജലത്തിന്റെ രസവും വായുവിന്റെ സ്പര്‍ശവും സൂര്യചന്ദ്രന്മാരിലുള്ള പ്രകാശവും ഞാനാണെന്നറിയുക. ഭൂമിയുടെ ഗന്ധവും ആകാശത്തിലുള്ള ശബ്ദവും വേദങ്ങളിലുള്ള ഓംകാരവും ഞാനാകുന്നു. അഹങ്കാരത്തിന്റെ കാതലായി മനുഷ്യനില്‍ കാണുന്ന പൗരുഷം ഞാന്‍ തന്നെയാണെന്നു നിന്നോടു പറയട്ടെ. അഗ്നിയുടെ ആവരണം എടുത്തുമാറ്റുമ്പോള്‍ യഥാര്‍ത്ഥതേജസ്സ് ദൃശ്യമാകുന്നു. ആ തേജസ്സ് ഞാനാകുന്നു. ജഗത്തിലൊട്ടാകെ വിവിധ വര്‍ഗ്ഗങ്ങളിലായി ജീവജാലങ്ങള്‍ ജനിക്കുകയും വിവിധരീതിയില്‍ അവ നിലനില്‍ക്കുകയും ചെയ്യുന്നു. അവയുടെ സഹജമായ പ്രകൃതം അനുസരിച്ച് ചിലത് വായുവിനേയും ചിലത് പുല്ലിനേയും ചിലത് ആഹാരത്തേയും മറ്റു ചിലത് വെള്ളത്തേയും ആശ്രയിച്ചു ജീവിക്കുന്നു. ഇപ്രകാരം ഓരോ ജീവിയിലും വ്യത്യസ്തമായി കാണുന്ന ജീവിതമാര്‍ഗ്ഗം സ്വാഭാവികമാണെന്നു തോന്നുന്നുണ്ടെങ്കിലും ആ ജീവിതമാര്‍ഗ്ഗങ്ങളിലെല്ലാം ഞാന്‍ അഭിന്നമായി അധിവസിക്കുന്നു.