ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 14

ദൈവീ ഹ്യേഷാ ഗുണമയീ
മമ മായാ ദുരത്യയാ
മമേവ യേ പ്രപദ്യന്തേ
മായാമേതാം തരന്തി തേ

അത്യത്ഭുതമായും ഗുണത്രയരൂപമായുമിരിക്കുന്ന ഈ മായാശക്തിയെ അതിക്രമിക്കുവാന്‍ വളരെ പ്രയാസമാകുന്നു. എങ്കിലും ആരൊക്കെ പരമാത്മാവായ എന്നെത്തന്നെ സര്‍വാത്മനാ ശരണം പ്രാപിക്കുന്നുവോ അവരൊക്കെ ഈ മായയെ കടക്കാന്‍ കഴിവുള്ളവരായിത്തീരുന്നു.

അല്ലയോ ധനഞ്ജയ, ഈ മായയെ കീഴടക്കി എങ്ങനെ എന്റെ ശാശ്വതസ്വരൂപവുമായി ഒന്നുചേരാന്‍ കഴിയുമെന്നുള്ളതാണു പ്രശ്നം. പരബ്രഹ്മമാകുന്ന പര്‍വ്വതത്തിന്റെ ഉന്നതതലങ്ങളില്‍ നിന്നു മായയാകുന്ന നദി ഒരു ചെറിയ അരുവിയായി ആരംഭിക്കുന്നു. ഇതില്‍ ചെറിയ ചെറിയ കുമിളകളായി പഞ്ചഭൂതങ്ങള്‍ കാണപ്പെടുന്നു. പ്രപഞ്ച സൃഷ്ടികളുടെ മദ്ധ്യത്തില്‍ക്കൂടി താഴോട്ടുവരുന്ന ഇതിന്റെ വേഗത കാലക്രമേണ വര്‍ധിക്കുകയും പ്രവൃത്തിയുടേയും നിവൃത്തിയുടേയും ഉയര്‍ന്ന ഇരുകരകള്‍ക്കുമിടയില്‍കൂടി ശക്തിയായി താഴോട്ട് ഒഴുകുകയും ചെയ്യുന്നു. സത്വരജസ്തമോഗുണങ്ങളാകുന്ന കാര്‍മേഘങ്ങളില്‍നിന്നുചൊരിയുന്ന ഘോരമാരിയുടെ ഫലമായി ഈ നദിയിലുണ്ടാകുന്ന മോഹത്തിന്റെ വെള്ളപ്പൊക്കം അതിന്റെ ഇരുകരകളിലുമുള്ള, ചിത്തസംയമനം, ഇന്ദ്രിയനിഗ്രഹണം എന്നിവയാകുന്ന പട്ടണങ്ങളെ കുത്തിയൊലിപ്പിച്ചു കൊണ്ടുപോകുന്നു. ഈ നദിയില്‍ ദ്വേഷത്തിന്‍റേയും കൗടില്യത്തിന്‍റേയും നീര്‍ച്ചുഴികള്‍ ധാരാളമായി കാണാം. ഗര്‍വ്വമാകുന്ന ഭീകരമത്സ്യം ഇതില്‍ നീന്തിതുടിക്കുന്നു. അസൂയയും സ്പര്‍ദ്ധയും ഈ നദിക്കു വക്രഗതി വരുത്തുന്നു. അനിവാര്യമായ കുടുംബജീവിതം ഇതിനു പല വളവുകളും തിരിവുകളും ഉണ്ടാക്കുന്നു. കര്‍മ്മവും അകര്‍മ്മവുമാകുന്ന ജലം തിങ്ങിനിറഞ്ഞിരിക്കുന്ന ഇതിന്റെ മുകള്‍പ്പരപ്പില്‍ക്കൂടി ഉണകിയ ഇലകളും മറ്റു ചപ്പുചവറുകളുമാകുന്ന സുഖവും ദുഃഖവും പൊങ്ങിയൊഴുകി നടക്കുന്നു. ഈ നദിയുടെ തിട്ടയില്‍ രൂപംകൊണ്ടിരിക്കുന്ന ജഡികസ്നേഹമാകുന്ന തുരുത്തില്‍ കാമവികാരങ്ങളുടെ അലകള്‍ അടിച്ചുകയറുന്നു. നുരയും പതയുമാകുന്ന ജീവജാലങ്ങളുടെ ശേഖരം അവിടെ കുമിഞ്ഞുകൂടുന്നു. അഹംഭാവത്തിന്റെ ഭ്രാന്തമായ ലീലാവിലാസങ്ങള്‍കൊണ്ടുണ്ടാകുന്ന, അറിവിന്‍റേയും കുലത്തിന്‍റേയും ധനത്തിന്‍റേയും ഔദ്ധത്യം ഈ നദിയില്‍ പതഞ്ഞുപൊങ്ങുന്നു. അതില്‍നിന്ന് ഇന്ദ്രിയവിഷയങ്ങളുടെ തരംഗങ്ങള്‍ ഉയരുന്നു. സൂര്യോദയവും സൂര്യാസ്തമയവും (ദിനരാത്രങ്ങള്‍) ആകുന്ന വെള്ളപ്പൊക്കം ജനനമരണങ്ങളുടെ കാലചക്രമാകുന്ന അഗാധതലങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ പഞ്ചഭൂതങ്ങളാകുന്ന കുമിളകള്‍ ശരീരങ്ങളായി വരുകയും പോവുകയും ചെയ്യുന്നു. അവിവേകവും വിഭ്രമവും ആകുന്ന മത്സ്യങ്ങള്‍ ധാര്‍മ്മിക ധീരതയാകുന്ന മാംസത്തെ വെട്ടിവിഴുങ്ങുകയും അജ്ഞതയുടെ നീര്‍ച്ചുഴികള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. വിഭ്രാന്തിയാകുന്ന മലിനജലത്തിലും ആഗ്രഹങ്ങളാകുന്ന ചെളിയിലും പൂണ്ടുകിടക്കുന്ന രജോഗുണത്തിന്റെ കളകളാരവം സ്വര്‍ഗ്ഗത്തില്‍ മാറ്റൊലിക്കൊള്ളുന്നു. തമോഗുണത്തിന്റെ നീരൊഴുക്ക് അതില്‍ ശക്തമാണ്. സത്വഗുണത്തിന്റെ പരിശുദ്ധവും സ്വച്ഛവുമായ ജലം ഇതിന്റെ അഗാധതലത്തിലാണ്. ഈ നദികടക്കുക ഏറ്റവും പ്രയാസമായ കാര്യമാണ്. ജനനമരണങ്ങളാകുന്ന മഹാവീചികളുടെ നിരന്തരമായ പ്രവാഹംകൊണ്ട് സത്യലോകത്തിലെ കോട്ടകൊത്തളങ്ങള്‍ പോലും ഒലിച്ചുപോകുന്ന പ്രപഞ്ചഗോളങ്ങളാകുന്ന മഹാശിലകള്‍ ഈ വീചികളില്‍പ്പെട്ടുരുളുന്നു. മായാനദിയിലെ പ്രളയജലം ഒടുങ്ങാത്ത ശക്തിയോടെ അനവരതം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്ക് ഇതിനെ കടക്കാന്‍ കഴിയും?

ഈ നദി കടക്കുന്നതിനു നടത്തുന്ന ശ്രമങ്ങള്‍തന്നെ അതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നുള്ള വിചിത്രമായ അവസ്ഥയാണുളവാക്കുന്നത്. ബുദ്ധിശക്തിയെ അവലംബമാക്കി ഇതിലേക്ക് എടുത്തുചാടിയിട്ടുള്ളവരെ പിന്നീടു കാണാന്‍തന്നെ കഴിഞ്ഞിട്ടില്ല. ആത്മധൈര്യത്തെ ഉപാധിയാക്കി ഇതു നീന്തിക്കടക്കാന്‍ ശ്രമിച്ചവര്‍ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. വിദ്യകൊണ്ടുണ്ടായ അഹംഭാവത്തിന്റെ ശിലകള്‍ വെച്ചു കെട്ടിക്കൊണ്ടു വേദത്തിന്റെ ചങ്ങാടത്തില്‍ കയറി ഈ നദി കടക്കാന്‍ ശ്രമിച്ചവരെ ഔദ്ധത്യമാകുന്ന മത്സ്യങ്ങള്‍ വെട്ടിവിഴുങ്ങിക്കളഞ്ഞു. യൗവനത്തിന്റെ ബലത്തില്‍ കാമാസക്തിയോടെ ഇതിലിറങ്ങിയിരിക്കുന്നവരെ വിഷയസുഖങ്ങളാകുന്ന ചീങ്കണ്ണികള്‍ വേട്ടയാടി. അതില്‍ നിന്നു രക്ഷപ്പെട്ടവര്‍ വാര്‍ദ്ധക്യത്തിന്റെ വേലിയേറ്റത്തില്‍പ്പെട്ടു മുങ്ങിപ്പോയി. ശോകത്തിന്റെ പാറക്കെട്ടുകളില്‍ അടിപ്പെട്ട് ക്രോധത്തിന്റെ ചെളികുണ്ടില്‍കിടന്നു ശ്വാസംമുട്ടിയ അവര്‍, തല ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, അവരുടെ ശിരസ്സ് കാലദോഷമാകുന്ന കഴുകന്‍ കൊത്തിവലിച്ചു. ദുഃഖത്തിന്റെ ചതുപ്പുനിലത്തില്‍ അകപ്പെട്ടുപോയ അവര്‍ മരണത്തിന്റെ മണല്‍ത്തിട്ടയില്‍ അടിഞ്ഞുകൂടി. അങ്ങനെ യൗവനത്തിന്റെ വിഷയസുഖങ്ങളില്‍ മുഴുകിയവരുടെ ജീവിതം എന്നന്നേയ്ക്കും വ്യര്‍ത്ഥമായി. യജ്ഞങ്ങളാകുന്ന പൊങ്ങുതടിയുടെ സഹായത്തോടെ ഈ നദി കടക്കാന്‍ ശ്രമിച്ചവര്‍ സ്വര്‍ഗ്ഗീയ സുഖങ്ങളാകുന്ന പാറയുടെ ഇരുണ്ട പിളര്‍പ്പുകളില്‍ പെട്ടുപോയി. കര്‍മ്മം ആയുധമാക്കി മോക്ഷപ്രാപ്തി ഇച്ഛിച്ചവര്‍ വിഹിതകര്‍മ്മങ്ങളുടേയും നിഷിദ്ധകര്‍മ്മങ്ങളുടേയും ചുഴിയില്‍പ്പെട്ട് മറുകരയെത്താന്‍ കഴിയാത്തവരായിത്തീര്‍ന്നു. വൈരാഗ്യത്തിന്റെ വള്ളത്തിന് ഈ നദിയുടെ ഒഴുക്കില്‍ പ്രവേശിക്കുന്നതിനോ, വിവേകത്തിന്റെ വടം ഇതിന്റെ മറുകരയില്‍ കെട്ടുന്നതിനോ സാധ്യമല്ല. ഒരു പക്ഷേ അഷ്ടാംഗയോഗംകൊണ്ട് ഒരുവന് ഈ നദികടക്കാന്‍ കഴിഞ്ഞെന്നുവരാം.

ഒരുവന്റെ സ്വന്തമായ പരിശ്രമംകൊണ്ട് മായയാകുന്ന ഈ നദിയടെ മറുകരയെത്താന്‍ കഴിയുമെന്നു പറയുന്നത് അര്‍ത്ഥശൂന്യമാണ്. ഒരുവനു പത്ഥ്യാഹാരങ്ങള്‍ കഴിക്കാതെ രോഗത്തില്‍നിന്നു മോചിതനാകാന്‍ കഴിയുമെങ്കില്‍ ഒരു പുണ്യാത്മാവിന് ദുഷ്ടന്റെ ദുഷ്ചിന്തകള്‍ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍, ഒരു ചോരന് ധൈര്യമായി പൊതുസ്ഥലങ്ങളില്‍ പരസ്യമായി പ്രത്യക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ ഒരു മത്സ്യത്തിനു ചൂണ്ടവിഴുങ്ങിയിട്ടും രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍, ഒരുഭീരുവിന് പിശാചിനെ കീഴടക്കാന്‍ കഴിയുമെങ്കില്‍, വേടന്റെ വലയില്‍വീണ മാന്‍കിടാവിന് ആ വലപൊട്ടിച്ചു രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍, മാത്രമേ ഒരുവന് മായാനദിയുടെ മറുകരയെത്തുവാന്‍ സാധ്യമാകയുള്ളൂ. വിഷയാസക്തനായ ഒരു പുരുഷനു സുന്ദരിയായ സ്ത്രീയോടുള്ള അഭിനിവേശം നിയന്ത്രിക്കുന്നതിനോ നശിപ്പിക്കുന്നതിനോ കഴിയാത്തതുപോലെ ഒരു ജീവിക്കു മായാനദി കടക്കുവാന്‍ കഴിയുകയില്ല. അല്ലയോഅര്‍ജ്ജുന, എന്നെ ഭക്തിപൂര്‍വ്വം ശരണം പ്രാപിച്ചിട്ടുള്ളവര്‍ മാത്രമേ ഈ നദി കടക്കുന്നതില്‍ വിജയിച്ചിട്ടുള്ളൂ. അങ്ങനെയുള്ളവര്‍ക്ക് ഇക്കരെ നില്‍ക്കുമ്പോള്‍ത്തന്നെ മായാനദിയിലെ ജലം വറ്റിയതായി അനുഭവപ്പെടുന്നതുകൊണ്ട് അതു കടക്കേണ്ട ആവശ്യം തന്നെ ഉണ്ടാവുകയില്ല.

ആഗ്രഹങ്ങള്‍ കൈവെടിഞ്ഞ്, അഹംഭാവത്തിന്റെ ഭാരം വലിച്ചെറിഞ്ഞ്, ഇന്ദ്രിയവിഷയങ്ങളോടുള്ള മമത ഉപേക്ഷിച്ച്, സംശയത്തിന്‍റേയും മായാമോഹത്തിന്‍റേയും ഒഴുക്കില്‍നിന്നു രക്ഷപ്പെട്ട് വാസനാബന്ധങ്ങളുടെ വശീകരണ കൊടുംകാറ്റില്‍പ്പെട്ടുലയാതെ, ആത്മാനുഭവമാകുന്ന ശക്തമായ അരപ്പട്ട ധരിച്ച്, ആത്മസാക്ഷാല്‍ക്കാരത്തിന്റെ ചങ്ങാടത്തില്‍ കയറി ഞാന്‍ ബ്രഹ്മമാകുന്നു എന്ന ഉത്തമവിശ്വാസത്തോടെ, ഒരു ഗുരുവിന്റെ മാര്‍ഗ്ഗദര്‍ശനത്തില്‍, പരിത്യാഗമാകുന്ന കൈകള്‍കൊണ്ടു തുഴഞ്ഞാല്‍ നിഷ്പ്രയാസം ഈ നദി കടന്നു മറുകരയായ നിവൃത്തിസ്ഥാനത്ത് എത്താന്‍ കഴിയും. ഇപ്രകാരം എന്നെ ശണം പ്രാപിക്കുന്നവര്‍ മായയെ കടന്നു കയറുന്നു. എന്നാല്‍ അപ്രകാരമുള്ള ഭക്തന്മാര്‍ വളരെ അപൂര്‍വ്വമാണ്.